Bigg Boss Malayalam Season 5: ബിഗ് ബോസ് മത്സരത്തിലെ മിക്ക സീസണുകളിലും ചില കോമ്പോകൾ ഹിറ്റാകാറുണ്ട്. ചിലർ മനപൂർവ്വം കോമ്പോകൾ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ മറ്റു ചിലരുടെ കോമ്പിനേഷനുകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് അതങ്ങ് ഹിറ്റാക്കി വിടും. അത്തരത്തിൽ അഞ്ചാം സീസണിൽ ഹിറ്റാകാൻ സാധ്യതയുള്ളൊരു കോമ്പിനേഷനാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിലുള്ള ടോം ആൻഡ് ജെറി ഫൈറ്റുകൾക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. എന്തിനു പറയുന്നു ഇന്നലത്തെ എപ്പിസോഡിൽ ജയിൽ നോമിനേഷനിൽ ശോഭയും അഖിലും ഉൾപ്പെട്ടപ്പോൾ അവർ ജയിലിൽ ഒരുമിച്ചു പോകണമെന്ന് ആഗ്രഹിച്ച പ്രേക്ഷകരുമുണ്ട്.
ശോഭയെ പ്രവോക്ക് ചെയ്യാനായി അഖിൽ മനപൂർവ്വമായി ഓരോന്ന് പറയുമ്പോൾ അതിനെ കുറിച്ച് പറഞ്ഞ് ഇരുവരും വഴക്കടിക്കുന്നത് കാണാൻ നല്ല രസമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതാ വീണ്ടും അത്തരത്തിലൊരു വഴക്ക് ബിഗ് ബോസ് ഹൗസിൽ രൂപപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത്തവണ ശോഭ കുറച്ച് സീരിയസാണെന്ന് മാത്രം. “അഖിലേ നിന്റെ അന്ത്യ കണ്ടിട്ടേ ഞാൻ ഹൗസിൽ നിന്ന് പോകൂ” എന്നാണ് ശോഭ പറയുന്നത്.
ശോഭയെ കളിയാക്കുന്നതു പോലെയാണ് അഖിൽ അധികവും സംസാരിക്കാറുള്ളത് എന്നാൽ ഒരുപാടായി താൻ സഹിക്കുന്നെന്നും ഇനി ഇത് പറ്റില്ലെന്നുമാണ് ശോഭ പറയുന്നത്. ഇരുവരുടെയും വഴക്കിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ശോഭ പറയുമ്പോൾ ചിരിയോടെയാണ് അഖിൽ അതെല്ലാം നേരിടുന്നത്. ബിഗ് ബോസ് ഹൗസിലിപ്പോൾ അഖിലിന് ഒരേയൊരു എതിരാളിയേയുള്ളൂ അത് ശോഭയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറി എന്നാണ് പ്രേക്ഷകർക്കിടയിൽ അഖിൽ മാരാരും ശോഭ വിശ്വനാഥും അറിയപ്പെടുന്നത്. വിഷ്ണു, മിഥുൻ, ഷിജു എന്നിവർ അടങ്ങിയ ബോയ്സ് ടീമിനൊപ്പമാണ് അഖിൽ കൂടുതലും സൗഹൃദം പങ്കിടുന്നത്. ശോഭയാവട്ടെ എല്ലാവരോടും ഒരുപോലെ സൗഹൃദം പുലർത്തുന്ന വ്യക്തിയാണ്. ഇതിനിടയിലും അഖിലും ശോഭയും തമ്മിൽ രസകരമായൊരു സൗഹൃദം പങ്കിടുന്നുണ്ട്. എപ്പോഴും ശോഭയെ ഇറിറ്റേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഒരാളാണ് അഖിൽ. ഉരുളയ്ക്ക് ഉപ്പേരി മറുപടികളുമായി ശോഭയും വിട്ടുകൊടുക്കാറില്ല. പലപ്പോഴും ഇരുവരും തമ്മിൽ വഴക്കാണെങ്കിലും കൗണ്ടറുകളും തമാശകളുമൊക്കെയായി ഈ കോമ്പോ പലപ്പോഴും സ്ക്രീൻ സ്പേസ് കവരുന്നുണ്ട്, പ്രത്യേകിച്ചും ലൈവിൽ.