ബിഗ് ബോസ് ഹൗസിലേക്ക് ആദ്യ വൈൽഡ് കാർഡ് എൻട്രിയായെത്തിയ മത്സരാർത്ഥിയാണ് ഹനാൻ. ഹൗസിലെത്തി രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഹാനാനു വീടു വിട്ടു പോകേണ്ടി വന്നു. ശാരീരിക അസ്വസ്ഥകൾ മൂലം ഡോക്ടർമാർ നിർദ്ദേശിച്ചതിനു പിന്നാലെയാണ് ഹനാൻ മത്സരം അവസാനിപ്പിച്ചത്.
ഹനാന്റെ ഹൗസിലുള്ള പെരുമാറ്റം കണ്ട് മത്സരാർത്ഥികളും പ്രേക്ഷരും സംശയത്തിലായിരുന്നു. ഹനാനു മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാൽ ഒറ്റയ്ക്കിരുന്ന് സംസാരിച്ചതും ഭക്ഷണം കഴിക്കാതിരുന്നതും തന്റെ ഗെയിം സ്റ്റ്‌ട്രാറ്റജിയാണെന്ന് പറയുകയാണ് ഹനാൻ. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഹനാൻ കാര്യങ്ങൾ വ്യക്തമാക്കിയത്.
“ഞാനൊരു ടോം ആൻഡ് ജെറി ഗെയിമാണ് അവിടെ കളിച്ചത്. ഞാൻ ജെറിയും ബിഗ് ബോസ് ടോമുമായി സങ്കൽപ്പിച്ചു. രാത്രി ഉറങ്ങാതിരുന്ന് ഞാൻ ബിഗ് ബോസ് ഹൗസ് നിരീക്ഷിക്കുകയായിരുന്നു. ആ വീട്ടിലെ പില്ലോയിലുള്ള ചിത്രങ്ങൾക്കു പോലും കുറെ അർത്ഥങ്ങളുണ്ട്. ഒറ്റയ്ക്കിരുന്ന് സംസാരിച്ചത് എന്റെ ടോം ആൻഡ് ജെറി സ്റ്റ്‌ട്രാറ്റജിയുടെ ഭാഗമായിരുന്നു. അതിൽ മറ്റ് മത്സരാർത്ഥികളുടെ യഥാർത്ഥ മുഖം പുറത്തേയ്ക്ക് കൊണ്ടു വരാൻ സാധിക്കുകയും എന്റെ സ്റ്റ്‌ട്രാറ്റജി വിജയിക്കുകയും ചെയ്തു” ഹനാൻ പറയുന്നു. ബിഗ് ബോസ് ഹൗസിലെ അംഗങ്ങളുടെ നല്ല വശങ്ങളെ കുറിച്ച് പറയാനാണ് താൻ ശ്രമിച്ചതെന്നും ഒരു നല്ല സന്ദേശം നൽകുന്ന ഷോയാണ് ബിഗ് ബോസെന്നും ഹനാൻ പറഞ്ഞു.
ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലുള്ള പേരുകളിൽ ഒന്നാണ് ഹനാനിന്റേത്. സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. പിന്നീട് നടി, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിലും ഹനാൻ പ്രശസ്തി നേടി.