Bigg Boss Malayalam Season 5: ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് ഹൗസിലെത്തിയ താരമാണ് ഹനാൻ. ഹൗസിലെത്തിയതിനു പിന്നാലെ തന്നെ ചെറിയ പൊട്ടിത്തെറികളുമായാണ് ഹനാന്റെ മത്സരം ആരംഭിച്ചത്. വീക്ക്‌ലി ടാസ്ക്കിനിടയിൽ റിനോഷുമായുണ്ടായ കലഹം ഹൗസ് അംഗങ്ങളെ മുഴുവനായും ബാധിച്ചു. ചിലർക്ക് മാനസിക സമ്മർദ്ദങ്ങൾക്കു വരെ ആ വഴക്ക് വഴിവച്ചു. കലഹത്തിനു കാരണക്കാരായ ഹനാനെയും ഗോപികയെയും ഹൗസ് അംഗങ്ങൾ കുറ്റപ്പെടുത്തുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഹനാൻ മാനസികമായി തളർന്നത്. തുടർന്ന് രാത്രി ഉറങ്ങാതിരിക്കുകയും ഭക്ഷണം വേണ്ടെന്ന് പറയുകയും ചെയ്തു. ഹനാന്റെ നില മോശമാണെന്ന് മനസ്സിലാക്കിയ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. ബിഗ് ബോസിന്റെ നിർദ്ദേശ പ്രകാരം പകൽ സമയം ഉറങ്ങാൻ കിടന്ന ഹനാന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലുള്ള പേരുകളിൽ ഒന്നാണ് ഹനാനിന്റേത്. സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. പിന്നീട് നടി, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിലും ഹനാൻ പ്രശസ്തി നേടി.