Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 10 ദിവസങ്ങൾ പിന്നിടുകയാണ്. വീടിനകത്ത് ചെറിയ രീതിയിൽ സംഘർഷങ്ങളും വഴക്കുകളും പൊരുത്തക്കേടുകളുമൊക്കെ തല പൊക്കി തുടങ്ങി. ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ ഗോപികയേയും ഏഞ്ചലീനയേയും ഒറ്റപ്പെടുത്തുന്നു എന്ന രീതിയിലുള്ള പരാതികളും പ്രേക്ഷകരിൽ നിന്നും ഉയരുന്നുണ്ട്.
ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ഗോപികയെ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ അഭിനന്ദിക്കുകയും ബിഗ് ബോസ് മികച്ച കൗശലക്കാരി അവാർഡ് സമ്മാനിക്കുകയും ചെയ്തിരുന്നു. ഇത് ഹൗസ് മെമ്പേഴ്സിൽ പലരെയും അരക്ഷിതാവസ്ഥയിൽ എത്തിച്ചിട്ടുണ്ടെന്നതിന് തെളിവായിരുന്നു, തിങ്കളാഴ്ച നടന്ന നോമിനേഷൻ. പത്തു പേരാണ് ഗോപികയ്ക്ക് എതിരെ വോട്ട് ചെയ്തത്. ഗോപികയെ പോലൊരു കോമണർ വീട്ടിൽ നിന്നാൽ ജനവികാരം ഗോപികയ്ക്ക് ഒപ്പമായിരിക്കുമെന്നും അത് വീടിനകത്തെ നിലനിൽപ്പിന് തങ്ങൾക്ക് ഭീഷണിയാവുമെന്നും ശ്രുതിലക്ഷ്മി അടക്കമുള്ള മത്സരാർത്ഥികൾ നോമിനേഷൻ വേളയിൽ തുറന്നു പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം വീടിനകത്ത് നടന്ന ചപ്പാത്തി വിവാദവും ഈ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഗോപികയും മനീഷയും തമ്മിലാണ് പ്രശ്നം തുടങ്ങിയത്. കിച്ചൺ ടീമിനെ സഹായിക്കാനായി അടുക്കളയിലെത്തിയ ഗോപിക ചപ്പാത്തി പരത്താൻ സഹായിക്കുന്നതിനിടയിൽ മനീഷ ഗോപികയോട് ചപ്പാത്തി പരത്തേണ്ട എന്നു പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. മനീഷയുടെ വാക്കുകൾ ഗോപികയെ വേദനിപ്പിക്കുകയും സങ്കടപ്പെട്ടിരിക്കുന്ന ഗോപികയോട് സാഗറും ജുനൈസും ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്യുന്നു. ഗോപിക ഇരുവരോടും കാര്യം പറയുകയും മനീഷയോട് ഇതിനെ കുറിച്ച് ചോദിക്കേണ്ട എന്നു പറയുകയും ചെയ്യുന്നു. എന്നാൽ, ഈ കാര്യം മനീഷയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് സാഗറും ജുനൈസും. തന്റെ വാക്കുകൾ ഗോപികയ്ക്ക് വിഷമമുണ്ടാക്കി എന്നു മനസ്സിലാക്കിയ മനീഷ ഗോപികയോട് മാപ്പു പറയുന്നു.
ഗോപികയുടെ ചുണ്ട് പൊട്ടിയിരിക്കുകയാണെന്നും പൊട്ടിയ ചുണ്ടിയില്‍ തൊട്ടു കൊണ്ടാണ് ഗോപിക ചപ്പാത്തി പരത്തുന്നതെന്നും അതു പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നു എന്നു കണ്ടാണ് താൻ ഗോപികയോട് ചപ്പാത്തി പരത്തേണ്ട എന്നു പറഞ്ഞതെന്നും മനീഷ വിശദീകരിക്കുന്നു. എന്നാൽ ഈ പ്രശ്നം അടുക്കളയിൽ വച്ച് വീണ്ടും ചർച്ചയാവുകയും ഹൗസ് മെമ്പേഴ്സ് എല്ലാം ചർച്ചയുടെ ഭാഗമാവുകയും ചെയ്യുന്നു. ഗോപിക തന്നെ ഇടപ്പെട്ട് ഇനി ഈ വിഷയം ഇവിടെ സംസാരിക്കേണ്ടതില്ല, ചിലപ്പോൾ എന്റെ തെറ്റാവും എന്നു പറഞ്ഞ് ആ ചർച്ചയ്ക്ക് വിരാമമിടുന്നു.
എന്നാൽ, അതിനു തൊട്ടു പിന്നാലെ ഏഞ്ചലീനയും മനീഷയ്ക്ക് എതിരെയുള്ള പഴയൊരു സംഭവം എടുത്തിടുന്നു. ‘നിന്നെ പോലെ ഞങ്ങളും ഭ്രാന്ത് അഭിനയിച്ചാലോ’ എന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് മനീഷ പറഞ്ഞ ഡയലോഗ് തനിക്ക് മനപ്രയാസമുണ്ടാക്കിയെന്നും താനിത് ഇതുവരെ പറഞ്ഞ് ക്ലിയർ ചെയ്തില്ലെന്നുമാണ് ഏഞ്ചലീനയുടെ പരാതി. എന്നാൽ പഴയ സംഭവങ്ങൾ വലിച്ചിടേണ്ടതില്ല എന്നാണ് മനീഷയടക്കമുള്ള മത്സരാർത്ഥികളിൽ പലരും ഏഞ്ചലീനയോട് പറയുന്നത്. ക്യാപ്റ്റനായ അഖിൽ മാരാറും ഇതിനോട് യോജിക്കുന്നു.
ഹൗസ് മെമ്പേഴ്സിൽ നല്ലൊരു ശതമാനവും ഏഞ്ചലീനയേയും ഗോപികയേയും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നാണ് പ്രേക്ഷകരുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.