Bigg Boss Malayalam Season 5: ബിഗ് ബോസ് ഷോയിൽ നിന്നും കഴിഞ്ഞയാഴ്ച എവിക്റ്റ് ആയ മത്സരാർത്ഥിയാണ് ഗോപിക. കോമണർ മത്സരാർത്ഥിയായാണ് ഗോപിക ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ഗോപികയ്ക്കു സാധിച്ചിരുന്നു.
സഹമത്സരാർത്ഥിയായ റിനോഷിനെ കുറിച്ച് ഗോപിക പറഞ്ഞ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിലവിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് റാപ്പറും നടനുമായ റിനോഷ് ജോർജ്. ബ്രില്ല്യന്റ് ഗെയിമറാണ് റിനോഷ് എന്നാണ് ഗോപിക വിശേഷിപ്പിക്കുന്നത്.
“ആ വീട്ടിലെ ബ്രില്ല്യന്റ് ഗെയിമറാണ് റിനോഷ്. ഞാനൊരിക്കൽ റിനോഷിന്റെ ഗെയിം പ്ലാനിനെ കുറിച്ച് നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഞാനും നിന്നെ പോലെയാണ് ഒരു ഗെയിമറാണ്. ഞാൻ രണ്ടു രീതിയിലാണ് ഗെയിം കളിക്കുന്നത്. ഒന്ന് നേരെ ചെന്ന് ശ്രമിക്കും, രണ്ട് വളഞ്ഞു വളഞ്ഞു പതിയെ പതിയെ ഇഴഞ്ഞു ചെല്ലാൻ നോക്കും എന്നാണ് റിനോഷ് ബ്രോ പറഞ്ഞത്. രണ്ടാമത്തേത് അല്ലേ ബ്രോയുടെ രീതി എന്നു ചോദിച്ചപ്പോൾ ഫഹദ് ഫാസിലൊക്കെ ചിരിക്കുന്നതുപോലുള്ള ഒരു ചിരിയായിരുന്നു മറുപടി. റിനോഷിന് കാണാത്തൊരു മുഖം കൂടിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒമർ ലുലു വന്ന് ഓഡിഷൻ നടത്തിയ സമയത്തൊക്കെ ആളിൽ വന്ന മാറ്റം ഞാൻ അടുത്തു നിന്നു കണ്ടതാണ്,” ഗോപിക പറഞ്ഞു.
അതേസമയം, പ്രശ്നങ്ങളിൽ അധികം ഇടപെടാതെയും അഭിപ്രായപ്രകടനം നടത്താതെയും സേഫ് ഗെയിം കളിക്കുന്നുണ്ട് റിനോഷ് എന്നും ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയിൽ അതു ശരിയാണെന്നു തനിക്കു തോന്നുന്നില്ലെന്നും ഗോപിക കൂട്ടിച്ചേർത്തു.