ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഞായറാഴ്ച ആരംഭിച്ചു. ഷോ ആരംഭിക്കുന്നതിന് മാസങ്ങൾക്കു മുൻപ് തന്നെ ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. അനവധി താരങ്ങളുടെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ പറഞ്ഞു കേട്ടു.
ഷോ തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുൻപ് മത്സരാർത്ഥികളെ കുറിച്ച് ചെറിയ ഹിന്റുകൾ നൽകിയിരുന്നു. അത്തരത്തിലൊന്നായിരുന്നു ഗായകനും നടനുമായ ഒരു മത്സരാർത്ഥി എന്ന ക്ലൂ. സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സിബിനാണ് ആ മത്സരാർത്ഥിയെന്നായിരുന്നു സോഷ്യൽ മീഡിയയുടെ ഗസ്സ്. പലരും സിബിന് ആശംസകളുമായി രംഗത്തെത്തി. എന്നാൽ താരം മത്സരാർത്ഥിയായി ഷോയിൽ എത്തിയില്ല. ഇതിനു മറുപടിയെന്നോണം സിബിൻ പങ്കുവച്ച രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
“ഞാൻ അകത്തേയ്ക്ക് പോകുകയാണ്. എന്നെ എല്ലാവരും സപ്പോർട്ട് ചെയ്യണം. പെട്ടെന്നൊന്നും പുറത്തേയ്ക്ക് വരാതിരിക്കാൻ ഞാൻ മാക്സിമം ട്രൈ ചെയ്യും. ഞാൻ അകത്തേയ്ക്ക് പോകുന്നുണ്ടെന്ന് എല്ലാവരെയും അറിയിച്ച സോഷ്യൽ മീഡിയയ്ക്ക് നന്ദി. എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണം” എന്നാണ് സിബിൻ വീഡിയോയിൽ പറയുന്നത്. തുടർന്ന് സിബിൻ പോകുന്നത് ബാത്രൂമിലേക്കാണ്. ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന ബ്ലെസ്ലി, നിമിഷ, ആര്യ എന്നിവർ രസകരമായ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.