Bigg Boss Malayalam Season 5: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളത്തിലെ അഞ്ചാം സീസണിനു തുടക്കമായി. മുംബൈ ഫിലിം സിറ്റിയിലാണ് അഞ്ചാം സീസണിന്റെ സെറ്റൊരുക്കിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകൻ.
18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, സോഷ്യൽ മീഡിയ താരങ്ങളായ വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി എന്നിവർക്കൊപ്പം കോമണറായ ഗോപിക ഗോപിയും ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തുന്നുണ്ട്.
ഷിജു എ ആർ
മലയാളത്തിലും തെലുങ്കിലും ശ്രദ്ധേയനായ ഷിജു അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത ‘നീയും ഞാനും’ എന്ന സീരിയലില്‍ നായകനായും ഷിജു തിളങ്ങിയിരുന്നു. ഈ സീരിയൽ അടുത്തിടെയാണ് അവസാനിച്ചത്.
ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രമാണ് ഷിജുവിനെ മലയാള സിനിമപ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. പിന്നീട് കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ് തുടങ്ങി ധാരാളം മലയാളം ചിത്രങ്ങൾ ചെയ്തു.

കോഡിരാമ കൃഷ്ണ സംവിധാനം ചെയ്ത ദേവി എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. ദേവി ഷിജു എന്നാണ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഈ നടൻ അറിയപ്പെടുന്നത്. മനസന്ത നുവ്വെ, നുവ്വു നാക്കു നച്ചാവു, സിംഹരാശി, അമ്മായികോസം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. രാജേഷ് ടച്ച്‌റൈവർ സംവിധാനം ചെയ്ത ‘ഇൻ നെയിം ഓഫ് ബുദ്ധ’ എന്ന ചിത്രത്തിലും ഷിജു ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ എറണാകുളത്താണ് താമസം.
ശ്രുതി ലക്ഷ്മി
സിനിമ, സീരിയൽ താരം. നടി ലിസ്സി ജോസിന്റെ മകൾ കൂടിയാണ് ശ്രുതിലക്ഷ്മി. സഹോദരി ശ്രീലയയും അഭിനയരംഗത്തും നൃത്തരംഗത്തും സജീവമാണ്. നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ശ്രുതി ലക്ഷ്മി. 2016ൽ പോക്കുവെയിൽ എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് സ്വന്തമാക്കിയിരുന്നു.

2000ൽ ‘നിഴലുകൾ’ എന്ന പരമ്പരയിൽ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാളായി എത്തിയിരുന്നു.
മനീഷ കെ എസ്
അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ. 32 വർഷമായി സംഗീതമേഖലയിൽ സജീവമാണ് മനീഷ. നാഷണൽ അവാർഡ് ജേതാവാണ്. തട്ടീം മുട്ടീം സിനിമയിലെ വാസവദത്ത എന്ന കഥാപാത്രം മനീഷയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തു.

സാഗർ സൂര്യ
സിനിമ, സീരിയൽ താരമായ സാഗർ സൂര്യയാണ് മറ്റൊരു മത്സരാർത്ഥി. ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെയാണ് സാഗർ സൂര്യ ശ്രദ്ധ നേടിയത്. ഉപചാരപൂർവ്വം ഗുണ്ടാജയൻ, ജോ ആൻഡ് ജോ, കുരുതി, കാപ്പ, കുറി തുടങ്ങിയ ചിത്രങ്ങളിലും സാഗർ തിളങ്ങിയിരുന്നു. തൃശൂർ സ്വദേശിയാണ് സാഗർ.

റെനീഷ റഹ്മാൻ
ആദ്യ മത്സരാർത്ഥിയെ മോഹൻലാൽ പരിചയപ്പെടുത്തി. പാലക്കാട് ആലത്തൂർ സ്വദേശിയായ റെനീഷ റഹ്മാനാണ് ആദ്യ മത്സരാർത്ഥി. റാവുത്തർ കുടുംബാംഗമാണ് റെനീഷ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീതാകല്യാണം എന്ന സീരിയലിലൂടെ സുപരിചിതയാണ് റെനീഷ. സീരിയൽ മേഖലയിൽ സജീവമായ റെനീഷ ഒരു മോഡൽ കൂടിയാണ്. നൃത്തത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട് താരം.

റിനോഷ് ജോർജ്
ഐ ആം മല്ലൂ എന്ന റാപ്പ് സോങ്ങ് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ആ പാട്ടിന്റെ പിറവിയ്ക്ക് പിന്നിൽ റിനോഷാണ്. റാപ്പർ, നടൻ, കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും റിനേഷ് ശ്രദ്ധേയനാണ്. ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. നോൺസൻസ് എന്ന ചിത്രത്തിലും റിനേഷ് അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ് റിനോഷ്.

സെറീന ആൻ ജോൺസൻ
ദുബായിൽ ജനിച്ചുവളർന്ന മലയാളി പെൺകുട്ടി. മിസ്സ് ക്യൂൻ കേരള 2022 സ്വന്തമാക്കിയതും സെറീനയായിരുന്നു. മിസ്സ് യൂണിവേഴ്സ് യുഎഇ, ഇന്റർനാഷ്ണൽ ഗ്ലാം ക്യൂൻ എന്നീ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മേഡലിങ്ങ്, അവതരണം എന്നീ മേഖലകളിൽ സജീവമാണ്. ദുബായിൽ ഒരു മീഡിയ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറായി വർക്ക് ചെയ്യുകയാണ് സെറീന.

ശോഭ വിശ്വനാഥ്
ഫാഷൻ ഡിസൈനറായ ശോഭ വിശ്വനാഥനും തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. ചൈൽഡ് ആക്ടിവിസ്റ്റാണ്. കളരിപ്പയറ്റിൽ പരിശീലനം നേടിയിട്ടുണ്ട് ശോഭ.

രണ്ടു വർഷങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞുനിന്ന മുഖമാണ് ശോഭ വിശ്വനാഥന്റേത്. 2021 ജനുവരിയിൽ ശോഭയുടെ വസ്ത്രശാലയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് റെയ്ഡും കേസുമൊക്കെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ആറുമാസത്തോളമാണ് നിയമ പോരാട്ടവുമായി ശോഭ മുന്നോട്ടുപോയത്. പിന്നീട് യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും ശോഭയുടെ കേസ് റദ്ദ് ചെയ്യുകയുമായിരുന്നു.
വിഷ്ണു ജോഷി
ഫിറ്റ്നസ് ട്രെയിനറാണ് വിഷ്ണു ജോഷി. എറണാകുളം തൈക്കൂടം സ്വദേശിയായ വിഷ്ണു ജോഷി ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. നടനാവുക എന്നതാണ് സ്വപ്നം.

എയ്ഞ്ചലീന മരിയ
ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 20കാരിയായ എയ്ഞ്ചലീന മരിയ. തൃശൂർ സ്വദേശിയാണ്. നടി, മോഡൽ എന്നീ നിലകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചലീന മരിയ. ഒമർ ലുലു ചിത്രം നല്ല സമയം ത്തിലൂടെ എയ്ഞ്ചലീന സിനിമയിലും മുഖം കാണിച്ചു. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും എയ്ഞ്ചലീന പ്രത്യക്ഷപ്പെട്ടു. ലാലേട്ടൻ പറഞ്ഞ ആ സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ എയ്ഞ്ചലീനയാണ്. താരം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തന്നെ ഇൻസ്റ്റഗ്രാം സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു.

വൈബർ ഗുഡ് ദേവു (ശ്രീദേവി)
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീ ദേവി മേനോൻ. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലകളിലും ശ്രദ്ധേയയാണ് ശ്രീദേവി. ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് ദേവു സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ജുനൈസ് വിപി
ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ചെറുപ്പക്കാരനാണ് ജുനൈസ് വിപി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് ജുനൈസ്. ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വ്ളോഗിംഗിലേക്ക് എത്തുന്നത്.

അഖിൽ മാരാർ
സംവിധായകൻ അഖിൽ മാരാർ ആണ് ഈ സീസണിലെ മറ്റൊരു മത്സരാർത്ഥി. കൊട്ടാരക്കര സ്വദേശിയാണ് അഖിൽ. 2013ൽ ‘പേരറിയാത്തവർ’ എന്ന സിനിമയിൽ സംവിധായകൻ ഡോ. ബിജുവിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു അഖിലിന്റെ തുടക്കം. 2021ൽ ഒരു ‘താത്വിക അവലോകനം’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. എഴുത്തുകാരൻ കൂടിയായ അഖിൽ ‘അവശേഷിപ്പുകൾ’ എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.

അഞ്ജുസ് റോഷ്
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. അളിയ എന്നാണ് സമൂഹമാധ്യമങ്ങളിലും കൂട്ടുകാർക്കിടയിലും അറിയപ്പെടുന്നത്. സിനിമയിലെത്തുക എന്നതാണ് അഞ്ജുസിന്റെ സ്വപ്നം.

അനിയൻ മിഥുൻ
ഇന്ത്യൻ ടീമിലെത്തിയ ആദ്യ ദക്ഷിണേന്ത്യൻ താരമാണ് അനിയൻ മിഥുൻ. തൃശ്ശൂർ നാട്ടിക സ്വദേശിയായ അനിയൻ മിഥുൻ കഴിഞ്ഞ വർഷം വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്നു. തായ്‌ലാൻഡിൽ നടന്ന ലോക ’പ്രോ വുഷു സാൻഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിലാണ് അനിയൻ സ്വർണം നേടിയത്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് 70 കിലോഗ്രാം വിഭാഗത്തിലായിരുന്നു അനിയന്റെ സ്വർണനേട്ടം.

സൗത്ത് ഏഷ്യൻ വുഷു സ്വർണമെഡൽ, കിക്ക് ബോക്സിങ്ങിൽ ദേശീയ ചാമ്പ്യൻഷിപ്പ്, ബെസ്റ്റ് വുഷു ഫൈറ്റർ പുരസ്കാരം, വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അനിയൻ മിഥുനെ തേടിയെത്തിയിട്ടുണ്ട്. മികച്ച അത്‌ലറ്റിനുള്ള ജമ്മുകശ്മീർ ഭരണകൂടത്തിന്റെ പുരസ്കാരവും അടുത്തിടെ അനിയനെ തേടിയെത്തിയിരുന്നു.
നാദിറ മെഹ്റിൻ
ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് നാദിറ മെഹ്റിൻ. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ച് നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ച സംഭവം. തിരുവനന്തപുരം സ്വദേശിയാണ് നാദിറ. എംഎ തിയേറ്റർ വിദ്യാർത്ഥിയാണ് നാദിറ ഇപ്പോൾ. ന്യൂസ് റീഡറായും നാദിറ ജോലി ചെയ്തിട്ടുണ്ട്.

ഐശ്വര്യ സുരേഷ് (ലെച്ചു ഗ്രാം)
ബോൾഡ് ഫൊട്ടൊഷൂട്ടുകളിലൂടെ പോപ്പുലറായ താരമാണ് ലച്ചുഗ്രാം എന്ന ഐശ്വര്യ സുരേഷ്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു മുംബൈയിലാണ് താമസം.

ഗോപിക
ഷോയിലേക്ക് എത്തുന്ന കോമണർ മത്സരാർത്ഥിയാണ് ഗോപിക. മൂവാറ്റുപുഴയിൽ നിന്നും വരുന്ന ഗോപിക ഒരു കൊറിയർ ഏജൻസിയിൽ ജോലി ചെയ്യുകയാണ്.

18 മത്സരാർത്ഥികളും വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനി തീപ്പാറുന്ന പോരാട്ടത്തിന്റെ ദിനങ്ങൾ.
തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ 24 മണിക്കൂർ ലൈവായും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.