ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ച് മൂന്നു ദിവസം കഴിയുമ്പോൾ ടാസ്ക്കിനിടയിലുള്ള വാക്കുതർക്കങ്ങളുടെ എണ്ണവും കൂടിവരുകയാണ്. വീക്ക്‌ലി ടാസ്ക്കിനിടയിലുള്ള വഴക്കുകളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഹൗസിൽ നിറയുന്നത്. ബുധനാഴ്ചത്തെ എപ്പിസോഡിൽ അഖിൽ മാരാർ- റെനീഷ്, ദേവു – വിഷ്ണു എന്നിവർ തമ്മിലാണ് വഴക്കുകളുണ്ടായത്.
കട്ടകൾ ശേഖരിച്ച് ഫ്രെയിം ഫില്ലു ചെയ്യുക എന്നതാണ് വീക്ക്‌ലി ടാസ്ക്കായി ബിഗ് ബോസ് നൽകിയത്. പിങ്ക് കട്ടകൾ സേഫായവർക്കും നീല നോമിനേഷനിലുള്ള ആളുകൾക്കും എന്നതായിരുന്നു നിയമാവലിയിൽ പറഞ്ഞത്. ദേവു- മിഥുൻ, ഷിജു – വിഷ്ണു എന്നിവരായിരുന്നു ടീമാംഗങ്ങൾ. ദേവു- മിഥുൻ എന്നിവരാണ് കൂടുതൽ കട്ടകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. അതിനിടയിലാണ് ബിഗ് ബോസ് ഗോൾഡൻ കട്ടയുടെ കാര്യം മത്സരാർത്ഥികളെ അറിയിച്ചത്. ഗോർഡൻ കട്ട ലഭിക്കുന്നവർക്ക് അതുമാത്രം മതിയാകും എന്നാൽ മറ്റ് ടീമംഗത്തിന് കട്ടങ്ങളൊന്നും ശേഖരിക്കാനും സാധിക്കില്ല. മിഥുൻ ആണ് ഗോൾഡൻ കട്ട ശേഖരിച്ചത്. പക്ഷെ ദേവു മിഥുന്റെ പക്കൽ നിന്ന കട്ട തട്ടിയെടുത്തു.
കട്ട നേടിയതിനു പിന്നാലെയാണ് വിഷ്ണുവും ദേവുവും തമ്മിലുള്ള വഴക്ക് ആരംഭിച്ചത്. കട്ടകളൊന്നും ഇല്ലാതിരുന്ന സമയത്ത് തന്നോട് പഞ്ചാരയടിച്ച് നിന്ന ദേവുവിന്റെ സ്വഭാവം ഇപ്പോൾ മാറി എന്നാണ് വിഷ്ണു പറഞ്ഞത്. ഇതു കേട്ട് പ്രകോപിതയായ ദേവു വാക്കു തർക്കങ്ങൾക്കു ശേഷം ഗോൾഡൻ കട്ടയെറിഞ്ഞ് കളയുകയായിരുന്നു. അത്തരത്തിലൊരാൾ മാനസികമായി പ്രകോപിപ്പിക്കുന്നത് ഗെയിമിന്റെ ഭാഗമാണെന്നും അതിൽ പ്രകോപിതയായി കട്ട വലിച്ചെറിഞ്ഞത് എന്തിനായിരുന്നെന്നുമാണ് മറ്റ് മത്സരാർത്ഥികൾ ചോദിച്ചത്. എന്നാൽ തനിക്ക് അഭിമാനമാണ് വലുതെന്നും തന്റെ മകൾ ഇതു കാണുന്നുണ്ടെന്നും മോശം സ്ത്രീ എന്ന ലേബൽ തനിക്കാവശ്യമില്ലെന്നുമായിരുന്നു ദേവുവിന്റെ വാദം.