Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ഏറ്റവും ഒടുവിൽ ഔട്ടായ മത്സരാർത്ഥിയാണ് അഞ്ജൂസ് റോഷ്. ഷോയുടെ അമ്പതാം ദിവസത്തെ സെലിബ്രേഷൻ കഴിഞ്ഞതിനു പിന്നാലെയാണ് അഞ്ജൂസ് ഷോയിൽ നിന്നും ഔട്ടായത്. വീടിനകത്ത് നടന്ന പല സംഭവങ്ങളും തന്റെ ഗേൾഫ്രണ്ടിനെ വേദനിപ്പിച്ചെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും തുറന്നു പറയുകയാണ് അഞ്ജൂസ്.
ബിഗ് ബോസ് വീട്ടിൽ വച്ച് സഹമത്സരാർത്ഥിയായ റെനീഷയോട് പ്രണയം തോന്നിയ കാര്യം അഞ്ജൂസ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ അഞ്ജൂസിന്റെ പ്രണയം നിരസിച്ച റെനീഷ, സൗഹൃദം മാത്രം നിലനിർത്തുകയായിരുന്നു. സെറീന, റെനീഷ എന്നിവർക്കൊപ്പം ഗ്രൂപ്പായി നിന്നായിരുന്നു അഞ്ജൂസിന്റെ വീടിനകത്തെ ഗെയിം പ്ലാൻ മുന്നോട്ടു പോയത്.
വീടിനകത്തെ സ്ത്രീ മത്സരാർത്ഥികളോടുള്ള അഞ്ജൂസിന്റെ പെരുമാറ്റം പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ശ്രുതി ലക്ഷ്മിയുടെ കഴുത്തിൽ ചുംബിക്കുന്ന അഞ്ജൂസിന്റെ ഒരു വീഡിയോയും ഇടയ്ക്ക് വൈറലായിരുന്നു. അതുപോലെ, ഗേൾ ഫ്രണ്ടായ തക്കുടു ഇല്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ പ്രപ്പോസ് ചെയ്തേനെ എന്ന് അഞ്ജൂസ് റെനീഷയോട് പറഞ്ഞ വാക്കുകളും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. തന്റെ പങ്കാളിയോട് ഇത്രമാത്രം ആത്മാർത്ഥയേ അഞ്ജൂസിന് ഉള്ളോ എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുന്നേറിയത്.
തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടി നൽകുകയാണ് അഞ്ജൂസ് ഇപ്പോൾ. ‘വീടിനകത്തു നടന്ന കാര്യങ്ങൾ തന്റെ ഗേൾഫ്രണ്ടായ തക്കുടുവുമായുള്ള പ്രണയത്തെ ബാധിച്ചു’ എന്നാണ് അഞ്ജൂസ് പറയുന്നത്.
“ഇപ്പോൾ നോക്കുമ്പോൾ പുറത്തായത് നന്നായി എന്നു തോന്നുന്നു. കാരണം ഞാൻ അവിടെ നിൽക്കുമ്പോൾ എന്റെ വീട്ടുകാരും എനിക്ക് വേണ്ടപ്പെട്ടവരും വേദനിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നെ അവർക്ക് മനസിലാകും. 29 വർഷമായി എന്റെ വീട്ടുകാരും അഞ്ച് വർഷമായി എന്റെ പെണ്ണും എന്നെ അടുത്ത് അറിയുന്നതല്ലേ. ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുമ്പ് ചെയ്ത പ്രോജക്ടുകളെല്ലാം എനിക്ക് പ്ലസ് ആയിരുന്നു. എന്നാൽ അതുവച്ചു നോക്കുമ്പോൾ ഇപ്പോൾ നിരവധി നെഗറ്റീവായ കാര്യങ്ങളാണ് എന്നെ കുറിച്ച് വരുന്നത്,” അഞ്ജൂസ് പറയുന്നു.
“റിലേഷൻഷിപ്പിന് വാല്യു കൊടുക്കുന്ന ആളാണ് ഞാൻ. സ്നേഹം നല്ല രീതിയിൽ ഞാൻ പ്രകടിപ്പിച്ചു. ഐ ലവ് യു ഇത്ര വലിയ തെറ്റാണെന്ന് മനസിലാക്കിയത് പുറത്തിറങ്ങിയപ്പോഴാണ്. എന്റെ പെണ്ണിന്റെ കാര്യത്തിൽ ഞാൻ സെൻസിറ്റീവാണ്. ഇത്രയും സുഹൃത്തുക്കളെ കെയർ ചെയ്തിട്ടുണ്ടെങ്കിൽ എന്റെ പെണ്ണിനെ ഞാൻ എന്തുമാത്രം കെയർ ചെയ്ത് കാണും. അവളുടെ കാര്യത്തിലാണ് ഞാൻ വീണുപോയത്. അവളെ ഒരുപാട് കാര്യങ്ങൾ വിഷമിപ്പിച്ചു. തക്കുടുവിന് സെൽഫ് റെസ്പെക്ട് ഉണ്ടെങ്കിൽ അഞ്ജൂസിനെ കളഞ്ഞിട്ട് പോകണം എന്നൊക്കയാണ് കമന്റുകൾ വന്നത്. അതൊക്കെ അവളെ വിഷമിപ്പിച്ചു. തക്കുടുവുമായി അഞ്ച് വർഷത്തെ പ്രണയമുണ്ട്. ശ്രുതി ചേച്ചിയുമായുള്ള വീഡിയോയും വിമർശനങ്ങളും ഞാൻ കണ്ടിരുന്നു. ആ വീഡിയോയുടെ സത്യാവസ്ഥ അതല്ല. ശ്രുതി ചേച്ചിക്ക് എന്റെ ചേച്ചിയുടെ പ്രായമാണ്. ശ്രുതി ചേച്ചി കഴുത്തിൽ വോളിനി അടിക്കാറുണ്ട്. അത് ഊതികൊടുത്തതാണ് ഞാനന്ന്. അതിനേയും മോശമായി ചിത്രീകരിച്ചു,” അഞ്ജൂസ് വ്യക്തമാക്കി.