Bigg Boss Malayalam Season 5: ‘ഊതിവീർപ്പിക്കപ്പെട്ട നീർകുമിളകൾ ഒരു കാറ്റിൽ അലിഞ്ഞുപോകും, കാമ്പുള്ളതിനു മാത്രമേ കാലത്തെയും പ്രതിസന്ധികളെയും അതിജീവിച്ച് നിലനിൽക്കാനാവൂ’. ബിഗ് ബോസ് സീസൺ അഞ്ചിലേക്ക് അതിഥിയായി എത്തുകയും വീടിനകത്ത് സംയമനമില്ലാതെ പെരുമാറിയതിന്റെ പേരിൽ പുറത്താക്കപ്പെടുകയും ചെയ്ത ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ താരോദയവും വീഴ്ചയുമെല്ലാം അടിവരയിടുന്നതും ഇക്കാര്യം തന്നെയാണ്.
റോബിന്റെ ഉദയവും ജനപ്രീതിയും
ബിഗ് ബോസ് എന്ന മോഹത്തെ ഏറെനാളായി മനസ്സിലേറ്റിയതിന്റെയും വിടാതെ പിൻതുടർന്നതിന്റെയും ഫലമായിട്ടായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ ആ ഷോയിലേക്ക് കയറിവന്നത്. ടെലിവിഷൻ- സിനിമ മേഖലയിൽ നിന്നെത്തിയ സഹമത്സരാർത്ഥികളെ വച്ചുനോക്കുമ്പോൾ പ്രേക്ഷകർക്ക് അത്ര സുപരിചിതനായിരുന്നില്ല റോബിൻ. എന്നാൽ, വന്ന ദിവസം തന്നെ ‘ബിഗ് ബോസിന്റെ സീസണുകളെല്ലാം അരച്ചുകലക്കി കുടിച്ച് ഹോംവർക്ക് ചെയ്ത് എത്തിയ മത്സരാർത്ഥിയാണ് താൻ’ എന്നൊരു ഇമേജ് സഹമത്സരാർത്ഥികൾക്ക് ഇടയിലുണ്ടാക്കാൻ റോബിനു സാധിച്ചു.
മുൻ സീസണുകൾ തന്നെയായിരുന്നു റോബിനു മുന്നിലുള്ള റഫറൻസ്. എല്ലാവരോടും സംസാരിക്കുമ്പോഴും ആൾക്കൂട്ടത്തിൽ ഏകനാണ് താനെന്ന ഇമേജ് റോബിൻ ഉണ്ടാക്കിയെടുത്തു. ഒരേസമയം നല്ലവനും കെട്ടവനുമാവുന്ന ഗെയിം പ്ലാൻ, സഹമത്സരാർത്ഥി ദിൽഷയെ ഉൾപ്പെടുത്തി ലവ് സ്ട്രാറ്റജി ഇറക്കാനുള്ള ശ്രമം, അഗ്രസീവ് പെരുമാറ്റവും ശരീരഭാഷയും… ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ റോബിന്റെ പേര് ഉയർന്നു കേൾക്കാൻ തുടങ്ങുകയായിരുന്നു.

മാറ്റങ്ങളെ ഉൾകൊള്ളാൻ മടിക്കുകയും സമൂഹത്തിൽ നിറഞ്ഞാടുന്ന ടോക്സിസിറ്റിയെ പുണർന്നു നിൽക്കുകയും ചെയ്യുന്ന വലിയൊരു ജനവിഭാഗം ഈ കേരള സമൂഹത്തിലുണ്ട്. സമൂഹത്തിൽ ഇക്വാലിറ്റി വന്നാൽ അത് തങ്ങളുടെ എല്ലാ അധികാരങ്ങളെയും റദ്ദ് ചെയ്യും എന്ന് ഭയക്കുന്ന ഒരു വിഭാഗം മനുഷ്യർ. കാന്തം കാന്തത്തിലേക്ക് ആകർഷിക്കുന്നുവെന്നു പറയുന്നതുപോലെ ആംഗ്രി യങ്മാൻ ഇമേജുള്ള റോബിനിലേക്ക് അതിവേഗം ആകർഷിക്കപ്പെടുകയായിരുന്നു ആ ടോക്സിക് ഫാൻ സമൂഹം.
ഗെയിമുകളിൽ പലതിലും ആവറേജിലും താഴ്ന്ന പ്രകടനം, എടുത്തുപറയാവുന്ന ഒരു കണ്ടന്റും ഇല്ലാതിരുന്നിട്ട് കൂടി ടോക്സിസിറ്റിയുടെ പേരിൽ റോബിനു ഹീറോ പരിവേഷം ലഭിച്ചു. അലറിവിളിച്ചും അഗ്രഷൻ കാണിച്ചും മാത്രം ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി ഹീറോയായി മാറിയ മത്സരാർത്ഥി ചിലപ്പോൾ റോബിനാവും. എന്നാൽ, എല്ലാം റോബിന്റെ കണക്കുക്കൂട്ടലുകൾക്ക് അനുസരിച്ച് മുന്നോട്ടു പോയില്ല. സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചതിന്റെ പേരിൽ റോബിൻ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടു. അതോടെ, ടോക്സിക് ഫാൻ സമൂഹത്തിന്റെ സഹതാപവും റോബിനിലേക്ക് ഒഴുകി.
ആ സഹതാപതരംഗത്തെ നല്ലരീതിയിൽ പ്രയോജനപ്പെടുത്തുന്ന റോബിനെയാണ് പിന്നീട് കണ്ടത്. ഷോ കഴിഞ്ഞിട്ടും ആൾക്കൂട്ടത്തെ പ്രീതിപ്പെടുത്താനായി വേദികളിൽ റോബിൻ അതേ അഗ്രസീവ് ശരീരഭാഷയും ഡയലോഗുകളും ആവർത്തിച്ചു. ബിഗ് ബോസ് തനിക്കു തന്ന ഹൈപ്പിനെ അതേ രീതിയിൽ തന്നെ നിലനിർത്തികൊണ്ടുപോവാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട് റോബിനെന്നു പറയാതെ വയ്യ. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്, ആവർത്തിച്ചുള്ള ഈ മാസ് ഡയലോഗുകളും ചേഷ്ടകളുമെല്ലാം ഒരു വിഭാഗം ഫാൻസിനെയെങ്കിലും അപ്പോഴേക്കും മടുപ്പിച്ചു കഴിഞ്ഞിരുന്നു. കടുത്ത റോബിൻ ഫാൻസായിരുന്ന സ്ത്രീ പ്രേക്ഷകർ പോലും ഒരു തണുപ്പൻ മട്ടിലാണ് റോബിന്റെ രണ്ടാം വരവിനെ സ്വാഗതം ചെയ്തത്.
തോറ്റു മടങ്ങിയ ഇടത്തേക്കുള്ള രണ്ടാം വരവ്
കൃത്യം ഒരു വർഷത്തിനിപ്പുറം ബിഗ് ബോസ് വേദിയിലേക്ക് റോബിൻ വീണ്ടുമെത്തി. ഹീറോ പരിവേഷത്തോടെ സീസൺ അഞ്ചിലേക്ക് എത്തിയ റോബിൻ പതറിപ്പോയത്, തനിക്കൊപ്പം മറ്റൊരു ഗസ്റ്റ് കൂടി ആ വീടിനകത്തേക്ക് പ്രവേശിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. മുൻ സീസണിലെ മത്സരാർത്ഥിയായ രജിത് കുമാറിൻറെ സാന്നിധ്യം ചെറുതായൊന്നുമല്ല റോബിനെ അസ്വസ്ഥനാക്കിയത്. തന്റെ ഗെയിം പ്ലാനുകൾക്ക് മുന്നിൽ വിലങ്ങു തടിയായി നിൽക്കുന്ന ഒരു വൻമരമായാണ് രജിതിനെ റോബിൻ കണ്ടത്. (പിന്നീട് റോബിൻ ആർമിയായി മാറിയ ടോക്സിക് ഫാൻകൂട്ടത്തിന്റെ ആദ്യ ഹീറോ രജത് കുമാർ ആയിരുന്നു.) ബിഗ് ബോസ് വീട്ടിൽ തന്റെ സ്പേസ് കണ്ടെത്താനാവാതെ റോബിൻ ഉഴറി. രജിത്തിനോടോ മാരാരോടെ റിനോഷിനോടൊ ഒന്നും വാക്സാമർത്ഥ്യം കൊണ്ടു മുട്ടി നിൽക്കാൻ തനിക്കു കഴിയില്ലെന്ന തിരിച്ചറിവും ആത്മവിശ്വാസക്കുറവും റോബിന്റെ ശരീരഭാഷയിൽ പ്രകടമാവുകയായിരുന്നു. താൻ നിൽക്കുന്നിടത്ത് താനായിരിക്കണം രാജാവ് എന്ന റോബിന്റെ ആധിപത്യ മനോഭാവവും ഉലഞ്ഞു തുടങ്ങി.
പുറത്ത് തന്റെ അഗ്രഷന് കയ്യടിക്കാറുള്ള ടോക്സിക് ഫാൻസും റോബിനൊരു ബാധ്യതയായിരുന്നു, അവരെ പ്രീതിപ്പെടുത്താൻ എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തയാണ് രണ്ടാം വരവിൽ ഉടനീളം റോബിനെ അലട്ടിയത്. സോഷ്യൽ മീഡിയയിൽ റോബിനോട് കൊമ്പു കോർത്തിട്ടുള്ള അഖിൽ മാരാർ ആയിരുന്നോ റോബിന്റെ ലക്ഷ്യം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാരാരെ പുറത്താക്കിയാൽ ഹീറോ പരിവേഷത്തോടെ പുറത്തിറങ്ങി ടോക്സിക് ഫാൻസിനെ തൃപ്തിപ്പെടുത്താം! കിട്ടിയ അവസരം മുതലെടുത്ത്, ജുനൈസിനെ ഉപയോഗിച്ച് ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ മാരാരെ പുറത്താക്കാനുള്ള തന്ത്രം റോബിനിറക്കി. എന്നാൽ റോബിന്റെ ഈ നീക്കം പാളി. ബിഗ് ബോസ് ഇടപ്പെട്ട് നടത്തിയ ചർച്ചയ്ക്കിടയിൽ മാരാരും ജുനൈസും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുകയും കൈകൊടുത്ത് പിരിയുകയും ചെയ്തത് കടുത്ത നിരാശയിലാണ് റോബിനെ എത്തിച്ചത്. അതാണ് അലർച്ചയായും വെല്ലുവിളിയായുമൊക്കെ പുറത്തുവന്നത്. ഷോയെയും പ്രേക്ഷകരെയും ബിഗ് ബോസിനെയും ഒരുപോലെ വെല്ലുവിളിക്കുന്നതായിരുന്നു തുടർന്ന് റോബിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തികൾ. ഒടുവിൽ, അച്ചടക്ക നടപടിയുടെ ഭാഗമായി റോബിൻ പുറത്തു പോവുകയും ചെയ്തു.
റോബിനു പിഴച്ചതെവിടെ?
രജിത്- റോബിൻ-മാരാർ എന്നീ ത്രയങ്ങളെ എടുത്താൽ പൊതുവായ ഒരു ഘടകം അവരുടെ ടോക്സിക് ഫാൻസമൂഹം ആണ്. ആശയപരമായി മാരാരും രജിതും സമൂഹത്തിലേക്കു തെറ്റായ സന്ദേശങ്ങൾ പകരുന്നുണ്ടെങ്കിലും, എന്റർടെയിനർ, പെർഫോമർ എന്നീ നിലകളിൽ ഇരുവരെയും ആർക്കും തള്ളികളയാനാവില്ല. പറയാനുള്ള ആശയങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള സാമർത്ഥ്യവും മാരാർക്കും രജിത്തിനുമുണ്ട്. അതേസമയം, മറ്റൊരാളുടെ തട്ടകത്തിലെത്തി അവിടെ വാക്കുകൊണ്ടോ സംസാരം കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ഷോ സ്റ്റീലറായി മാറാൻ മാത്രം ചാമിംഗായൊരു വ്യക്തിത്വം റോബിനു അവകാശപ്പെടാനില്ല.
സംയമനമില്ലായ്മയുടെ പേരിൽ ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ടാമത്തെ തവണയും പുറത്തായ റോബിൻ, പുറത്തിറങ്ങിയിട്ടും തന്റെ വീഴ്ചയെ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഷോ ഫേക്കാണെന്നും സ്ക്രിപ്റ്റഡാണെന്നുമൊക്കെയുള്ള റോബിന്റെ ആരോപണങ്ങൾ നല്ലൊരു വിഭാഗം ആളുകളും നോക്കി കാണുന്നത് വെറും കൊതികെറുവു തീർക്കലായാണ്. റോബിൻ എന്ന ഉൾകാമ്പില്ലാത്ത മത്സരാർത്ഥി പൂർണ്ണമായും പ്രേക്ഷകർക്ക് മുൻപിൽ എക്സ്പോസ് ചെയ്യപ്പെട്ടു. കൂവി വിളിക്കുക എന്നതിനപ്പുറത്ത് കൃത്യമായി ഒന്നിനെക്കുറിച്ചും ആശയപരമായി സംസാരിക്കാനുള്ള സാമർത്ഥ്യമില്ലെന്ന് റോബിൻ തന്നെ വീണ്ടും തെളിയിച്ചു. ബിഗ് ബോസ് അണിയറ പ്രവർത്തകരോട് കേരള ജനത നന്ദി പറയേണ്ടത് സീസൺ അഞ്ചിലേക്ക് റോബിനെ അതിഥിയായി ക്ഷണിച്ചതിന്റെ പേരിലാണ്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുക എന്നൊരു നാട്ടുപ്രയോഗമുണ്ട്. ഒരുതരത്തിൽ റോബിനെ ഷോയിലേക്ക് വീണ്ടും ക്ഷണിച്ചത് വഴി അതാണ് സാധ്യമായിരിക്കുന്നത്.
‘റോബിൻ യുഗം’ സമൂഹത്തോട് പറയുന്നത്
മാസ് ബിജിഎം ഇട്ട് ആഘോഷമാക്കുന്ന ഏത് ടോക്സിസിറ്റിയും ഒരുനാളിൽ പ്രേക്ഷകർക്ക് മടുക്കുക തന്നെ ചെയ്യും. ഒരേ ചേഷ്ടകൾ കൊണ്ട് എല്ലാവരെയും എല്ലാകാലത്തും പിടിച്ചുനിർത്തില്ല. ആവർത്തനവിരസത എന്ന വാക്കിൽ സത്യമുണ്ട്. അതുകൊണ്ടാണ് മാനറിസങ്ങളുടെ പേരിൽ ഒരിക്കൽ ആഘോഷിക്കപ്പെട്ട പല നടന്മാരും പിന്നീട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുവെന്ന പ്രേക്ഷകരുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നത്. കഴിഞ്ഞ ഒരു വർഷമായി റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയിൽ നിന്നും ഒരേ അലർച്ചയും ‘അയാം റോബിൻ രാധാകൃഷ്ണൻ, ദിസിസ് വാട്ട് ഐ ഡൂ ഡയലോഗും’ തന്നെയാണ് പ്രേക്ഷകരിലേക്ക് സ്പ്രെഡ് ചെയ്തുകൊണ്ടിരിക്കുന്നത്. അതേ അഗ്രഷനിൽ തന്നെ മുങ്ങികിടന്ന നവീകരിക്കപ്പെടാത്തൊരു മനുഷ്യനായിരുന്നു റോബിൻ. എവിടെയാണ് തെറ്റിപ്പോയതെന്ന് മനസ്സിലാക്കാനും തിരുത്താനും ശ്രമിക്കാതെ ഇനിയും അതേ വഴിയിലൂടെ സഞ്ചരിച്ചാൽ, റോബിൻ തന്നെ വിശേഷിപ്പിച്ച ‘റോബിൻ യുഗ’ത്തിന്റെ പതനം വിദൂരമല്ല.
ബിഗ് ബോസ് എന്ന ഷോ ആഗോളതലത്തിൽ ശ്രദ്ധ നേടിയത് അതിന്റെ പ്രത്യേക ഫോർമാറ്റ് കാരണമാണ്. മത്സരാർത്ഥികൾക്കുള്ളിലെ നെഗറ്റിവിറ്റി, നിസ്സഹായത, വേദന, സത്യസന്ധത, സ്നേഹം, പ്രണയം, സൗഹൃദം എല്ലാം കൃത്യമായി പുറത്തുകൊണ്ടുവരുന്നുണ്ട് ഓരോ ബിഗ് ബോസ് ഷോയും. ഒരു മത്സരാർത്ഥിയ്ക്കും തന്റെ ഇഷ്ടത്തിന് അനുസരിച്ച് പൂർത്തിയാക്കാൻ കഴിയുന്ന ഒന്നല്ല ഈ ഷോ. അവിടെ എല്ലാം മാറിക്കൊണ്ടിരിക്കും. ആകസ്മികമായ സംഭവ വികാസങ്ങളും ഡ്രാമകളുമൊക്കെ പ്ലാനിംഗ് തെറ്റിക്കും. ഇമേജുകളെ പൊളിച്ചടുക്കും. ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങൾക്ക് മത്സരാർത്ഥികളെ സ്വാധീനിക്കാനാവും. എല്ലാറ്റിനുമുപരി മത്സരാർത്ഥികളെ കൃത്യമായി ഓഡിറ്റ് ചെയ്യുന്ന പ്രേക്ഷകരും ഷോയുടെ ഭാഗമാണ്. അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളെ മറികടക്കാൻ അതുവരെ പഠിച്ചുവച്ച പാഠങ്ങൾ ചിലപ്പോൾ കൈവിടേണ്ടി വരും. പ്രവചനാതീതമായ ഈ ഘടകങ്ങളാണ് ബിഗ് ബോസ് എന്ന ഷോയെ ഇത്രയേറെ ജനപ്രിയമാക്കുന്നത്.
ഈ ഷോയിൽ ഒരു മത്സരാർത്ഥിയ്ക്കും ബിഗ് ബോസിലും അതീതനാവാൻ സാധിക്കില്ല. ഒർജിനലായി നിന്ന് തന്നോടു തന്നെ സത്യസന്ധമായി പെരുമാറുക എന്നതേ മാർഗ്ഗമുള്ളൂ. അതൊരർത്ഥത്തിൽ വ്യക്തിപരമായ പ്യൂരിഫിക്കേഷനാണ് മത്സരാർത്ഥികളിൽ നടത്തുന്നത്. അത്തരമൊരു സോഷ്യൽ എക്സ്പെരിമെന്റൽ ഷോയേയും അതിൻറെ പ്രേക്ഷകരെയും മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിച്ചിടത്താണ് റോബിൻ രാധാകൃഷ്ണൻ പരാജയപ്പെട്ടു പോയത്. അപ്രതീക്ഷിതമായി ലഭിച്ച രണ്ടാം ചാൻസിനെ പക്വതയോടെ കൈകാര്യം ചെയ്യാൻ റോബിനു സാധിച്ചില്ല.