Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിൽ അതിഥിയായി എത്തിയ സീസണ്‍ നാലിലെ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത് കഴിഞ്ഞ ദിവസമാണ്. ഷോയുടെ നിയമങ്ങൾ തെറ്റിക്കുകയും വീടിനകത്ത് സംയമനം വിട്ട് പെരുമാറിയതുമാണ് റോബിനു വിനയായത്. ഈ ഷോ നടത്താൻ ഞാൻ സമ്മതിക്കില്ല എന്ന് ബിഗ് ബോസിനെയും വെല്ലുവിളിച്ച റോബിനെ ഷോയിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.
ഷോയിൽ നിന്നും പുറത്തായ റോബിൻ ബിഗ് ബോസ് ഷോയ്ക്ക് എതിരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് നടത്തികൊണ്ടിരിക്കുന്നത്. ആളുകളെ പറ്റിക്കുന്നതാണ് ബിഗ് ബോസ് ഷോ എന്നൊക്കെയുള്ള റോബിന്റെ ആരോപണങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് രണ്ടാം സീസണിലെ മത്സരാർത്ഥിയായ ഡോ. രജത് കുമാർ. റോബിനൊപ്പം രജത് കുമാറും സീസൺ അഞ്ചിൽ അതിഥിയായി എത്തിയിരുന്നു. എന്താണ് വീടിനകത്ത് സംഭവിച്ചത് എന്ന് നേരിൽ കണ്ടറിഞ്ഞ വ്യക്തിയാണ് രജിത്.
റോബിന്റെ വാദം നൂറു ശതമാനവും കള്ളമാണെന്നാണ് രജിത് വ്യക്തമാക്കുന്നത്. “ഷോ സ്ക്രിപ്റ്റഡ് എന്നും ഫേക്ക് എന്നും പറയുന്നത് നൂറുശതമാനം തെറ്റാണ്. ഒരിക്കലും തെറ്റായ സന്ദേശങ്ങളും കള്ളത്തരങ്ങളും ജനങ്ങളിലേക്ക് കൊടുത്ത് അവരെ തെറ്റിദ്ധരിപ്പിക്കരുത്. ഞാനാണോ റോബിനാണോ സത്യം പറയുന്നത് എന്ന് ജനത്തിന് അറിയാം. ഞാന്‍ ബിഗ്ബോസ് സീസൺ രണ്ടിൽ നിന്നും പുറത്തായിട്ടും ഒരിക്കലും പറഞ്ഞിട്ടില്ല ആടിനെ പട്ടിയാക്കുന്ന ഷോ എന്ന്,” രജത് പറയുന്നു.
ഒരു വീട്ടില്‍ വിരുന്ന് വന്നിട്ട് അവിടെയുള്ളവരെ ദ്രോഹിച്ചാല്‍ അവർക്ക് ആരും പരവതാനി വിരിക്കില്ല, പുറത്താക്കുക തന്നെയാണ് ചെയ്യുകയെന്നും രജിത് കൂട്ടിച്ചേർത്തു. എപ്പിസോഡുകൾ കണ്ട ശേഷം റോബിൻ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുമെന്നും രജിത് കുമാർ പറഞ്ഞു.