Bigg Boss Malayalam Season 5: അഞ്ചാം സീസണിലെ ബിഗ് ബോസ് ജീവിതം 70 ദിവസങ്ങളിലേക്ക് അടുക്കുകയാണ്. പതിനെട്ടു മത്സരാർത്ഥികളായി ആരംഭിച്ച അഞ്ചാം സീസണിപ്പോൾ 12 പേരിലെത്തി നിൽക്കുകയാണ്. ഓരോ ദിവസങ്ങൾ കഴിയുന്തോറും മത്സരത്തിന്റെ കാഠിന്യം വർധിക്കുകയാണ്. ഹൗസിനകത്തു മാത്രമല്ല പുറത്തും ബിഗ് ബോസ് ചർച്ചകളാണ് നിറയുന്നത്. ഈ ആഴ്ച്ച നടന്ന വീക്ക്‌ലി ടാസ്ക്കായ സന്മനസ്സുള്ളവർക്ക് സമാധാനം എന്നതിൽ മത്സരവീര്യത്തിനൊപ്പം ചെറിയ പൊട്ടിത്തെറികളുമുണ്ടായി.
ടാസ്ക്കിന്റെ തുടക്കത്തിൽ തന്നെ ആരെയും പ്രോപിപ്പിക്കരുതെന്നും ആരാലും പ്രകോപിതരാകരുതെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. അങ്ങനെ പ്രകോപിതരായാൽ മത്സരാർത്ഥികൾക്കു വന്ന് ബസ്സർ അടിക്കുകയും അതേ റൗണ്ട് റദ്ദാക്കപ്പെടുകയും ചെയ്യും. നാലു മത്സരങ്ങളാണ് നടന്നത്, ആദ്യത്തേത് പഞ്ഞി നിറയ്ക്കൽ ടാസ്ക്കായിരുന്നു. ഏറ്റവും കുറവ് പഞ്ഞി പെട്ടിയിൽ നിറയ്ക്കുന്നവർ ഓരോ റൗണ്ട് കഴിയുമ്പോഴും പുറത്താകും എന്ന രീതിയിലായിരുന്നു മത്സരം. സാഗർ മത്സരത്തിൽ നിന്ന് പുറത്തായതിനു ശേഷം ചെയ്ത പ്രവർത്തികളാണ് ജയിൽ നോമിനേഷനിൽ വരാൻ കാരണം. മത്സരാർത്ഥികൾ ഓരോ റൗണ്ടിലായി നേടുന്ന പോയിന്റാണ് ലക്ഷ്വറി പോയിന്റെന്ന് അറിഞ്ഞിട്ടും സാഗർ മനപൂർവ്വം പ്രകോപിപ്പിക്കുകയും കൃത്യമായ കാരണങ്ങളില്ലാതെ ബസ്സറടിക്കുകയും ചെയ്തു. സാഗർ രണ്ട് ബസ്സറടിക്കുകയും തുടർന്ന് അഖിലിന്റെ മൂന്നാമത്തെ ബസ്സറോടെ മത്സരം റദ്ദാക്കപ്പെട്ടു.
റാങ്ക് നിർണയിക്കുന്ന മത്സരത്തിലെ പ്രകടനത്തിനാണ് നാദിറ നോമിനേറ്റ് ചെയ്യപ്പെട്ടത്. ഭൂരിഭാഗത്തിന്റെ അഭിപ്രായം മാനിക്കാതെ ഒന്നാം സ്ഥാനത്തു തന്നെ നാദിറ നിൽക്കുകയും ആവശ്യമില്ലാതെ ബസ്സറടിക്കുകയും ചെയ്തതാണ് നാദിറയ്ക്കു നേരെ ഉയർന്ന പരാതി. ജുനൈസിനെയും ജയിൽ നോമിനേഷനിലേക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാൽ ബിഗ് ബോസ് നൽകിയ റോസ്റ്റിങ്ങ് ടാസ്ക്കിലൂടെ ജുനൈസ് ജയിൽ വാസത്തിൽ നിന്ന് രക്ഷ നേടി.
ടാസ്ക്കിനിടയിൽ ജുനൈസ് പറഞ്ഞ വാചകമാണ് പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. നാദിറയുടെ ആഗ്രഹം സാഗറിനൊപ്പം ജയിൽ പോകുക എന്നതാണെന്ന് ജുനൈസ് പറഞ്ഞു. ഇതു നാദിറ പറഞ്ഞതായി തനിക്കറിയാമെന്നും ജുനൈസ് കൂട്ടിച്ചേർത്തു. ഇരുവരെയും വലിയ ആരവങ്ങളോടെയാണ് എല്ലാവരും ചേർന്ന് ജയിലിലേക്ക് അയച്ചത്. മാല പരസ്പരം അണിയിക്കാൻ നാദിറ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സാഗർ വിസമ്മതിച്ചു. ജയിൽ ടാസ്ക്കായി നൽകിയ മുത്തു കോർക്കൽ ടാസ്ക്കിലൂടെ ഉണ്ടാക്കിയ മാല തനിക്ക് നൽകുമോയെന്ന് നാദിറ ചോദിക്കുന്നുണ്ട്. ഇരുവരുടെയും പ്രണയ നാടകത്തിന് പുതിയ സ്ഥലം ലഭിച്ചെന്നും ഇവിടെയിരുന്ന് കണ്ടന്റ് ഉണ്ടാക്കിക്കോളൂയെന്നുമാണ് ജുനൈസ് പറയുന്നത്.