Bigg Boss Malayalam Season 5: വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആരംഭിച്ച ഒരു ഈസ്റ്റർ എപ്പിസോഡ് സംഘർഷങ്ങളിൽ മുങ്ങിപോവുന്ന കാഴ്ചയ്ക്കാണ് ഇന്നലെ ബിഗ് ബോസ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. വളരെ നാടകീയമായ ചില സംഭവങ്ങൾ ബിഗ് ബോസ് വീടിനകത്ത് സംഭവിക്കുകയും മത്സരാർത്ഥികൾ തമ്മിലുള്ള വാക്കേറ്റങ്ങൾ അതിരുകടന്നപ്പോൾ ഷോ മുഴുവനാക്കാതെ മോഹൻലാൽ മടങ്ങുകയായിരുന്നു.
“മനോഹരമായൊരു ഈസ്റ്റർ ദിവസം എത്രയോ മൈലുകൾ സഞ്ചരിച്ച് നിങ്ങളെ കാണാനാണ് വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളാണ് സംഭവിച്ചത്. അതിനാൽ ഞാൻ ഈ ഷോ ഇവിടെ വച്ചു അവസാനിപ്പിക്കുന്നു,” ദേഷ്യത്തോടെ ലൈൻ കട്ട് എന്നു പറഞ്ഞ് മോഹൻലാൽ വേദി വിട്ട് പോവുകയായിരുന്നു.
മോഹൻലാലിന്റെ അപ്രതീക്ഷിതമായ ഇറങ്ങിപ്പോക്ക് മത്സരാർത്ഥികൾക്കും ഷോക്കായി. വീടിനകത്ത് നടന്ന സംഭവങ്ങൾ ഇത്തരത്തിൽ കലാശിച്ചതിൽ മത്സരാർത്ഥികളും ദുഖിതരാണ്. മത്സരാർത്ഥികൾ ഒന്നിച്ച് പ്ലാസ്മ ടിവിയ്ക്ക് മുന്നിൽ വന്നു നിന്ന് മോഹൻലാലിനോട് മാപ്പു പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എന്താണ് ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത്?
ഈസ്റ്റർ ദിനത്തിൽ എഗ്ഗ് കളക്റ്റ് ചെയ്യുന്ന ഒരു ഗെയിം മോഹൻലാൽ മത്സരാർത്ഥികൾക്കായി നൽകിയിരുന്നു. മത്സരാർത്ഥികൾ നാലു ടീമുകളായി തിരിഞ്ഞ ഗെയിമിൽ വിധികർത്താവ് ആഞ്ചലീനയും അനൗൺസർ റെനോഷുമായിരുന്നു. ഗെയിമിനിടെയുണ്ടായ ചെറിയ വഴക്കിനിടയിൽ മാരാർ ഉപയോഗിച്ച ചില വാക്കുകൾ മറ്റു മത്സരാർത്ഥികളെ പ്രകോപിപ്പിച്ചു.
ഗെയിമിനു ശേഷം വീണ്ടും ലിവിംഗ് ഏരിയയിൽ എത്തിയ മത്സരാർത്ഥികൾ ഇതിനെ ചൊല്ലി വഴക്കിട്ടു. ഗെയിമിനിടയിൽ മാരാർ ആരുടെയോ ‘അമ്മൂമ്മ’യെ കുറിച്ച് മോശമായി പറയുന്നതു കേട്ടെന്നും അതു മോശമായെന്നും എന്നെയായിരുന്നെങ്കിൽ തീർച്ചയായും ഞാനതു ചോദ്യം ചെയ്തേനേ എന്നുമായിരുന്നു റെനീഷ മോഹൻലാലിനു മുൻപിൽ വച്ച് പറഞ്ഞത്. മറ്റു മത്സരാർത്ഥികളും മാരാറിന്റെ ആ പ്രസ്താവന തെറ്റാണെന്നു ചൂണ്ടികാട്ടി. മാരാർ മാപ്പു പറയണം എന്നായിരുന്നു ഏവരുടെയും ആവശ്യം. മോഹൻലാലിന്റെയും സഹമത്സരാർത്ഥികളുടെയും മുന്നിൽ വച്ച് മാരാർ എല്ലാവരോടുമായി പൊതുവായി മാപ്പു പറയുകയും ചെയ്തു.
കഴിഞ്ഞയാഴ്ചയിലെ ക്യാപ്റ്റനായിരുന്ന മാരാർ ക്യാപ്റ്റൻസി ബാഡ്ജ് സാഗറിനു കൈമാറുന്നതായിരുന്നു അടുത്ത പരിപാടി. ബാഡ്ജ് സ്വീകരിക്കുന്നതിനു മുൻപ് മാരാർ ഗെയിമിനിടെ തന്നെയും ജുനൈസിനെയും വ്യക്തിപരമായി പറഞ്ഞ തെറിയ്ക്കും മാപ്പു പറയണമെന്ന് സാഗർ ആവശ്യപ്പെട്ടു. എന്നാൽ മാത്രമേ ബാഡ്ജ് സ്വീകരിക്കൂ എന്നും. കോപാകുലനായ മാരാർ ബാഡ്ജ് വലിച്ചെറിഞ്ഞത് മോഹൻലാലിനെയും മത്സരാർത്ഥികളെയും ഒരുപോലെ നിരാശരാക്കി.
സാഗറിനെയും മാരാറിനെയും ബിഗ് ബോസ് വ്യക്തിപരമായി വിളിച്ച് എന്താണ് പ്രശ്നം എന്നു തിരക്കി. പക്ഷേ അതിനു ശേഷവും മാരാർ മാപ്പു പറയാൻ തയ്യാറാവാതെ വന്നപ്പോൾ വീടിനകത്ത് വീണ്ടും വാക്കേറ്റങ്ങൾ അരങ്ങേറി. തുടർച്ചയായുള്ള ഈ വാക്കേറ്റങ്ങളിൽ സഹിക്കെട്ടായിരുന്നു മോഹൻലാലിന്റെ ഇറങ്ങിപ്പോക്ക്.