ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശോഭയുടെ പ്രവർത്തനങ്ങളും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
നിരവധി പ്രതിസന്ധികളെ മറികടന്നുവന്ന വ്യക്തി കൂടിയാണ് ശോഭ. താൻ ഒരു മാരിറ്റൽ റേപ്പിന്റെ ഇരയായിരുന്നുവെന്നാണ് തന്റെ വിവാഹമോചനത്തിനു പിന്നിലെ കാരണത്തെ കുറിച്ച് ശോഭ ഒരിക്കൽ പറഞ്ഞത്. മദ്യത്തിന് അടിമയായിരുന്നു തന്റെ ഭർത്താവെന്നും മദ്യപിച്ചെത്തി തന്നെ സ്ഥിരമായി ലൈംഗികമായി ഉപദ്രവിക്കുമായിരുന്നുവെന്നും ശോഭ വെളിപ്പെടുത്തുന്നു. “ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നു ആ കാലത്ത്. പല രാത്രിയിലും അയാളെ ഭയന്ന് ബാത്‌റൂമില്‍ ഇരുന്നു ഉറങ്ങിയിട്ടുണ്ട്. ഒടുവില്‍ ഗത്യന്തരമില്ലാതെ പോലിസിനെ വിളിക്കേണ്ട ഗതികേട് പോലും ഉണ്ടായി. മൂന്ന് വര്‍ഷത്തോളം അയാളുടെ ക്രൂരതകള്‍ സഹിച്ചു. ഒടുവിൽ ആ ജീവിതത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നു,” ശോഭ പറഞ്ഞു.
ടോക്സിക്കായ വിവാഹബന്ധത്തിൽ നിന്നും മുക്തി നേടിയെങ്കിലും പ്രതിസന്ധികൾ ശോഭയെ വിട്ടൊഴിഞ്ഞിരുന്നില്ല. 2021 ജനുവരി 31നാണ് വീണ്ടും ശോഭയെ തേടി ഒരു ഊരാകുടുക്ക് എത്തിയത്. തിരുവനന്തപുരത്തെ ശോഭയുടെ വീവേഴ്‌സ് വില്ലേജിൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് ശോഭയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. സംഭവം വലിയ വാർത്തയായി. ശോഭയുടെ ബിസിനസിനയും അത് സാരമായി ബാധിച്ചു. എന്നാൽ അതിലൊന്നും തളരാതെ തന്റെ നിരപരാധിത്വം തെളിയിക്കാനായി ശോഭ നിയമപോരാട്ടത്തിനിറങ്ങി.
മുഖ്യമന്ത്രിയ്ക്കും പൊലീസ് ഡയറക്ടർ ജനറലിനും കത്തെഴുതി. മുഖ്യമന്ത്രി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ ശോഭ നിരപരാധിയാണെന്നു വ്യക്തമായി. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാൽ ശോഭയുടെ സുഹൃത്തായിരുന്ന ഹരീഷ് എന്ന വ്യക്തിയാണ് ശോഭയെ കള്ളക്കേസിൽ കുടുക്കിയതെന്ന് തെളിഞ്ഞു. ശോഭയെ കുടുക്കാനായി തുണിക്കടയിലെ ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ കടയിൽ കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു ഹരീഷ് എന്നു പൊലീസ് കണ്ടെത്തി. അതോടെ ശോഭയുടെ പേരിലുള്ള കേസ് റദ്ദ് ചെയ്യപ്പെട്ടു.