Bigg Boss Malayalam Season 5: കൊച്ചു കുട്ടികൾ മുതൽ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഏറ്റെടുത്ത ‘ഹുക്ക് അപ്പ്’ സ്റ്റെപ്പുകളിൽ ഒന്നായിരുന്നു ‘ജയ ജയ ജയ ജയഹേ’യിലെ ഡാൻസ് സ്റ്റെപ്പ്. ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേരളത്തിൽ അങ്ങോളുമുളള വേദികളിൽ നിറഞ്ഞ് നിന്ന് ആരാധകർക്കൊപ്പം ചെയ്ത, തോൾ മാത്രം ചലിപ്പിച്ചു കൊണ്ടുള്ള ‘ഹുക്ക് സ്റ്റെപ്പ്’ ചിത്രത്തിന് കൊടുത്ത ‘ഹൈപ്പ്’ ചെറുതൊന്നുമല്ല. ഇന്ന് ചിത്രത്തിന്‍റെ പേര് കേട്ടാൽ ഭൂരിഭാഗം ആളുകളുടെ മനസ്സിലേക്കും ഓടിയെത്തുന്നത് ആ സ്റ്റെപ്പായിരിക്കും. ‘ജയ ജയ ജയ ജയഹേ’ ആ സ്റ്റെപ്പ് ക്രിയേറ്റ് ചെയ്തത് താനാണെന്നാണ് വെളിപ്പെടുത്തുകയാണ് ബിഗ് ബോസ് താരം ജുനൈസ്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തും മുൻപ് നൽകിയ ഒരു അഭിമുഖത്തിനിടയിലാണ് ജുനൈസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ജയ ജയ ജയഹേയിലെ ആ ഡാൻസ് സ്റ്റെപ്പ് ഞാൻ ക്രിയേറ്റ് ചെയ്തതാണ്. ആ ചിത്രത്തിന്റെ പ്രമോഷന് പോയതായിരുന്നു. ഒരു സജഷൻ കൊടുത്ത് ചെയ്യിപ്പിച്ചതാണ്. എന്റെ മാസ്റ്റർ പീസ് സ്റ്റെപ്പ് ആണത്. ഒരു റീലിനു വേണ്ടി ചെയ്യിപ്പിച്ചതായിരുന്നു. പിന്നീട് ബേസിൽ അത് ഒരു കോളേജിൽ പരിപാടിയ്ക്ക് പോയപ്പോഴും അവതരിപ്പിച്ചു. ലക്ഷക്കണക്കിന് റീലുകളാണ് പിന്നെ വന്നത്,” ജുനൈസ് പറയുന്നു.
മലയാള സിനിമയിൽ അത്ര സുപരിചിതമല്ലായിരുന്ന ‘ഹുക്ക് അപ്പ്’ സ്റ്റെപ്പുകൾ അരങ്ങു വാണ കാലമാണ് 2022. ഒരു ഗാനരംഗത്തെ അടയാളപ്പെടുത്തുന്ന പ്രധാന ഡാൻസ് സ്റ്റെപ്പിനെയാണ് ഹുക്ക് അപ്പ് സ്റ്റെപ്പ് എന്ന് പറയുന്നത്. സ്റ്റെപ് കണ്ടു മാത്രം സിനിമയും ഗാനവും തിരിച്ചറിയാനാകും എന്നത് ഒരു ഗുണകരമായ കാര്യമാണ്. ഡാൻസ് ചല്ലഞ്ചുകൾ, റീൽസ്(ഇൻസ്റ്റഗ്രാം), ഷോർട്സ്(യൂട്യൂബ്) എന്നീ രൂപങ്ങളിലായി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസിന്‍റെ പ്രൊഫൈലുകളിൽ എല്ലാം നിറഞ്ഞു നിന്ന ഒന്നായിരുന്നു ‘ജയ ജയ ജയ ജയഹേ’യിലെ ഹുക് അപ്പ് സ്റ്റെപ്പ്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥികളിൽ ഒരാളാണ് സോഷ്യൽ മീഡിയ താരമായ ജുനൈസ്. ആക്ഷേപഹാസ്യ വീഡിയോകളിലൂടെയാണ് ജുനൈസ് ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജുനൈസ് ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വ്ളോഗിംഗിലേക്ക് എത്തുന്നത്.