Bigg Boss Malayalam Season 5: വളരെ കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചലീന മരിയ. കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ് സീസൺ ഫൈവിൽ നിന്നും എയ്ഞ്ചലീന പുറത്തായത്. ആദ്യ ആഴ്ചയിലെ മോശം പ്രകടനമൊക്കെ മാറ്റിവച്ച് കുറച്ചുകൂടി സജീവമായി ഗെയിമിൽ നിൽക്കുന്നതിനിടയിലാണ് എയ്ഞ്ചലിനയ്ക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് വരേണ്ടി വന്നത്.
ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു ഇരുപതുകാരിയായ എയ്ഞ്ചലീന മരിയ. തൃശൂർ സ്വദേശിയായ എയ്ഞ്ചലീന നടി, മോഡൽ എന്നീ നിലകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഒമർ ലുലു ചിത്രം ‘നല്ല സമയ’ത്തിലൂടെ എയ്ഞ്ചലീന സിനിമയിലും മുഖം കാണിച്ചു. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും എയ്ഞ്ചലീന പ്രത്യക്ഷപ്പെട്ടിരുന്നു.
എയ്ഞ്ചലീനയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
അതേസമയം, മുംബൈയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയിരിക്കുകയാണ് എയ്ഞ്ചലീൻ. തിങ്കളാഴ്ച ഉച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ ഏഞ്ചലീൻ മാധ്യമങ്ങളോടും സംസാരിച്ചിരുന്നു. “എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. വോട്ട് കുറഞ്ഞ് പോയതു കൊണ്ടാണ് ഞാൻ പുറത്തായത്. പക്ഷെ വിഷമമൊന്നുമില്ല. കപ്പ് കീഴടക്കാൻ പറ്റിയില്ലെങ്കിലും ഒരുപാട് ഹൃദയം കീഴടക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കപ്പ് കാശ് കൊടുത്താലും മേടിക്കാമല്ലോ, പക്ഷെ സ്നേഹമങ്ങനെയല്ല. കേരള മണ്ണിന്റെ സ്നേഹം എനിക്ക് കിട്ടി, അതു മതി,” എന്നാണ് എയ്ഞ്ചലിൻ പറഞ്ഞത്.
ഒറിജിനലായിട്ടല്ലേ നിന്നത് എന്ന ചോദ്യത്തിന് അല്ല ഞാൻ ഫേക്കായിട്ടായിരുന്നു നിന്നതെന്നാണ് ഏഞ്ചലീൻ തമാശപൂർവ്വം പറഞ്ഞത്. ആദ്യ ആഴ്ചയിൽ തനിക്ക് കുറച്ച് ഓസിഡി പ്രശ്നങ്ങളുണ്ടായിരുന്നെന്നും റിനോഷേട്ടനാണ് തന്നെ അതിൽ നിന്നെല്ലാം മാറ്റിയെടുത്തതെന്നും ഏഞ്ചലീൻ പറഞ്ഞു. ഹൗസിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട മത്സരാർത്ഥി റിനോഷ് ആണെന്നും ഏഞ്ചലീൻ കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉയരുന്ന ട്രോളുകളോടും ഏഞ്ചലീൻ പ്രതികരിച്ചു. “ട്രോളന്മാർക്ക് എന്നോട് പ്രേമമാണ്. ട്രോളുകൾ പണ്ട് മുതലേയുണ്ട്. അവരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ” ഏഞ്ചലീന്റെ വാക്കുകളിങ്ങനെ.