താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് കാണാനിഷ്ടമാണ്. അതുകൊണ്ടു തന്നെ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന അത്തരം ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാൻ താരങ്ങൾ മടിക്കാറുമില്ല.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി, വിട പറഞ്ഞ അമ്മയുടെ ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സാഗർ സൂര്യ.
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് സാഗർ സൂര്യ. തൃശൂർ സ്വദേശിയായ സാഗർ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെയാണ്ശ്രദ്ധ നേടിയത്. ഉപചാരപൂർവ്വം ഗുണ്ടാജയൻ, ജോ ആൻഡ് ജോ, കുരുതി, കാപ്പ, കുറി തുടങ്ങിയ ചിത്രങ്ങളിലും സാഗർ തിളങ്ങിയിരുന്നു. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരിക്കുകയാണ് സാഗർ.
മൂന്നു വർഷങ്ങൾക്കു മുൻപായിരുന്നു സാഗറിന് അമ്മയെ നഷ്ടമായത്. 2020 ജൂൺ 11ന് ആയിരുന്നു സാഗറിന്റെ അമ്മ മിനിയുടെ വിയോഗം.
അമ്മയുടെ നഷ്ടം ഉണ്ടാക്കിയ ശൂന്യതയെ കുറിച്ച് പലപ്പോഴും സാഗർ സംസാരിച്ചിട്ടുണ്ട്. രണ്ടു വർഷം മുൻപ് പങ്കുവച്ചൊരു വീഡിയോയിൽ അമ്മയെ കുറിച്ച് സാഗർ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്.
‘‘നമ്മുടെ പാരന്റ്സിനെ ഏതൊക്കെ രീതിയിൽ ഹാപ്പി ആക്കാൻ പറ്റുമോ അതൊക്കെ നമ്മൾ ചെയ്യണം. ഒരുപക്ഷേ നമുക്ക് കിട്ടുന്ന സാലറിയും കാര്യങ്ങളുമൊക്കെ വളരെ കുറവായിരിക്കും. എന്നാൽ കൂടി നമ്മുടെ പരിമിധികളിൽ നിന്നുകൊണ്ട് പറ്റുന്ന രീതിയിൽ, എങ്ങനെയൊക്കെ സന്തോഷിപ്പിക്കാൻ പറ്റൂമോ അതെല്ലാം ചെയ്തു കൊടുക്കാം. അവരുടെ ബെർത് ഡേ ആണെങ്കിലും വെഡ്ഡിങ് ആനിവേഴ്സറി ആണെങ്കിലും ഇഷ്ടപ്പെട്ട കൊച്ചു കൊച്ചു കാര്യങ്ങളാണെങ്കിലും നമുക്ക് ചെയ്തു കൊടുക്കാം. കാരണം അവരെ നഷ്ടപ്പെട്ടു കഴിഞ്ഞ് അച്ഛനും അമ്മയ്ക്കും വേണ്ടി ഒന്നും ചെയ്തുകൊടുക്കാൻ പറ്റിയില്ലല്ലോ എന്നുള്ളൊരു വിഷമം നമുക്ക് തോന്നരുത്. നമ്മുടെ കരിയറിന്റെ വളർച്ച എങ്കിലും അവർക്ക് കാണിച്ചു കൊടുക്കാൻ പറ്റണം. എനിക്ക് പേഴ്സണലായി പലതും മിസ്സിങ് തോന്നുന്നതുകൊണ്ടാണ് ഇതിപ്പോൾ പറയാൻ കാരണം. എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് എന്റെ അമ്മയാണ്. എന്റെ പരിപാടികളെല്ലാം റെഗുലർ ആയി കണ്ട് കാര്യങ്ങളെല്ലാം വ്യക്തമായി പറയുന്നത് അമ്മയായിരുന്നു. എന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്തിരുന്നതും അമ്മയായിരുന്നു. ഇന്ന് സ്വയം മോട്ടിവേറ്റ് ചെയ്യുന്നു, ഇഷ്ടപ്പെടുന്നവരും എന്നെ പിന്തുണയ്ക്കുന്നു. എങ്കിലും അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.”