ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിൽ മത്സരാർത്ഥിയായി എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് സംവിധായകൻ അഖിൽ മാരാർ. ചാനൽ ചർച്ചകളിലൂടെയും അഭിമുഖങ്ങളിലൂടെയുമൊക്കെ ശ്രദ്ധേയനായ അഖിലിന്റെ പല പരാമർശങ്ങളും മുൻപും വിവാദമായിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ എത്തിയതിനു ശേഷവും പലപ്പോഴും വീടിനകത്തുണ്ടാക്കിയ പ്രശ്നങ്ങളുടെയും ദേഷ്യപ്രകടനങ്ങളുടെയും പേരിൽ അഖിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വീടിനകത്തുള്ള മത്സരാർത്ഥികളിൽ പലരും ദേഷ്യം വരുമ്പോൾ അസഭ്യം പറയുന്ന അഖിലിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും വലിയ വാക്ക് തർക്കങ്ങളിലേക്ക് അതെത്തി ചേരുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശോഭയുമായുള്ള വാക്ക് തർക്കത്തിനിടെ താൻ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ തുറന്നു പറഞ്ഞിരുന്നു. അഖിലിന്റെ പരാമർശം ഷോയുടെ പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അതേസമയം, കഴിഞ്ഞയാഴ്ച ബിഗ് ബോസ് ഷോയിൽ നിന്നും എവിക്റ്റ് ചെയ്യപ്പെട്ട ഗോപിക അഖിലിനെ കുറിച്ചു പറഞ്ഞ പരാമർശവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഗർഭിണിയായിരിക്കെ താൻ ഭാര്യയെ തല്ലിയെന്ന് അഖിൽ മാരാർ പറഞ്ഞെന്നാണ് ഗോപിക ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുമ്പോൾ ഈ ആരോപണത്തിന് മറുപടി നൽകുകയാണ് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് രാജലക്ഷ്മി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ ആരോപണത്തിൽ കഴമ്പില്ലെന്നാണ് രാജലക്ഷ്മി പറയുന്നത്.
“എന്താണ് സുഹൃത്തുക്കളേ ഇങ്ങനെ. ഒരു സാധാരണ കുടുംബം തന്നെയാണ് എന്റേയും. എല്ലാ ദാമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന അതെ പ്രശ്‌നങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ ഞങ്ങള്‍ക്ക് ഇടയിലും ഉണ്ടാകാറുണ്ട്. എന്ന് കരുതി അത് വലിയ സംഭവം ആക്കി മാറ്റണ്ട ആരും. ഞങ്ങള്‍ക്കിടയിലെ പിണക്കങ്ങള്‍ പോലും ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഈ ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ് ആണ് എന്റെ അണ്ണന്‍. കാരണം എനിക്ക് എന്റേതായ ഒരു വ്യക്തിത്വം ഉണ്ട് എന്നും അതിലേക്ക് മറ്റാരേയും കൈ കടത്തരുതെന്നും പഠിപ്പിച്ച മനുഷ്യന്‍. ഞങ്ങള്‍ രണ്ട് പേരും പരസ്പരം ബഹുമാനിക്കുകയും സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നവരാണ്. എന്റെ അണ്ണന്‍ ഏറ്റവും നന്നായി, ഒരു കുഞ്ഞിനെ പോലെ നോക്കിയിരുന്ന സമയമാണ് ഞങ്ങളുടെ ഗര്‍ഭകാലം. പിന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടും പ്രഗ്നന്‍സി സമയത്ത് ഉണ്ടാക്കുന്ന ദേഷ്യവും വാശിയും ഒക്കെ എന്നെ മാനസികമായി തളര്‍ത്തിയപ്പോഴും എന്റെ അണ്ണന്‍ എന്റെ ഒപ്പം ഉണ്ടായിരുന്നു. ഒരു വാക്കു പോലും വഴക്ക് പറഞ്ഞില്ല എന്നെ. എപ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍. നമ്മുടെ കുഞ്ഞ്.”
“സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന വഴക്കുകള്‍ക്ക് ഇടയില്‍ ഞങ്ങള്‍ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറുണ്ട്. ദേഷ്യപ്പെടാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകുന്ന ചെറിയ തള്ളുകളും മറ്റും ആരും വലിയ സംഭവം ആക്കണ്ട. എല്ലാവരുടേയും വീട്ടില്‍ നടക്കുന്നതാണ് അതും. അഖില്‍ മാരാര്‍ ഒരു മനുഷ്യനാണ്. എന്റെ ഗര്‍ഭകാലത്ത് എന്നെ അദ്ദേഹം അടിച്ചു എന്ന് പറയുന്ന സ്റ്റേറ്റ്‌മെന്റ് തികച്ചും പൊള്ളയാണ്. സത്യം അറിയാതെ ആരും സംസാരിക്കരുത്. ആവശ്യം ഇല്ലാത്തത് പറയരുത്. അത് വീട്ടില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് എത്രത്തോളം വേദന ഉണ്ടാകുമെന്ന് ആലോചിക്കണം,” രാജലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചു.