Bigg Boss Malayalam Season 5: വഴക്കുകൾക്കും വാഗ്വാദങ്ങൾക്കും യാതൊരു ക്ഷാമവുമില്ലാത്ത ഒരിടമാണ് ബിഗ് ബോസ് വീട്. ബിഗ് ബോസ് വീടിനകത്ത് 45 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് മത്സരാർത്ഥികൾ. ഓരോ ആഴ്ച പിന്നിടുന്തോറും ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകുന്ന ടാസ്കുകളും കടുക്കുകയാണ്. മത്സരാർത്ഥികൾക്കിടയിലെയും സൗഹൃദവും ആത്മബന്ധവുമൊക്കെ മാറിമറിയുന്ന കാഴ്ചയാണ് ഓരോ ദിവസവും കാണുന്നത്.
വിഷ്ണുവും അനുവുമായുള്ള ഒരു ഉരസലാണ് ബിഗ് ബോസ് പ്രേമികളുടെ ശ്രദ്ധ കവരുന്നത്. ശോഭയും ശ്രുതിയും തമ്മിലുള്ള ഒരു വാക്കേറ്റത്തിന് സാക്ഷികളായി ഇരുന്ന രണ്ടുപേർ വിഷ്ണുവും മാരാരും ആയിരുന്നു. മുടി തനിക്കേറെ ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്ന് ശ്രുതിലക്ഷ്മി പറഞ്ഞതിൽ നിന്നുമാണ് വഴക്ക് തുടങ്ങിയത്. ആത്മവിശ്വാസം ഉള്ളിൽ നിന്നു വരേണ്ട കാര്യമാണെന്ന് ശോഭ ശ്രുതിയോട് തർക്കിച്ചു. ഞാൻ എന്റെ കാര്യമാണ് പറഞ്ഞതെന്ന് ശ്രുതിലക്ഷ്മി വിശദീകരിച്ചെങ്കിലും ശ്രുതിയുടെ പരാമർശത്തെ വിമർശിക്കുകയായിരുന്നു ശോഭ. ഇരുവരും തമ്മിലുള്ള വഴക്കിനിടയിൽ ശ്രുതി ലക്ഷ്മിയെ പിന്തുണച്ചു കൊണ്ട് അനുവും രംഗത്തു വന്നു.
അനുവും ശ്രുതിയും അനാവശ്യ കാര്യങ്ങൾക്ക് ശോഭ കയറി അഭിപ്രായം പറയുന്നതിനെ വിമർശിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എല്ലാം കണ്ട് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണു. ഇതാണ് അനുവിനെ ചൊടിപ്പിച്ചത്. ഒരാൾ സീരിയസ് ആയിട്ട് സംസാരിക്കുമ്പോൾ വെറുതെ ചിരിക്കരുത്, വളരെ മോശം കാര്യമാണത്, ഓരോരുത്തരും അവരുടെ സ്പേസിൽ നിന്നാണ് സംസാരിക്കുന്നത്, അതിനെ പരിഹസിക്കാൻ ആർക്കും അവകാശമില്ലെന്നായിരുന്നു അനു വിഷ്ണുവിനോട് പറഞ്ഞത്.
അനു താക്കീത് നൽകിയതോടെ അനുവിനോട് സോറി പറയാൻ വിഷ്ണു തയ്യാറായി.
മുൻപ്, ജുനൈസും മിഥുനുമൊക്കെ നോമിനേഷനിൽ സംസാരിക്കുന്ന സമയത്തും സമാനമായ രീതിയിൽ വിഷ്ണു കളിയാക്കി ചിരിച്ചത് പ്രേക്ഷകരുടെയും മത്സരാർത്ഥികളുടെയും വിമർശനം നേരിട്ടിരുന്നു.