scorecardresearch
Latest News

Bigg Boss Malayalam Season 5: വന്ന വഴി മറക്കരുത്; റോബിനോട് അനൂപ്

Bigg Boss Malayalam Season 5: “നിങ്ങൾക്ക് കിട്ടിയ വേദിയും അവസരങ്ങളും ജന്മനാ കിട്ടിയതല്ല. ഒരുപാട് പേർ ആഗ്രഹിക്കുന്നതാണ്. നല്ല രീതിയിൽ , ബുദ്ധിപരമായി വിനിയോഗിക്കുക. ഓർക്കുക, നാവാണ് ഏറ്റവും വലിയ ശത്രു”

Anoop Krishnan, Robin Radhakrishnan, Bigg Boss
അനൂപ് കൃഷ്ണൻ & റോബിൻ രാധാകൃഷ്ണൻ

Bigg Boss Malayalam Season 5: ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ പേരാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5ൽ അതിഥിയായി എത്തിയതായിരുന്നു സീസൺ നാലിലെ മത്സരാർത്ഥിയായ റോബിൻ. എന്നാൽ ഷോയുടെ നിയമങ്ങൾ ലംഘിക്കുകയും സംയമനം വിട്ട് പെരുമാറുകയും ചെയ്തതോടെ റോബിനെ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. പുറത്തിറങ്ങിയ റോബിൻ ബിഗ് ബോസ് ഷോയ്ക്കും അണിയറപ്രവർത്തകർക്കുമെതിരെ മോശമായ രീതിയിൽ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാം സീസണിലെ മത്സരാർത്ഥിയായ അനൂപ് കൃഷ്ണൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വന്ന വഴി മറക്കരുത് എന്നാണ് റോബിനോട് അനൂപ് പറയുന്നത്.

അനൂപിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

റോബിൻ രാധാകൃഷ്ണൻ എന്ന പേരിൽ വാദ-പ്രതിവാദങ്ങളും മറ്റും കഴിഞ്ഞ കുറച്ചു കാലങ്ങളിലായിട്ടു സോഷ്യൽ മീഡിയയിൽ ഉണ്ട് . പക്ഷെ ഇപ്പോൾ ഇവിടെ ഇങ്ങനെയൊരു കുറിപ്പ് എഴുതി ഇടുന്നത് എന്തെന്നാൽ, 2 വർഷങ്ങൾക്ക് മുൻപ്‌ ഒരു വ്യക്തി എനിക്ക് പേർസണൽ മെസ്സേജ് അയച്ചും, എനിക്ക് ഷൂട്ട് ഉള്ള സ്ഥലങ്ങളിൽ നിരന്തരം വന്നും, ഫോണിൽ പല തവണ വിളിച്ചും ഒരു ജീവിതാഭിലാഷത്തെക്കുറിച്ചു പറഞ്ഞു. ആഗ്രഹത്തെക്കുറിച്ചും സ്വപ്നങ്ങളെകുറിച്ചും പറഞ്ഞു. ബിഗ് ബോസ് വീട്ടിൽ കയറണം, ഫേമസ് ആകണം, ബാക്കി ഞാൻ നോക്കിക്കോളാം ബ്രോ. ഇതായിരുന്നു ആ വ്യക്തിയുടെ സംസാരം . വെറുതെ അല്ല കൃത്യമായ തെളിവുകൾ ഉണ്ട് കയ്യിൽ. ഞാൻ എനിക്ക് പരിചയം ഉള്ള കുറച്ചു വ്യക്തികളെ പരിചയപ്പെടുത്തി, ഒരു പ്രൊഫൈൽ ഉണ്ടാക്കി അയക്കാൻ പറഞ്ഞു, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു . ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഇദ്ദേഹം കയറി. പിന്നീടാണ് ഞാൻ അറിഞ്ഞത് മറ്റ്‌ പലരെയും എന്നെ സമീപിച്ച പോലെ തന്നെ സമീപിച്ചിരുന്നു എന്ന്. അല്ലെങ്കിലും എനിക്ക് ഒരു അവകാശവാദവും ഇല്ല. റോബിൻ രാധാകൃഷ്ണൻ എന്ന ആ വ്യക്തി പിന്നീട് കേരളം മുഴുവൻ ആരാധകരുള്ള, ബിഗ് ബോസ് താരം ആയി വളർന്നു. ഞാൻ അവതാരകനായി ഏഷ്യാനെറ്റിൽ ചെയ്യുന്ന പ്രോഗ്രാമിൽ ഒരു തവണ ഇദ്ദേഹം വന്നപ്പോൾ ആണ് പിന്നീട് കാണുന്നത്. ബിഗ് ബോസ് വീട്ടിൽ കയറുന്നതിനു തൊട്ടു മുൻപ്‌ ഞാൻ അടക്കം ഇതിന്‌ കാരണക്കാരായ എല്ലാ വ്യക്തികളെയും ഇദ്ദേഹം അൺഫോളോ ചെയ്തിരുന്നു . അവിടെ തുടങ്ങുന്നു വ്യക്തിവൈഭവം. ശേഷം നടന്നതൊന്നും ഞാൻ അന്വേഷിക്കേണ്ടതോ ഇടപെടേണ്ടതോ അല്ലാത്തതിനാൽ അവഗണിച്ചിരുന്നു.

പക്ഷെ ഇന്ന് ബിഗ് ബോസ് സീസൺ 5ൽ വീണ്ടും പങ്കെടുത്ത ശേഷം പ്രോഗ്രാമിന്റെ നടത്തിപ്പിനെ, സുതാര്യതയെ ചോദ്യം ചെയ്ത്, മറ്റുള്ളവരിൽ തെറ്റിദ്ധാരണ പടർത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട് മീഡിയക്ക് കൊടുത്ത അഭിമുഖങ്ങളുടെ വീഡിയോ കണ്ടു.
3 ചോദ്യമാണ് ചോദിക്കാനുള്ളത്,

  1. സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പു പരിപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന്‌ ഇറങ്ങി തിരിച്ചത് ?
  2. താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടിൽ നിന്നും പുറത്താകേണ്ടി വന്നത് . മുൻപും, ഇപ്പോഴും. അത് ജീവിതത്തിലും തുടരുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളോടു എന്ത് ആത്മാർത്ഥതയാണുള്ളത്?
    “നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാൻ അർഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ “.
  3. ചോദ്യത്തെയും, ചോദ്യകർത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും?
    “കാലം ഒരു നാൾ തിരിഞ്ഞു നിൽക്കുന്നതിനു മുൻപേ ചിന്തിക്കുക”
    നിങ്ങൾക്ക് കിട്ടിയ വേദിയും, അവസരങ്ങളും ജന്മനാ കിട്ടിയതല്ല . ഒരുപാട് പേർ ആഗ്രഹിക്കുന്നതാണ് . നല്ല രീതിയിൽ , ബുദ്ധിപരമായി വിനിയോഗിക്കുക ..
    “നാവാണ് ഏറ്റവും വലിയ ശത്രു.”

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 anoop krishnan opens up about dr robin radhakrishnan