ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. പിണക്കങ്ങളും ഇണക്കങ്ങളും സൗഹൃദകാഴ്ചകളും മത്സരചൂടുമൊക്കെയായി ബിഗ് ബോസ് വീടും സജീവമാണ്. അതിനിടയിൽ ശ്രദ്ധേയമായൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മത്സരാർത്ഥികളിൽ ഒരാളായ അഞ്ജൂസ് റോഷ്.
താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്നാണ് അഞ്ജൂസ് റോഷ് വെളിപ്പെടുത്തിയത്. താനൊരു ട്രാൻസ്മാൻ ആണെന്നും അഞ്ചുവർഷമായി താനൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നുമാണ് അഞ്ജൂസ് വെളിപ്പെടുത്തുന്നത്. വീട്ടുകാർക്കും തന്റെ സെക്ഷ്വൽ ഐഡന്റിറ്റിയെ കുറിച്ച് അറിയാമെന്നും അഞ്ജൂസ് പറഞ്ഞു. ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോഴാണ് റൂംമേറ്റായ പെൺകുട്ടിയുമായി പ്രണയത്തിലായത്. സഹമത്സരാർത്ഥികളായ സെറീനയോടും റെനീഷയോടും സംസാരിക്കുന്നതിനിടയിലാണ് അഞ്ജൂസ് റോഷ് മനസ് തുറന്നത്.
“ഞാനാണ് ആദ്യം പ്രണയം പറയുന്നത്. ആദ്യമായി കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടം തോന്നിയിരുന്നു. അത്രയും ഭംഗിയുള്ളൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. പരിചയപ്പെട്ട് സുഹൃത്തുക്കളായി രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രണയം പറയുകയായിരുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അല്‍പ്പനേരം തന്റെ മുഖത്ത് നോക്കിയിരുന്ന ശേഷം അവള്‍ ഒന്ന് ചിരിച്ചു. ഓക്കെ എന്ന് പറഞ്ഞു. പൊട്ടന് ലോട്ടറി അടിച്ചത് പോലെയായിരുന്നു അത്,” ചിരിയോടെ അഞ്ജൂസ് പറഞ്ഞു.
പെൺകുട്ടിയായി ആളുകൾ തന്നെ കാണുന്നത് ഇഷ്ടമല്ലാത്തതിനാൽ ചെറുപ്പം മുതൽ ടോ ബോയ് ആയിട്ടാണ് വളരുന്നതെന്നും അഞ്ജൂസ് പറയുന്നു. ശസ്ത്രക്രിയ ചെയ്ത് ആണായി മാറാൻ ആഗ്രഹമുണ്ടെങ്കിലും ആരോഗ്യകരമായ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ ശസ്ത്രക്രിയ സാധ്യമല്ലെന്നും അഞ്ജൂസ് വിശദീകരിച്ചു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. അളിയ എന്നാണ് സമൂഹമാധ്യമങ്ങളിലും കൂട്ടുകാർക്കിടയിലും അറിയപ്പെടുന്നത്. സിനിമയിലെത്തുക എന്നതാണ് അഞ്ജുസിന്റെ സ്വപ്നം.