Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ അമ്പത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇത്രയധികം ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം ഹൗസിൽ ആഘോഷിക്കുകയും ചെയ്തു. കേക്ക് മുറിച്ചും നാൽപ്പത്തൊമ്പത് ദിവസത്തെ നിമിഷങ്ങൾ മത്സരാർത്ഥികളെ പ്ലാസ്മ ടിവിയിൽ കാണിച്ചുമായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിനിടയിൽ അമ്പതാം ദിവസം പുറത്താകുന്ന മത്സരാർത്ഥിയുടെ പേരും മോഹൻലാൽ പറഞ്ഞു. അഞ്ജൂസ് റോഷ് ആണ് ഹൗസിൽ നിന്ന് പുറത്തായത്.
മിഷൻ എക്സ് എന്ന ടാസ്ക്കിലെ പ്രകടനത്തിന്റെ ഭാഗമായാണ് അഞ്ജൂസ് റോഷ് നോമിനേഷനിലെത്തിയത്. ഫ്യൂസ് എടുത്ത് ബാത്ത്റൂമിൽ കയറിയിരുന്ന അഞ്ജൂസിനെതിരെ ഹൗസിനകത്തും പുറത്തു വിമർശനങ്ങൾ ഉയരുന്നു. ഹൗസിലെ ടാസ്ക്കുകളിലൊന്നും തന്നെ അത്രയങ്ങ് സജീവമല്ലായിരുന്നു അഞ്ജൂസ്. മറ്റു മത്സരാർത്ഥികളുടെ പ്രകടനം വച്ചു നോക്കുമ്പോൾ അഞ്ജൂസ് തന്നെയായിരുന്നു പുറത്തു പോകേണ്ടതെന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം.
സെറീന, റെനീഷ എന്നിവരായിരുന്നു ഹൗസിൽ അഞ്ജൂസിന്റെ അടുത്ത സുഹൃത്തുക്കൾ. ഇവർ മൂവരും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളും വഴക്കുകളും ഹൗസിലെ പല ചർച്ചകൾക്കും കാരണമായിട്ടുണ്ട്. മാത്രമല്ല, റെനീഷയോടുള്ള പ്രണയവും അഞ്ജൂസ് തുറന്നു പറഞ്ഞിരുന്നു. ഹൗസിനു പുറത്തുള്ളൊരു വ്യക്തിയുമായി പ്രണയബന്ധമുള്ള അഞ്ജൂസ് എന്തിന് റെനീഷയോട് പ്രണയം പറയുന്നു എന്ന ചോദ്യവും ഉയർന്നിരുന്നു.
ഹൗസിൽ നിന്ന് ഇറങ്ങുന്നതിനു തൊട്ട് മുൻപും ‘ഐ ലവ് യൂ റെനീഷ’ എന്ന് അഞ്ജൂസ് പറഞ്ഞു. ആദ്യ വീക്ക്‌ലി ടാസ്ക്കിന്റെ ഭാഗമായി ലഭിച്ച സ്നേഹ ലോക്കറ്റും അഞ്ജൂസ് റെനീഷയ്ക്കു നൽകി. അവൾ അവളായിട്ട് തന്നെയാണ് നിന്നത്, എന്നു പറഞ്ഞാണ് അഞ്ജൂസ് പോയതിനെക്കുറിച്ച് ഓർത്ത് കരയുന്ന സെറീനയെ റെനീഷ സമാധാനിപ്പിച്ചത്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് അഞ്ജൂസ്. അളിയ എന്നാണ് സമൂഹമാധ്യമങ്ങളിലും കൂട്ടുകാർക്കിടയിലും അറിയപ്പെടുന്നത്. സിനിമയിലെത്തുക എന്നതാണ് അഞ്ജുസിന്റെ സ്വപ്നം. താനൊരു ടോം ബോയ് ആണെന്ന് അഞ്ജൂസ് ഹൗസിനകത്തു വച്ച് വെളിപ്പെടുത്തിയിരുന്നു.