Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ മുൻപുള്ള സീസണുകൾ പോലെ ഒരു മൂവർ സംഘം ഈ തവണയും രൂപപ്പെട്ടു കഴിഞ്ഞു. സെറീന, റെനീഷ, അഞ്ജൂസ് എന്നിവരുടെ സൗഹൃദം ഹൗസിലെ മറ്റ് മത്സരാർത്ഥികൾ മാത്രമല്ല പ്രേക്ഷകരും ശ്രദ്ധിച്ചൊരു കാര്യമാണ്. ആദ്യ ആഴ്ച്ചയിൽ പൂവിട്ട സൗഹൃദം ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഹലങ്ങളിൽ ചെന്നെത്തി. അഞ്ജുസ് താനൊരു ടോം ബോയ് ആണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു തർക്കത്തിന് തുടക്കമായത്.
അഞ്ജുസ് കയ്യിൽ പിടിക്കുമ്പോഴും മറ്റും താനൊട്ടും കംഫോർട്ടമ്പിളല്ലെന്നായിരുന്നു റെനീഷ പറഞ്ഞത്. നിന്നെ ആൺകുട്ടിയായിട്ടാണോ, പെൺകുട്ടിയായിട്ടാണോ കാണേണ്ടത്. നീ എന്നെ നോക്കുമ്പോൾ എനിക്ക് ഡിസ് കംഫർട്ട് തോന്നുന്നു എന്നെല്ലാം റെനീഷ പറഞ്ഞിരുന്നു. ഈ അവസരത്തിൽ അഞ്ജൂസിനെ റെനീഷ ഇൻസൾട്ട് ചെയ്യുകയായിരുന്നെന പ്രതിഷേധവും പ്രേക്ഷകരിൽ നിന്ന് ഉയർന്നു.
ഈ സംഭവത്തിനു ശേഷം സെറീന, റെനീഷ എന്നിവരോട് അകലം പാലിച്ച അഞ്ജൂസിനെ മറ്റു മത്സരാർത്ഥികൾ ശ്രദ്ധിച്ചു. ഇവർ തമ്മിൽ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ സഹമത്സരാർത്ഥികൾ റെനീഷയും അഞ്ജൂസും തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യവും ഉന്നയിച്ചു.
അത്തരത്തിൽ മത്സരാർത്ഥികൾ ചോദിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് അഞ്ജൂസ് തങ്ങളോടുള്ള അടുപ്പം നിലനിർത്തണമെന്നും റെനീഷ ഒരു സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഒടുവിൽ റെനീഷയെ അത് ബാധിച്ചെന്ന് മനസ്സിലാക്കിയ അഞ്ജൂസ് മുഴുവൻ അംഗങ്ങളുടെയും മുൻപിൽ വച്ച് കാര്യങ്ങൾ വിശദീകരിച്ചു. അഖിൽ മാരാരെ പ്രത്യേകമായി വിളിച്ചായിരുന്നു അഞ്ജു കാര്യങ്ങൾ പറഞ്ഞത്. റെനീഷ സുഹൃത്ത് മാത്രമാണെന്നും തന്റെ ഗേൾഫ്രണ്ടിന് ഇതു കണ്ടാൽ വിഷമമാകുമെന്നും അഞ്ജൂസ് പറഞ്ഞു.
ഇതിനു ശേഷം മൂന്നു പേരും തമ്മിലുള്ള പ്രശ്നങ്ങൾ കെട്ടടങ്ങിയെന്നു കരുതിയെങ്കിലും ഇന്നലെ നടന്ന വീക്ക്‌ലി ടാസ്ക്കിനു ശേഷം പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തു. അഞ്ജൂസ് പറഞ്ഞ വാചകം സെറീനയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നതിനെ തുടർന്നാണ് വഴക്കുണ്ടായത്. സാഗറുമായി ബന്ധപ്പെട്ട ഒരു വിഷയം മൂവരും സ്വകാര്യമായി പറയുന്നുണ്ടെങ്കിലും എന്താണ് ഇതിനു പിന്നിലെ യഥാർത്ഥ കാരണമെന്ന് വ്യക്തമല്ല.