Bigg Boss Malayalam Season 5: മൂന്ന് ആഴ്ചകൾക്കു ശേഷമാണ് ബിഗ് ബോസ് ഹൗസിൽ എലിമിനേഷൻ നടന്നത്. ആദ്യ ആഴ്ച നോമിനേഷൻ ലിസ്റ്റിലുള്ളവർ തന്നെയാണ് ഈ മൂന്നാഴ്ച്ചയും പ്രേക്ഷകരുടെ സഹായം നേടിയത്. ഒടുവിൽ ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ ഏഞ്ചലീനാണ് മത്സരം അവസാനിപ്പിച്ച് ഷോയിൽ നിന്ന് പുറത്തായത്.
18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, സോഷ്യൽ മീഡിയ താരങ്ങളായ വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി എന്നിവർക്കൊപ്പം കോമണറായ ഗോപിക ഗോപിയും ഈ സീസണിൽ മത്സരിക്കുന്നുണ്ട്.
ആദ്യ ആഴ്ചകളിൽ ഏഞ്ചലീനയോട് ഇഷ്ടക്കേടുകൾ തോന്നിയെങ്കിലും പിന്നീട് അവർ പലരുടെയും പ്രിയപ്പെട്ട മത്സരാർത്ഥിയായി. ഒർജിനാലിറ്റിയെ ആഘോഷിക്കുന്ന ഈ സീസണിൽ, വന്ന നാൾ മുതൽ ഇതുവരെ ഒർജിനലായി നിൽക്കുന്ന മത്സരാർത്ഥികളിലൊരാൾ കൂടിയാണ് ഏഞ്ചലീൻ. ഏഞ്ചലീനിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ പ്രേക്ഷകരെ സംബന്ധിച്ച് ഈ പടിയിറക്കം നിരാശ സമ്മാനിക്കും.
ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 20കാരിയായ ഏഞ്ചലീൻ മരിയ. തൃശൂർ സ്വദേശിയാണ്. നടി, മോഡൽ എന്നീ നിലകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് ഏഞ്ചലീൻ മരിയ. ഒമർ ലുലു ചിത്രം നല്ല സമയം ത്തിലൂടെ ഏഞ്ചലീൻ സിനിമയിലും മുഖം കാണിച്ചു. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും ഏഞ്ചലീൻ അഭിനയിച്ചിട്ടുണ്ട്.