Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ശ്രദ്ധേയനായ ഒരു മത്സരാർത്ഥിയാണ് സംവിധായകൻ അഖിൽ മാരാർ. ബിഗ് ബോസിലെത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് അഖിൽ. ചാനൽ ചർച്ചകളിലൂടെയും അഭിമുഖങ്ങളിലൂടെയുമൊക്കെ ശ്രദ്ധേയനായ അഖിലിന്റെ പല പരാമർശങ്ങളും മുൻപും വിവാദമായിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ എത്തിയതിനു ശേഷവും വീടിനകത്തുണ്ടാക്കിയ പ്രശ്നങ്ങളുടെയും ദേഷ്യപ്രകടനങ്ങളുടെയും പേരിലും മാരാർ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ദേഷ്യം വരുമ്പോൾ സഹമത്സരാർത്ഥികളെ അസഭ്യം പറയുന്ന അഖിലിന്റെ സ്വഭാവവും വീടിനകത്ത് പലപ്പോഴും തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.
പക്ഷേ, ഇത്തരം വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കുമൊക്കെ ഇടയിലും ബിഗ് ബോസ് വീടിനെ എന്റർടെയിൻ ചെയ്തു കൊണ്ടുപോവുന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് അഖിൽ. കൗണ്ടറുകളും തമാശകളുമൊക്കെയായി എപ്പോഴും ലൈവാണ് അഖിൽ. സഹമത്സരാർത്ഥി ശോഭയുമായുള്ള അഖിലിന്റെ ടോം ആൻഡ് ജെറി സൗഹൃദവും വിഷ്ണു- ഷിജു എന്നിവരുമായുള്ള സൗഹൃദവുമൊക്കെ എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
വീടിനകത്ത് അധികവും മുണ്ടു ധരിക്കാൻ ഇഷ്ടപ്പെടുന്ന മത്സരാർത്ഥി കൂടിയാണ് അഖിൽ. വീക്ക്‌ലി എപ്പിസോഡിന് മോഹൻലാൽ എത്തുമ്പോഴും പലപ്പോഴും മുണ്ടും ഷർട്ടും തന്നെയാണ് അഖിലിന്റെ വേഷം. ബിഗ് ബോസ് വീട്ടിൽ ഇന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്ന് നിയമങ്ങളൊന്നുമില്ലെങ്കിലും കായികപരമായി ഏറ്റുമുട്ടേണ്ടി വരുന്ന ടാസ്കുകളിൽ മുണ്ടും സാരിയും പോലുള്ള വസ്ത്രങ്ങൾ മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയ ടാസ്കിൽ അഖിലിന്റെ മുണ്ടും ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു. ഗാര്‍ഡൻ ഏരിയയില്‍ ജോമട്രിക് ആകൃതിയിലുള്ളതും വ്യത്യസ്ത വലിപ്പത്തിലുള്ളതുമായ നിരവധി കളങ്ങൾ നൽകിയിരുന്നു. ഓരോ കളത്തിനും ഓരോ നമ്പറുകളും ബിഗ് ബോസ് നൽകി. ബസര്‍ കേള്‍ക്കുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ മത്സരാര്‍ഥികൾ നിരന്നു നിൽക്കുക. ബിഗ് ബോസ് ഓരോ നമ്പറുകളായി അനൗൺസ് ചെയ്യുമ്പോൾ ഓരോരുത്തരും ഓടി അതാതു നമ്പറുകൾ മാർക്ക് ചെയ്ത കളത്തിനുള്ളിൽ കയറി നിൽക്കുക എന്നതായിരുന്നു ടാസ്ക്. കളത്തിനുള്ളില്‍ നില്‍ക്കാൻ കഴിയാതെ പുറത്തുനില്‍ക്കേണ്ടി വരുന്ന മത്സരാർത്ഥികൾ ഓരോ റൗണ്ടിലും ഔട്ടാവും. ഔട്ടായവർ ഓരോരുത്തരായി നേരെ ജയിലിൽ പോവുക. മത്സരാവസാനംവരെ കളിയിൽ നിന്നും ഔട്ടാവാതെ നിൽക്കുന്ന മത്സരാർത്ഥിയെ വിജയി ആയി പ്രഖ്യാപിക്കും. ഇതായിരുന്നു ടാസ്ക്. മത്സരാർത്ഥികൾ വീറോടെയും വാശിയോടെയും കളത്തിനകത്ത് തന്നെ നിൽക്കാൻ മത്സരിക്കുമ്പോൾ അതിനൊപ്പം തന്നെ പരസ്പരം ഉന്തും തള്ളും തട്ടിവീഴ്ത്തലുമൊക്കെ അരങ്ങേറുന്നുണ്ടായിരുന്നു.
ടാസ്കിനിടെ പല തവണ അഖിലിന്റെ മുണ്ടു ഉരിഞ്ഞുപോയി. വാശിയോടെ കളത്തിലേക്ക് കയറാനുള്ള പിടിവലിയ്ക്കിടയിൽ പലർക്കും അഖിലിന്റെ മുണ്ടായിരുന്നു പിടിവള്ളി. മുണ്ടു മുഴുവനായും ഊരി താഴെ പോവുന്നതും ചില ദൃശ്യങ്ങളിൽ കാണാം. അടിവസ്ത്രമിട്ട് ബഹളത്തിനിടയിൽ മുണ്ടുടുക്കാൻ ശ്രമിക്കുന്ന അഖിലിനെയും വീഡിയോയിൽ കാണാം. ടാസ്കിനിടയിൽ മുണ്ടിന്റെ കാര്യം പറഞ്ഞ് സഹമത്സരാർത്ഥികൾ അഖിലിനെ കളിയാക്കുന്നതും കാണാമായിരുന്നു.