Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടിലേക്ക് മുൻ സീസണിലെ മത്സരാർത്ഥികളായ രജിത് കുമാറും റോബിൻ രാധാകൃഷ്ണനും കൂടി എത്തിയതോടെ വീടിനകത്തെ അന്തരീക്ഷം മാറിയിരിക്കുകയാണ്. ബിബി ഹോട്ടൽ ടാസ്കിൽ ഗസ്റ്റുകളായിട്ടാണ് രജിതും റോബിനും വീടിനകത്ത് എത്തിയത്. ഗസ്റ്റുകളെ പരമാവധി പ്രീതിപ്പെടുത്തി അവരുടെ കയ്യിൽ നിന്നും പാരിതോഷികമായി ഡോളർ കൈപ്പറ്റുക എന്നതാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്.
വീടിനു പുറത്ത് റോബിനെ പലപ്പോഴും വിമർശിച്ചിട്ടുള്ള അഖിൽ മാരാറിന് റോബിന്റെ വരവ് ആദ്യഘട്ടത്തിൽ ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ പരസ്പരം കൊമ്പുകോർത്തിട്ടുള്ള വ്യക്തികളാണ് റോബിനും അഖിലും. ഹോട്ടൽ ടാസ്കിൽ ജുനൈസിന് ആയിരുന്നു മാനേജരുടെ റോൾ ലഭിച്ചത്. അഖിലിന് സെക്യൂരിറ്റി ജീവനക്കാരന്റെ ഡ്യൂട്ടിയായിരുന്നു. എന്നാൽ ടാസ്ക് മുന്നോട്ടു പോകവേ, വിയോജിപ്പുകൾ വരികയും ടാസ്ക് ക്വിറ്റ് ചെയ്ത് അഖിൽ മാറി നിൽക്കുകയും ചെയ്തു.
ബിബി ഹോട്ടൽ ടാസ്കിന്റെ രണ്ടാം ദിവസം വീണ്ടും അഖിൽ ടാസ്കിലേക്ക് തിരിച്ചുകയറുകയും ആക്റ്റീവ് ആയി ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, അഖിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നു എന്ന രീതിയിലാണ് വാർത്ത പ്രചരിക്കുന്നത്.
ഏഷ്യാനെറ്റ് പുറത്തു വിട്ട പുതിയ പ്രമോയിൽ മാരാർ പൊട്ടിത്തെറിച്ച് പെരുമാറുന്നതും റെനീഷയെ കള്ളി എന്നു വിളിച്ച് അധിക്ഷേപിക്കുന്നതും റെനീഷയുടെ കരച്ചിലുമെല്ലാം കാണാം. ഇതിനെ അനിയൻ മിഥുൻ, ജുനൈസ്, റിനോഷ് എന്നിവർ ചോദ്യം ചെയ്യുന്നുമുണ്ട്. കള്ളി എന്ന പേരാണ് ചാർത്തുന്നത് എന്ന് ആലോചിക്കണമെന്ന് മിഥുൻ താക്കീത് നൽകുമ്പോൾ ‘പൈസ എടുത്തിട്ടുണ്ടെങ്കില്‍ കള്ളി എന്ന് തന്നെ വിളിക്കും’ എന്ന് അഖില്‍ മാരാര്‍ കയർക്കുന്നകും വീഡിയോയിൽ കാണാം.
വഴക്ക് വഷളായതോടെ അഖില്‍ മാരാര്‍ നിയന്ത്രണം വിട്ട് ജുനൈസിനെ തല്ലാന്‍ ചെല്ലുന്ന ഒരു വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. ജുനൈസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിന് അഖില്‍ മാരാരെ ഷോയില്‍ നിന്നും പുറത്താക്കിയെന്ന രീതിയിലാണ് വാർത്തകൾ പുറത്തു വരുന്നത്. മാരാർ തല്ലിയതിൽ ജുനൈസിനു പരാതിയുണ്ടെന്നും മാരാരെ പുറത്താക്കണമെന്ന വാശിയിലാണ് ജുനൈസ് തുടരുന്നത്.
എന്തു തീരുമാനമാണ് ബിഗ് ബോസ് കൈക്കൊള്ളുക എന്നറിയാൻ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം, അഖിൽ മാരാറിനെ പുറത്താക്കിയില്ലെന്നും ജുനൈസിനും അഖിലിനും തക്കതായ താക്കീത് നൽകിയിരിക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്.

അഖിൽ ബിഗ് ബോസ് വീട്ടിൽ തന്നെയുണ്ട് എന്നു സ്ഥിരീകരിച്ചുകൊണ്ട് ഷോയിൽ നിന്നും പുറത്തായ മുൻ മത്സരാർത്ഥി വൈബർ ഗുഡ് ദേവുവും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അഖിൽ ഔട്ടായിട്ടില്ല, വീടിനകത്ത് തന്നെയുണ്ടെന്നാണ് ദേവു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നത്. ”മാരാരേ, ദേഷ്യം കുറയ്ക്കെടാ,” എന്നും ദേവു കുറിക്കുന്നു.