ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റൻസി ടാസ്ക്കിനു ശേഷം വാക്കുതകർക്കങ്ങളും ഉടലെടുത്തു. നാദിറയും അഖിൽ മാരാരുമായിരുന്നു ക്യാപ്റ്റൻസി സ്ഥാനത്തേയ്ക്ക് യോഗ്യത നേടിയ മത്സരാർത്ഥികൾ. ബോൾ ബാലൻസ് ചെയ്ത് നിർത്തുക എന്നതായിരുന്നു ടാസ്ക്ക്. അഖിലിന്റെ സഹായിയായി മിഥുനും നാദിറയെ സഹായിക്കാനായി റെനീഷയുമാണ് എത്തിയത്. ഒടുവിൽ മൂന്നു ബോളുകളും ബാലൻസ് ചെയ്ത് അഖിൽ മാരാർ ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ആദ്യ ക്യാപ്റ്റണായി.
പിന്നീടാണ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടവരെ അകത്തടയ്ക്കാനുള്ള അനൗൺസ്മെന്റ് വന്നത്. തുടർന്ന് എയ്ഞ്ചലീനയെയും റിനോഷിനെയും അഖിലിന്റെ നേതൃത്വത്തിൽ ജയിലിലടക്കുകയും ചെയ്തു. ജയിലിൽ കയറിയ എയ്ഞ്ചലീനയും റിനോഷും ഉറങ്ങുകയാണെന്ന് മറ്റു മത്സരാർത്ഥികൾ സംശയം പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് അവരോട് ഉറങ്ങരുതെന്നു പറയാൻ വന്ന അഖിൽ മാരാർ ആജ്ഞാപിക്കുകയാണെന്ന കാരണം പറഞ്ഞാണ് വഴക്കിനു തുടക്കമായത്.
താൻ പറഞ്ഞതൊക്കെ കേട്ടു നിൽക്കുന്ന ഊച്ചാളികളല്ല ആരുമെന്നാണ് നാദിറ പറഞ്ഞത്. അഖിൽ പട്ടിഷോ നടത്തുകയാണെന്ന പ്രയോഗവും നാദിറ നടത്തി. ഒടുവിൽ പട്ടിഷോ ആണെന്ന് താൻ അംഗീകരിക്കുന്നെന്ന് പറഞ്ഞ് നാദിറയ്ക്കു കൈ കൊടുക്കുകയും ചെയ്തു അഖിൽ മാരാർ. നാദിറ പറഞ്ഞതിൽ ചെറിയ പ്രശ്നമുണ്ടെന്നും മാപ്പ് പറഞ്ഞാൽ നന്നായിരിക്കുമെന്നുള്ള അഭിപ്രായം സഹമത്സരാർത്ഥിയായ അഞ്ജു റോഷ് പറഞ്ഞു.