Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. എന്റർടെയിനർ, പെർഫോമർ എന്നീ നിലകളിൽ പ്രേക്ഷകപ്രീതി നേടാൻ അഖിലിനു കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ടം നേടുമ്പോഴും അഖിലിന്റെ ദേഷ്യവും സഹമത്സരാർത്ഥികളെ തല്ലാനോങ്ങുന്ന പ്രകൃതവുമൊക്കെ ഏറെ വിമർശങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നിരിക്കിലും ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർക്കും പ്രതീക്ഷ നൽകുന്നൊരു മത്സരാർത്ഥിയാണ് അഖിൽ.
ഏതാനും ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അഖിലിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വയർ സംബന്ധമായ അസ്വസ്ഥതകൾ നേരിടുന്ന അഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വീടിനകത്തു നടന്ന ജയിൽ ടാസ്കിലോ സ്പോൺസേർഡ് ടാസ്കിലോ ഒന്നും അഖിൽ ഇല്ലായിരുന്നു. പാതി വഴിയിൽ ഗെയിം അവസാനിപ്പിച്ച് അഖിലിനു വീട്ടിലേക്കു മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു മാരാർ ഫാൻസ്. അഖിലിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും നിറഞ്ഞിരുന്നു.
ഇപ്പോഴിതാ, ചികിത്സ കഴിഞ്ഞ് അഖിൽ വീടിനകത്ത് തിരിച്ചെത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. പുറത്തുവന്ന പുതിയ പ്രമോയിലും അഖിലുണ്ട്. ക്യാപ്റ്റൻസി ടാസ്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുതിയ പ്രമോയിൽ ഉള്ളത്.
അതേസമയം, മാരാരെ ചികിത്സയ്ക്കായി മെഡിക്കൽ റൂമിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ശോഭ നടത്തിയ ചില പരാമർശങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ രൂക്ഷ വിമർശനത്തിന് കാരണമായിരിക്കുകയാണ്. “ആ വഴി അങ്ങോട്ട് പോയാൽ മതിയായിരുന്നു, ഇപ്പോൾ ഇവിടെ ശാന്തതയുണ്ട്,” എന്നാണ് അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് നാദിറയോടും സാഗറിനോടുമായി ശോഭ പറയുന്നത്. ഒരാൾക്ക് അസുഖമായിരിക്കുമ്പോഴും എങ്ങനെയാണ് ഇങ്ങനെ ചിന്തിക്കാനാവുക എന്നാണ് പ്രേക്ഷകർ ശോഭയെ വിമർശിക്കുന്നത്.
സാഗർ, ശോഭ, ജുനൈസ്, അഖിൽ മാരാർ, റിനോഷ്, വിഷ്ണു എന്നിവർ ഈ ആഴ്ച നോമിനേഷനിലുള്ള മത്സരാർത്ഥികളാണ്. ഇവരിൽ ആരാവും ഈ ആഴ്ച പുറത്തുപോവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. വീടിനകത്ത് ഈ ആഴ്ച നടന്ന സംഭവവികാസങ്ങൾ നോമിനേഷനേയും ബാധിക്കുമോ എന്ന് കണ്ടറിയണം.