Bigg Boss Malayalam Season 5: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 36 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വീടിനകത്തെ അന്തരീക്ഷവും സംഘർഷങ്ങളിലൂടെയാണ് കടന്നു പോവുന്നത്, പ്രത്യേകിച്ച് രണ്ട് വൈൽഡ് കാർഡ് എൻട്രികൾ കൂടി വീടിനകത്തേക്ക് പ്രവേശിച്ചതോടെ. ഒമർ ലുലു, അനു ജോസഫ് എന്നിവരാണ് വൈൽഡ് കാർഡ് എൻട്രികളായി ഷോയിലേക്ക് എത്തിയിരിക്കുന്നത്.
ദേഷ്യവും മത്സരബുദ്ധിയും കൂടുമ്പോൾ ഗെയിമിനായി നൽകിയ പ്രോപ്പർട്ടികൾ നശിപ്പിക്കുന്ന ഒരു പ്രവണത ഈ സീസണിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഗെയിമിനിടെ വാശി കയറിയ നാദിയ ഗെയിം പ്രോപ്പർട്ടിയായി നൽകിയ സ്റ്റോൺ എറിയുകയും ദേവുവിന്റെ കപ്പ് പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മറ്റു മത്സരാർത്ഥികൾ നാദിറയെ ജയിലിലേക്ക് അയക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച മറ്റൊരു ഗെയിമിനിടെ ഒമർ ലുലുവും ഷിജുവും ഗ്ലാസ് പൊട്ടിക്കുകയും ചെയ്തിരുന്നു. വീക്ക്‌ലി എപ്പിസോഡിനായി ലൈവിലെത്തിയ മോഹൻലാൽ പ്രോപ്പർട്ടികൾ നശിപ്പിക്കുന്ന മത്സരാർത്ഥികളുടെ ഈ പ്രവണതയെ കുറിച്ച് സംസാരിക്കുകയും ശാസന നൽകുകയും ചെയ്തിരുന്നു.
ഗെയിമിനിടയിൽ മത്സരാർത്ഥികൾ പ്രോപ്പർട്ടികൾ പൊട്ടിക്കുകയോ ബിഗ് ബോസ് വീടിന് നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയോ ചെയ്താൽ അതിനുള്ള ശിക്ഷയായി ലക്ഷ്വറി ബജറ്റിൽ നിന്നും പോയിന്റ് കുറയ്ക്കുമെന്നായിരുന്നു മോഹൻലാൽ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഷിജുവും ഒമർ ലുലുവും വരുത്തിവച്ച നഷ്ടത്തിന് പകരമായി 500 ലക്ഷ്വറി പോയിന്റുകൾ ഈയാഴ്ചത്തെ ലക്ഷ്വറി പോയിന്റിൽ നിന്ന് കുറയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, വീണ്ടും മത്സരാർത്ഥികളുടെ കയ്യാങ്കളി അതിരുവിടുന്ന കാഴ്ചയാണ് കാണുന്നത്. നാദിറയും മാരാറും തമ്മിലുള്ള തർക്കത്തിനിടയിൽ മാരാർ ശക്തിയായി മേശയിൽ ഇടിക്കുന്നതും ഗ്ലാസ് തെറിച്ചു താഴെ വീഴുന്നതും കാണാം. ട്രേ പൊക്കിയെടുത്ത് എറിയാൻ ഓങ്ങുന്ന മാരാരെയും പ്രമോ വീഡിയോയിൽ കാണാം.
അഖിൽ മാരാർ ദേഷ്യം അടക്കി നിർത്താൻ പഠിക്കേണ്ടതുണ്ട് എന്നാണ് വീഡിയോയ്ക്ക് താഴെ ബിഗ് ബോസ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ദേഷ്യം കയറി സഹമത്സരാർത്ഥികളെ അസഭ്യം പറഞ്ഞതിനു മുൻപും മോഹൻലാലിന്റെയും ബിഗ് ബോസിന്റെയും കയ്യിൽ നിന്ന് താക്കീത് ലഭിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ.
ലെ ബോസേട്ടൻ: താനെല്ലാം കൂടി ഈ വീട് പൊളിച്ചടുക്കുവോ? ഒരു സീസണിൽ ഒരു വീട് എന്നാ കണക്ക് അല്ലേ, ഇതെന്താ എല്ലാത്തിനും ബാധകേറിയോ?, മക്കളേ ഒരു കത്തി കൊടുക്ക് കുത്തി ചാവട്ടെ എല്ലാം എന്നിങ്ങനെ പോവുന്നു പ്രേക്ഷകരുടെ കമന്റുകൾ.