Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ടോപ് 5 പ്രെഡിക്ഷനിലുള്ള മത്സരാർത്ഥികളിലൊരാളാണ് അഖിൽ മാരാർ. ടാസ്ക്കുകളിലെ പ്രകടനം കൊണ്ടും രസകരമായ നിമിഷങ്ങൾ സമ്മാനിച്ചും അഖിൽ പ്രേക്ഷകരുടെ മനസ്സിലിടം നേടിയിട്ടുണ്ട്. എന്നാൽ അഖിലിന്റെ ചില ചിന്താഗതികളും അഭിപ്രായങ്ങളും അംഗീകരിക്കാനാകില്ലെന്ന കാരണത്താൽ പ്രേക്ഷകർക്കിയിൽ നിന്ന് വിമർശനങ്ങളും ഉയർന്നു. താൻ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ പറഞ്ഞത് മോഹൻലാൽ എപ്പിസോഡിൽ ചോദ്യം ചെയ്തിരുന്നു. ഇത്തരത്തിലുള്ള അഖിലിന്റെ പരാമർശങ്ങൾ ഹൗസിനകത്തും പുറത്തും വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്.
ഉൾവലിഞ്ഞ ചിന്തകൾക്കും അസഭ്യം പറയുന്നതിനും പുറമെ ശാരീരികമായ ആക്രമിക്കാനുള്ള പ്രവണത പല പ്രാവിശ്യമായി അഖിലിൽ നിന്നുണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് ‘കറക്കു പെട്ടി’ ടാസ്ക്കിനിടയിൽ ശോഭയയെും സെറീനയെയും മനപൂർവ്വമായി കയ്യിലിടിച്ചത്. എന്തുകൊണ്ട് ശാരീരിക ഉപദ്രവത്തിന്റെ പേരിൽ ഇവർ ഇരുവരും ബിഗ് ബോസിനോട് പരാതിപ്പെട്ടില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനു മുൻപും അഖിൽ പലരുടെയും നേരെ തല്ലാനായി കൈ ഉയർത്തിയിട്ടുണ്ട്. എന്നാൽ അഖിലിന്റെ ഇത്തരത്തിലൂള്ള പ്രകോപനങ്ങൾ കൂടുതലും സ്ത്രീകളോടല്ലേ എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്.
റെനീഷ, ശ്രുതി, നാദിറ,ഗോപിക എന്നിവർക്കു നേരെയും അഖിൽ ഇതേ രീതിയിൽ കയ്യോങ്ങിയിട്ടുണ്ട്. ഹൗസിൽ ശാരീരികമായി ബലമുള്ള ആളുകളെ തന്റെ പക്ഷത്താക്കി ഗെയിം നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് അഖിൽ മാരാർ. ഓരോ ടാസ്ക്കിനിടയിലും തനിക്ക് എതിരെ നിൽക്കുന്ന സ്ത്രീകളോട് വാക്കുതർക്കങ്ങളിലേർപ്പെടുകയും അവർ തന്നോട് തർക്കിച്ചു നിന്നാൽ അടിക്കാനായി ചെല്ലുകയും ചെയ്യുന്നത് അഖിലിന്റെ ശീലമായി മാറുന്നു. ബിഗ് ബോസും മോഹൻലാലും വളരെ ഗൗരവത്തോടെ ഈ കാര്യം നോക്കി കാണണമെന്നാണ് പ്രേക്ഷകർ പറയുന്നത്.
കൊട്ടാരക്കര സ്വദേശിയാണ് അഖിൽ. 2013ൽ ‘പേരറിയാത്തവർ’ എന്ന സിനിമയിൽ സംവിധായകൻ ഡോ. ബിജുവിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു അഖിലിന്റെ തുടക്കം. 2021ൽ ഒരു ‘താത്വിക അവലോകനം’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. എഴുത്തുകാരൻ കൂടിയായ അഖിൽ ‘അവശേഷിപ്പുകൾ’ എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.