Bigg Boss Malayalam Season 5: വീണ്ടുമൊരു വീക്ക്ലി ടാസ്കിന്റെ ആവേശത്തിലും ചൂടിലുമാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. മിഷൻ എക്സ് എന്ന ടാസ്കാണ് ഈ ആഴ്ച മത്സരാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. വീട്ടിലെ അംഗങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞാണ് ഈ ടാസ്ക് പൂർത്തിയാക്കേണ്ടത്. ജുനൈസ്, സെറീന, റെനീഷ, അഞ്ജുസ്, സാഗർ, നാദിറ, മിഥുൻ എന്നിവർ അടങ്ങുന്ന ടീമിന് ആൽഫ എന്നാണ് പേര്. അഖിൽ മാരാർ, ഷിജു, വിഷ്ണു, ശോഭ, റിനോഷ്, ശ്രുതി ലക്ഷ്മി, അനു ജോസഫ്, ഒമർ ലുലു എന്നിവരാണ് ബീറ്റ ടീമിലുള്ളത്. മത്സരബുദ്ധിയോടെയാണ് ഇരു ടീമുകളും ടാസ്ക് കളിക്കുന്നത്.
ഗെയിമിനിടയിൽ അതിബുദ്ധി കാണിച്ച് വീണ്ടും ട്രോളന്മാരുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് ജുനൈസ്. എല്ലാ ഗെയിമിലും സാധനങ്ങൾ അടിച്ചുമാറ്റി വയ്ക്കാനും ചില ഗിമ്മിക്കുകളും സ്ട്രാറ്റജികളും പുറത്തെടുക്കാനും ശ്രമിക്കാറുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജുനൈസ്. എന്നാൽ എത്ര ഗിമ്മിക്കുകൾ കാണിച്ചാലും അതൊന്നും ഗെയിമിനൊടുവിൽ ജുനൈസിനു ഗുണകരമായി വരാറില്ല എന്നതാണ് മറ്റൊരു വസ്തുത. മാണിക്യകല്ല് ടാസ്കിലും വിദഗ്ധമായി ജുനൈസ് കല്ല് അടിച്ചുമാറ്റിയെങ്കിലും സംഭവം ഡ്യൂപ്ലിക്കേറ്റ് കല്ലായിരുന്നു എന്നറിഞ്ഞത് ഒടുവിൽ ബിഗ് ബോസ് അനൗൺസ് ചെയ്തപ്പോഴാണ്. ചുണ്ടിനും കപ്പിനുമിടയിൽ ജുനൈസിനു അവസരങ്ങൾ നഷ്ടമാവുന്നത് ഈ സീസണിലെ പതിവു കാഴ്ചകളിൽ ഒന്നാണ്.
ഇപ്പോഴിതാ, മിഷൻ എക്സിലും ജുനൈസിനു അക്കിടി പറ്റിയിരിക്കുകയാണ്. ആൽഫ ടീമിനെ മറികടന്ന് ഫ്യൂസ് പവർസ്റ്റേഷനിൽ കണക്റ്റ് ചെയ്യുക എന്നതാണ് ബീറ്റ ടീമിന്റെ ദൗത്യം. ഈ ടാസ്കിനിടെ ഇരു ടീമംഗങ്ങളും തമ്മിൽ കൂട്ടയടി തന്നെ നടത്തിയതിനും ഇന്നലത്തെ എപ്പിസോഡ് സാക്ഷിയായി. സംഘർഷത്തിനിടയിൽ നിലത്തുനിന്നും വീണുകിട്ടിയ ഫ്യൂസ് സാഗർ ജുനൈസിനു കൈമാറുകയും മറ്റാരും കാണാതെ ജുനൈസ് അത് ബാത്ത് റൂമിൽ ഒളിപ്പിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ബിഗ് ബോസ് അനൗൺസ് ചെയ്തപ്പോഴാണ് ആ ഫ്യൂസ് ബീറ്റ ടീം പവർ ഹൗസിൽ ബന്ധിപ്പിച്ച ഫ്യൂസാണെന്നും അത് അടിച്ചുമാറ്റാൻ കഴിയില്ലെന്നുമുള്ള കാര്യം ജുനൈസ് മനസ്സിലാക്കിയത്. അതോടെ ഫ്യൂസ് ബീറ്റ ടീമിന് ജുനൈസ് തിരികെ നൽകി. പതിവുപോലെ, ജുനൈസിന്റെ സ്ട്രാറ്റജികളെല്ലാം പാഴാവുകയും ചെയ്തു.
ഈ ജുനൈസ് ഇത് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി, ബിഗ് ബോസ് വീട്ടിലെ യഥാർതഥ വിക്രമനും മുത്തുവും സാഗറും ജുനൈസുമാണ്, ഇതുപോലെ ഗതികെട്ടവൻ വേറെ ആരുണ്ട്?, എന്നിട്ടും കള്ളനെന്നുള്ള വിളിയാണ് ബാക്കി എന്നൊക്കെയുള്ള ട്രോളുകളും കമന്റുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
വീടിനകത്തും ജുനൈസിന്റെ ഈ സ്ട്രാറ്റജികൾ പലപ്പോഴും പ്രശ്നങ്ങൾക്ക് തിരികൊളുത്തുന്നുണ്ട്. ടാസ്കിനിടെ അഖിൽ മാരാർ ജുനൈസിനെ ‘എന്തുകണ്ടാലും അടിച്ചുമാറ്റുന്ന കള്ളൻ, പെരുങ്കള്ളൻ’ എന്നു വിളിച്ചിരുന്നു. ഇത് അഖിലും ജുനൈസും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടാവാനും കാരണമായി.