/indian-express-malayalam/media/media_files/uploads/2023/05/Akhil-Marar-4.jpg)
Akhil Marar
Bigg Boss Malayalam Season 5: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 66 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മത്സരം അവസാന ദിനങ്ങളിലേക്ക് അടുക്കുമ്പോൾ വീടിനകത്തെ അന്തരീക്ഷവും സംഘർഷ ഭരിതമാവുകയാണ്. രജിത്, റോബിൻ എന്നിവർക്കു പിന്നാലെ സൂപ്പർ ചലഞ്ചേഴ്സ് ആയി ബിഗ് ബോസ് വീട്ടിലേക്ക് റിയാസ് സലിമും പൊളി ഫിറോസും എത്തിയിരിക്കുകയാണ്. വീടിനകത്തുള്ള പ്രശ്നങ്ങൾക്കൊപ്പം സൂപ്പർ ചലഞ്ചേഴ്സ് ഉയർത്തുന്ന വെല്ലുവിളികളും കൂടിയാവുമ്പോൾ വരും ദിവസങ്ങൾ സംഘർഘ ഭരിതമാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അതിനിടയിൽ, സദാചാര പൊലീസ് ചമയലും മോശം പരാമർശവുമൊക്കെയായി പുലിവാലു പിടിക്കുകയാണ് അഖിൽ മാരാർ. കഴിഞ്ഞ രാത്രിയിൽ വീടിനകത്ത് നടന്ന ഒരു തർക്കത്തിനിടയിൽ മാരാർ പറഞ്ഞ വാക്കുകളാണ് വൻ രീതിയിൽ വിമർശിക്കപ്പെടുന്നത്. സെറീനയുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മാരാർ. കഴിഞ്ഞ ദിവസം മടിയിൽ മിഥുന് സെറീന മസാജ് ചെയ്തു കൊടുത്തത് സെറീനയ്ക്ക് പുറത്ത് നെഗറ്റീവ് ഇമേജ് ഉണ്ടാക്കുമെന്ന് മാരാർ പറഞ്ഞിരുന്നു. ഇന്നലെ ഇതേവിഷയം, റെനീഷയും ശോഭയും സെറീനയും ഒന്നിച്ചിരിക്കവേ അഖില്‍ വീണ്ടും ആവർത്തിച്ചു സംസാരിച്ചതാണ് തർക്കത്തിലേക്ക് എത്തിയത്.
താൻ മിഥുനെ സഹോദരനെ പോലെയാണ് കാണുന്നതെന്നും മിഥുനും തിരിച്ച് അതേ രീതിയിലാണ് തന്നെ കാണുന്നതെന്നും സെറീന മാരാരോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു വലിയ സമൂഹം ടിപ്പിക്കല്‍ മലയാളികള്‍ ആണ് ഇത് കാണുന്നത്, അവർ തെറ്റിദ്ധരിക്കും എന്നായിരുന്നു മാരാരുടെ വാദം. സെറീനയ്ക്ക് മോശം വരരുത് എന്ന് വിചാരിച്ചാണ് താനിതു പറഞ്ഞതെന്നും മാരാർ കൂട്ടിച്ചേർത്തു. മുൻപ് ഒരു ഗെയിമില്‍ അതുപോലെ പറഞ്ഞപ്പോള്‍ ശോഭ എന്താണ് പിന്നീട് ചെയ്യാതിരുന്നത് എന്നും അഖില്‍ സംസാരത്തിനിടിയിൽ പറഞ്ഞു. ഇതിനു മറുപടിയായി ശോഭ പറഞ്ഞ കാര്യമാണ് മാരാരെ ചൊടിപ്പിച്ചത്. "നീ പറഞ്ഞത് അവളുടെ നല്ല കാര്യത്തിനായിരിക്കും. പക്ഷേ എന്റെ അടുത്താണ് അങ്ങനെ പറഞ്ഞെങ്കില്‍ മൈൻഡ് യുവര്‍ ഓണ്‍ ബിസിനസ് എന്ന് ഞാൻ പറയും," എന്നായിരുന്നു ശോഭയുടെ മറുപടി. ഞാനും അവനുമായുള്ള റിലേഷൻ എന്താണ് എന്ന് എനിക്ക് അറിയാം, മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ശോഭ തറപ്പിച്ചു പറഞ്ഞു. ശോഭയോട് അനുകൂലിച്ചുകൊണ്ടും 'എനിക്കും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല' എന്നായിരുന്നു സെറീനയുടെ മറുപടി.
സെറീനയുടെയും ശോഭയുടെയും അടുത്തു നിന്നു ലഭിച്ച തിരിച്ചടി അഖിലിനെ പ്രകോപ്പിക്കുകയും തുടർന്ന് അത് വാക്കേറ്റത്തിൽ ചെന്നവസാനിക്കുകയും ചെയ്തു. തർക്കത്തിനിടെ, ' പുറത്ത് നടന്ന് സുഖിപ്പിച്ച് കാര്യങ്ങള്‍ എല്ലാം നേടിയെടുത്തവര്‍ക്ക് അങ്ങനെ തോന്നും, നീ നിന്റെ ബിസിനസ് ചെയ്യുന്നത് എങ്ങനെയാണ്? ഇങ്ങനെ നടന്ന് ഓരോരുത്തരെയും സുഖിപ്പിച്ച് കച്ചവടം ചെയ്യുകയല്ലേ?' എന്നും അഖില്‍ ചോദിച്ചു. ഇതു തന്നെയാണ് മാരാർ, ഇങ്ങനെ ചിന്തിക്കാനേ മാരാർക്കാവൂ എന്നു ശോഭയും ചുട്ടമറുപടി നൽകി.
ഷിജുവും മാരാർ അങ്ങനെ സംസാരിച്ചത് ശരിയായില്ലെന്ന രീതിയിൽ കുറ്റപ്പെടുത്തുന്നതു കാണാമായിരുന്നു. അഖിൽ പറഞ്ഞത് തെറ്റായി എന്നു വിമർശിച്ചുകൊണ്ട് അനു ജോസഫും എത്തിയതോടെ വാക്കേറ്റം കൊഴുത്തു. അത്തരമൊരു പരാമർശം ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നായിരുന്നു അനു അഖിലിനോട് പറഞ്ഞത്. ബിസിനസ് ചെയ്യുന്ന ആളുകളെല്ലാം സുഖിപ്പിച്ചാണ് ജോലി ചെയ്യുന്നത് എന്ന് അഖില്‍ വീണ്ടും ആവർത്തിച്ചപ്പോൾ ഞാനും ബിസിനസ്സ് ചെയ്യുന്ന ആളാണ്, പക്ഷേ സുഖിപ്പിച്ചിട്ടല്ല ചെയ്യുന്നത് എന്നു അനു പറഞ്ഞു.
മാരാർക്ക് ഉള്ളിലെ പിൻതിരിപ്പൻ ചിന്താഗതിയും സ്ത്രീ വിരുദ്ധതയുമൊക്കെ വീണ്ടുമൊരിക്കൽ കൂടി പുറത്തുചാടിയെന്നാണ് പ്രേക്ഷകരും വിമർശിക്കുന്നത്. "ഒരു സ്ത്രീക്ക് മറ്റുള്ളവരെ സുഖിപ്പിച്ച് മാത്രമേ ബിസിനസ് ചെയ്യാൻ കഴിയൂ എന്ന മാരാരുടെ പരാമർശം സ്ത്രീകളുടെ മാന്യതയെ തന്നെ ചവിട്ടി അരക്കുന്നതാണ്," എന്നാണ് മാരാർക്ക് എതിരെ ഉയരുന്ന വിമർശന കുറിപ്പുകൾ പറയുന്നത്. "ചില ബസ്സ് സ്റ്റോപ്പുകളിൽ കാണാം ഇത്തരം കുറേ അമ്മാവന്മാരെ, സദാചാര പോലീസ് ചമയലാണ് പണി,"എന്നിങ്ങനെ പോവുന്നു മാരാർക്ക് എതിരെയുള്ള കമന്റുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.