Bigg Boss Malayalam Season 5: ഓരോ ബിഗ് ബോസ് സീസണിലും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന ചില കോമ്പോകൾ ഉണ്ടാവാറുണ്ട്. മത്സരാർത്ഥികൾക്കിടയിലെ പ്രണയമോ സൗഹൃദമോ ഒക്കെ ഈ തരത്തിൽ ആഘോഷിക്കപ്പെടുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. പേളി – ശ്രീനിഷ് പ്രണയം, സാബു- രഞ്ജിനി സൗഹൃദം, മണിക്കുട്ടൻ- ഡിംപൽ സൗഹൃദം ഇതൊക്കെ പോയ സീസണുകളിൽ പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന ചില കോമ്പോകളാണ്. എന്നാൽ ആ സീസണുകളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായൊരു കോമ്പോയാണ് സീസൺ അഞ്ചിൽ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്.
സൗഹൃദമോ പ്രണയമോ അല്ല ഈ കോമ്പോയെ ചേർത്തുവയ്ക്കുന്നത്. പരസ്പരമുള്ള വഴക്കുകളും കൗണ്ടറുകളുമൊക്കെയാണ്. അഖിൽ മാരാറും ശോഭ വിശ്വനാഥുമാണ് വേറിട്ട സമവാക്യങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറി എന്നാണ് പ്രേക്ഷകർക്കിടയിൽ ഇവർ അറിയപ്പെടുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ രണ്ടു മത്സരാർത്ഥികൾ. ജീവിതത്തോടുള്ള സമീപനങ്ങളിൽ ഇരുവരും ഇരു ധ്രുവങ്ങളിലാണ്. ആശയപരമായി എപ്പോഴും എതിർ ചേരിയിലാണ് മാരാരും ശോഭയും നിൽക്കുന്നത്. മാരാരുടെ വാക്കുകളിലെ സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്യുന്നതും പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് ചൂണ്ടികാണിക്കുന്നതുമെല്ലാം പലപ്പോഴും ശോഭയാണ്. ബിഗ് ബോസ് ഷോയും വീടിനകത്തു നടക്കുന്ന സംഭവങ്ങളുമെല്ലാം ലാഘവത്തോടെ എടുക്കാനാണ് അഖിൽ മാരാർ എപ്പോഴും ശ്രമിക്കുന്നത്. എന്നാൽ സഹമത്സരാർത്ഥികൾ തന്നെ വിശേഷിപ്പിക്കുന്നതുപോലെ ശോഭ ഒരു അയേൺ ലേഡിയാണ്. ബിഗ് ബോസ് എന്ന ഷോയേയും ടാസ്കിനെയുമെല്ലാം അതീവ ഗൗരവത്തോടെയും മത്സരബുദ്ധിയോടെയുമാണ് ശോഭ സമീപിക്കുന്നത്.
ശോഭയെ എപ്പോഴും ഇറിറ്റേറ്റ് ചെയ്യാനും കൗണ്ടർ അടിക്കാനുമാണ് മാരാർ ശ്രമിക്കുന്നത്. സ്പോട്ടിൽ മറുപടികൾ നൽകി അത്തരത്തിലുള്ള എല്ലാ ആക്രമണങ്ങളെയും ശോഭ ചെറുക്കുന്നുമുണ്ട്. രണ്ടുപേരുടെയും ഈ ടോം ആൻഡ് ജെറി ഫൈറ്റ് ആസ്വദിക്കുന്നവർ ബിഗ് ബോസ് വീടിനകത്തു തന്നെയുണ്ട്. ഷിജുവും വിഷ്ണുവുമെല്ലാം ഇക്കാര്യത്തിൽ മാരാറിനെ പിന്തുണയ്ക്കുന്നുണ്ട്. ഹോട്ട്സ്റ്റാറിൽ 24×7 ലൈവ് സ്ട്രീമിംഗിനെ രസകരമായി മുന്നോട്ടു കൊണ്ടുപോവുന്ന മത്സരാർത്ഥികൾ ആരൊക്കെ എന്നു നോക്കിയാലും അതിൽ മാരാരും ശോഭയും തന്നെയായിരിക്കും മുൻപന്തിയിൽ.
ശോഭയും മാരാറും തമ്മിലുള്ള ടോം ആൻഡ് ജെറി ഫൈറ്റ് തന്നെയായിരുന്നു ഇന്നലത്തെ എപ്പിസോഡിനെയും ശ്രദ്ധേയമാക്കിയത്. ബാൽക്കണിയിൽ ഉണങ്ങാൻ വിരിച്ചിട്ട അഖിലിന്റെ തുണികൾ ഉണങ്ങും മുൻപ് ശോഭ എടുത്തുമാറ്റിയതാണ് അഖിലിനെ ചൊടിപ്പിച്ചത്. ശോഭയുടെ തുണികൾ നിലത്തോട്ട് വലിച്ചിട്ട് അഖിൽ അവിടെ തന്റെ അടിവസ്ത്രങ്ങൾ ഉണങ്ങാൻ വിരിച്ചിട്ടു. ഇതിൽ കലി കയറിയ ശോഭ അഖിലിന്റെ അടിവസ്ത്രങ്ങൾ എടുത്ത് പൂളിലേക്കിട്ടു. പിന്നാലെ അഖിലും ശോഭയുടെ വസ്ത്രങ്ങൾ പൂളിലേക്കു വലിച്ചെറിഞ്ഞു.
പിന്നീട് ഇരുവരും പൂളിൽ നിന്നും വസ്ത്രങ്ങൾ എടുക്കുന്നതും അതിനിടയിൽ പരസ്പരം വഴക്കടിക്കുന്നതുമൊക്കെ സഹമത്സരാർത്ഥികളിലും പ്രേക്ഷകരിലും ഒരുപോലെ ചിരിയുണർത്തുന്ന കാഴ്ചയായിരുന്നു. പൂളിനരികിൽ ഇരുന്ന് വസ്ത്രങ്ങൾ തോണ്ടിയെടുക്കാൻ നോക്കുന്ന ശോഭയെ വെള്ളത്തിലേക്ക് വീഴ്ത്തുമെന്ന രീതിയിലുള്ള അഖിലിന്റെ ചേഷ്ടകൾ ശോഭയിലും ചിരിയുണർത്തി.
ആ സംഭവത്തിനു ശേഷമായിരുന്നു അഖിൽ, ഒമർ ലുലു, ശോഭ എന്നിവർ പങ്കെടുക്കുന്ന ജയിൽ ടാസ്ക്. അഖിലും ശോഭയും ഒന്നിച്ച് ജയിലിൽ പോയാൽ രസമായിരിക്കുമെന്ന രീതിയിൽ ഒമർ അടക്കമുള്ള മത്സരാർത്ഥികൾ ഇരുവരെയും കളിയാക്കുന്നതും മറ്റൊരു വീഡിയോയിൽ കാണാം.
‘ഞാൻ ജയിലിൽ പോവാൻ റെഡിയാ, ഒമർ ഇക്കയുടെ കൂടെ. ഒരൊറ്റ പ്രാർത്ഥനയേ ഉള്ളൂ. ആ കാലമാടനെ മാത്രം എനിക്ക് കൂടെ കിട്ടരുത് എന്നേയുള്ളൂ,” എന്നാണ് ശോഭ ക്യാമറയിൽ നോക്കി ബിഗ് ബോസിനോട് പറയുന്നത്.
എന്തായാലും മാരാർ-ശോഭ വഴക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതേസമയം, അഖിൽ മാരാറിന്റെ ഈ കളിയാക്കൽ ബുള്ളിയിങ്ങ് പരിധിയിൽ വരുന്നതാണെന്നും ഒരു വിഭാഗം പ്രേക്ഷകർ വിമർശിക്കുന്നുണ്ട്. അവിടെ ഗ്രൂപ്പ് ചേർന്നു കളിക്കുന്ന അഖിലിനോട് ഒറ്റയ്ക്ക് നിന്നു പൊരുതുകയാണ് ശോഭ എന്ന് വിലയിരുത്തുന്നവരും ഏറെയാണ്.