Bigg Boss Malayalam Season 5: കഴിഞ്ഞാഴ്ച്ച ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾ മുൾമുനയിൽ നിർത്തിയ ടാസ്ക്കായിരുന്നു മിഷൻ എക്സ്. ടാസ്ക്കിനിടയിൽ മത്സരാർത്ഥികൾ പരസ്പരം ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതി ഹൗസിന് അകത്തു നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും ഉയർന്നിരുന്നു. പ്രേക്ഷകരുടെ അഭിപ്രായ പ്രകാരം ഇതിനെ കുറിച്ച് മോഹൻലാൽ മത്സരാർത്ഥികളോട് ചോദിക്കുകയും ചെയ്തു. റെനീഷ, മിഥുൻ എന്നിവർക്കെതിരെയാണ് കൂടുതൽ പരാതികൾ ഉയർന്നത്.
റെനീഷ സഹമത്സരാർത്ഥികളെ മനപൂർവ്വമായി ഉപദ്രവിക്കുന്നെന്നായിരുന്നു പ്രേക്ഷകരുടെ പരാതി. എന്നാൽ അതേ സമയം ആരെയും ശാരീരികമായി ആക്രമിക്കരുതെന്ന് റെനീഷ മറ്റുള്ളവരോട് പറയുകയും ചെയ്തു. എന്നാൽ എപ്പിസോഡിനിടയിൽ മോഹൻലാൽ വീഡിയോ കാണിച്ചപ്പോഴാണ് റെനീഷയ്ക്ക് തന്റെ തെറ്റു മനസ്സിലായത്. ഒടുവിൽ താരം മാപ്പു പറയുകയും ചെയ്തു. മിഷൻ എക്സ് ടാസ്ക്കും അവസാനിച്ച് പുതിയ വീക്ക്‌വി ടാസ്ക്ക് ആരംഭിച്ചെങ്കിലും ഇപ്പോഴും റെനീഷയെ അതേ ചൊല്ലി കളിയാക്കുകയാണ് സഹമത്സരാർത്ഥികൾ.
ലേഡി ഗുണ്ട എന്നാണ് റെനീഷയെ ശ്രുതി ടാസ്ക്കിനിടയിൽ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ അഖിൽ മാരാരും വിഷ്ണുവും ചേർന്ന് റെനീഷയെ കളിയാക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ശരിക്കും തല്ലുമാലയിലെ ലുക്ക്‌മാനു പകരം ഇവളെയായിരിക്കണം കാസ്റ്റ് ചെയ്യേണ്ടിയിരുന്നത്, പറന്നടിക്കാനായിട്ട് എന്നാണ് വിഷ്ണു പറയുന്നത്. കൊച്ചിയിൽ ഒരു ക്വട്ടേഷൻ ഞാൻ ഇവൾക്കു കൊടുക്കുന്നുണ്ട്, കാലു വെട്ടാൻ എത്രയാണ് ചാർജ് എന്നും അഖിൽ റെനീഷയോട് ചോദിക്കുന്നു. ഇവരുടെ രസകരമായ സംഭാഷണം റെനീഷ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ ഇതിനവസാനം അഖിൽ പറഞ്ഞ വാചകത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
നാട്ടിലെ കൂട്ടുകാരന്മാരൊക്കെ പറയും, പെണ്ണുങ്ങളുടെ ഇടി കൊള്ളാതെ എഴുന്നേറ്റ് പോടായെന്ന് അഖിൽ പറഞ്ഞ വാചകത്തെ തിരത്തുന്നുണ്ട് വിഷ്ണു. മിഷൻ എക്സ് എന്ന ടാസ്ക്കിനിടയിൽ അഖിൽ റെനീഷയെ ചവിട്ടിയിരുന്നു. തനിക്ക് വേദനയെടുത്തതു മൂലം ബസ്സർ കേട്ടതിനു ശേഷം അഖിലിനെ അടിച്ചെന്ന വിവരം റെനീഷ സമ്മതിച്ചിരുന്നു.