Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 26നാണ് ഷോയുടെ ഗ്രാൻഡ് ഓപ്പണിംഗ്. ഈ സീസണിലെ മത്സരാർത്ഥികൾ ആരൊക്കെ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. സിനിമ, സീരിയൽ താരമായ നടൻ ഷിജു എ ആർ (ഷിജു അബ്ദുൽ റഷീദ്) ഈ സീസണിൽ മത്സരാർത്ഥിയായി എത്തുന്നു എന്നു റിപ്പോർട്ടുകളുണ്ട്.
മലയാളത്തിലും തെലുങ്കിലും ശ്രദ്ധേയനായ ഷിജു അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത ‘നീയും ഞാനും’ എന്ന സീരിയലില്‍ നായകനായും ഷിജു തിളങ്ങിയിരുന്നു. ഈ സീരിയൽ അടുത്തിടെയാണ് അവസാനിച്ചത്.
ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രമാണ് ഷിജുവിനെ മലയാള സിനിമപ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. പിന്നീട് കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ് തുടങ്ങി ധാരാളം മലയാളം ചിത്രങ്ങൾ ചെയ്തു.
കോഡിരാമ കൃഷ്ണ സംവിധാനം ചെയ്ത ദേവി എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. ദേവി ഷിജു എന്നാണ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഈ നടൻ അറിയപ്പെടുന്നത്. മനസന്ത നുവ്വെ, നുവ്വു നാക്കു നച്ചാവു, സിംഹരാശി, അമ്മായികോസം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. രാജേഷ് ടച്ച്‌റൈവർ സംവിധാനം ചെയ്ത ‘ഇൻ നെയിം ഓഫ് ബുദ്ധ’ എന്ന ചിത്രത്തിലും ഷിജു ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.
കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ എറണാകുളത്താണ് താമസം. കുവൈറ്റ് എയർവേയ്‌സിലെ എയർഹോസ്റ്റസും ഭരതനാട്യം ക്ലാസിക്കൽ നർത്തകിയുമായ പ്രീതി പ്രേമാണ് ഭാര്യ.