Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കൂട്ടുക്കെട്ടുകളിൽ ഒന്നാണ് അഖിൽ മാരാർ, ഷിജു, വിഷ്ണു ജോഷി കോമ്പോ. ഗെയിമുകളെയും ടാസ്കുകളെയും മാറ്റിമറിക്കാൻ മാത്രമല്ല, വീടിനകത്തെ ചെറുതും വലുതുമായ സംഭവങ്ങളെ വരെ സ്വാധീനിക്കാൻ ഈ ഗ്യാങ്ങിനു കഴിഞ്ഞിരുന്നു. മൂവരും ഗ്രൂപ്പിസം കളിക്കുകയാണെന്ന പരാതി ശോഭ, ജുനൈസ്, സാഗർ എന്നീ മത്സരാർത്ഥികൾ പരസ്യമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായ അഭിപ്രായം പ്രേക്ഷകരും പലപ്പോഴായി പങ്കുവച്ചിട്ടുള്ളതാണ്.
ഇപ്പോഴിതാ, മാരാർ-ഷിജു-വിഷ്ണു സൗഹൃദത്തിൽ വിള്ളൽ വീഴുന്നു എന്ന വാർത്തയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അത്തരം സൂചനകൾ പ്രേക്ഷകർക്കു ലഭിക്കുന്നുണ്ടെങ്കിലും ഏഷ്യാനെറ്റ് ഇന്ന് പുറത്തുവിട്ട പ്രൊമോയാണ് ശ്രദ്ധ നേടുന്നത്. “കൂടെ നിന്ന് ചതിക്കുന്നത് എനിക്ക് ഇഷ്ടമല്ല, വിഷ്ണുവിനോട് ഞാനിനി മിണ്ടില്ല. ഞാൻ വിഡ്ഢിയായി പോവുന്നു എന്ന് എനിക്കു തോന്നി തുടങ്ങിയാൽ പിന്നെ സഹകരിക്കാൻ ബുദ്ധിമുട്ടാവും. എന്നെ വെട്ടിയാൽ അടപടലം ഞാനവനെ വെട്ടും. അവൻ കളിക്കട്ടെ,” എന്ന് വിഷ്ണുവിനെ കുറിച്ച് അനുവിനോട് അഖിൽ മാരാർ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
‘കൂടെ നിന്നിട്ട് നിങ്ങൾ ഇങ്ങനെയല്ലേ കാണിക്കുന്നത്?’ എന്ന് സ്മോക്കിംഗ് റൂമിൽ വച്ച് ഷിജുവിനോട് കയർക്കുന്ന മാരാരെയും കാണാം. ‘ഞാൻ ഒറ്റയ്ക്ക് കളിച്ചോളാം, എനിക്ക് ആരുടെയും ആവശ്യമില്ലെ’ന്നാണ് ഷിജുവിനോട് മാരാർ പറയുന്നത്. സങ്കടപ്പെട്ട് കരഞ്ഞിരിക്കുന്ന ഷിജുവിനെ ജുനൈസ് ആശ്വസിപ്പിക്കുന്നതും പ്രൊമോയിൽ കാണാം. എന്താണ് മൂവർ സംഘത്തിനിടയിൽ സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകരും.
അതേസമയം, കഴിഞ്ഞ ദിവസം ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന വീക്ക്‌ലി ടാസ്കിനിടയിൽ മാരാരെ വിമർശിച്ചു കൊണ്ട് വിഷ്ണു പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. വീക്ക്‌ലി ടാസ്കിലെ ആദ്യ ടാസ്ക് തടസ്സപ്പെടുത്തി കൊണ്ട് സാഗറും മാരാറും മൂന്നു തവണ ബസർ അടിച്ചിരുന്നു. ഇതോടെ ആ ടാസ്ക് റദ്ദാവുകയും 500 ലക്ഷ്വറി പോയിന്റുകൾ അതുവഴി നഷ്ടമാവുകയും ചെയ്തിരുന്നു. എല്ലാവർക്കും അവകാശപ്പെട്ട ലക്ഷ്വറി പോയിന്റുകൾ നഷ്ടമാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് മത്സരാർത്ഥികൾ സാഗറിനും മാരാർക്കും എതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയിലെ ബിബി ഹോട്ടൽ ടാസ്കിൽ ലക്ഷ്വറി പോയിന്റുകൾ നഷ്ടപ്പെടുത്തരുത് എന്ന ഉദ്ദേശത്തോടെ പെർഫോം ചെയ്ത മാരാർ, ഒരാഴ്ച പിന്നിടുമ്പോഴേക്കും തന്റെ നിലപാടിൽ മാറ്റം വരുത്തിയതിനെയാണ് പ്രധാനമായും വിഷ്ണു ചോദ്യം ചെയ്തത്.
ബിഗ് ബോസ് വീട്ടിൽ നടന്ന പ്രസ് മീറ്റിലും, വിഷ്ണു-മാരാർ-ഷിജു ടീമിന്റെ ഗ്രൂപ്പിസം പ്രധാന വിമർശനമായി ഉയർന്നിരുന്നു. “തനിയെ കളിച്ചു നൂറു ദിവസം നിന്ന് വിജയിയാവാനാണോ അതോ ഗ്രൂപ്പു കളിച്ച് നൂറുദിവസം എങ്ങനെയെങ്കിലും ഇവിടെ തള്ളി നീക്കുക എന്നതാണോ വിഷ്ണുവിന്റെ ഗെയിം പ്ലാൻ?” എന്ന ചോദ്യത്തിന് മാരാർ-ഷിജു കൂട്ടുക്കെട്ട് വിടാൻ തനിക്ക് ഉദ്ദേശമില്ല എന്നതായിരുന്നു വിഷ്ണുവിന്റെ മറുപടി. എന്നാൽ പ്രസ് മീറ്റിനു ശേഷം വിഷ്ണുവിന് മാരാരോടുള്ള അടുപ്പത്തിലും വിധേയത്വത്തിലും പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതിനെ കുറിച്ച്, ശോഭ- റിനോഷ് എന്നിവർ ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്തായാലും, ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് വീട്ടിലെ സമവാക്യങ്ങൾ മാറി തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.