ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ ആഘോഷിക്കപ്പെട്ട മൂവർ സംഘമായിരുന്നു റോബിൻ ദിൽഷ ബ്ലെസ്ലി. വീട്ടിൽ ആയിരുന്നപ്പോൾ ഏറ്റവും സൗഹൃദം സൂക്ഷിച്ചവരായിരുന്നു ഇവർ മൂന്ന് പേരും. ഇതിൽ ദിൽഷയും ബ്ലെസ്ലിയും ബിഗ് ബോസ് വീട്ടിൽ നൂറ് ദിനങ്ങൾ പൂർത്തിയാക്കി, ഒരാൾ വിജയിയും മറ്റെയാൾ റണ്ണറപ്പും ആയാണ് പുറത്തെത്തിയത്. എന്നാൽ ഫൈനലിന് ദിവസങ്ങൾക്ക് ഇപ്പുറം ആ സൗഹൃദങ്ങൾക്ക് വിള്ളൽ വീണിരിക്കുകയാണ്.
ബിഗ് ബോസ് വീട്ടിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഡോ. റോബിൻ രാധാകൃഷ്‌ണനും ബ്ലെസ്ലിക്കും എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ. യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ തനിക്ക് ഇനി റോബിനും ബ്ലെസ്സലിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ആ സൗഹൃദം അവസാനിച്ചെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ദിൽഷ.
ഒടുവിൽ ഇത് പറയാനുള്ള സമയം ആയെന്ന് പറഞ്ഞു കൊണ്ടാണ് ദിൽഷ ആരംഭിക്കുന്നത്. “എല്ലാവർക്കും എന്നെ തട്ടി കളിച്ചു മതിയായെന്ന് തോന്നുന്നു. എനിക്ക് വരുന്ന ഓരോ മെസ്സേജിലും കമന്റിലും എല്ലാവരും എന്നെ കുറ്റപ്പെടുത്തുകയാണ്. ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന് എനിക്ക് അറിയില്ല. ഓരോ ഇന്റർവ്യൂവിന് പോകുമ്പോഴും റോബിനെയും ബ്ലെസ്ലിയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് സൂക്ഷിച്ചാണ് മറുപടി നൽകുന്നത്. ബിഗ് ബോസ് വീടിനു അകത്തും പുറത്തും ഞാൻ ആ സൗഹൃദത്തിന് വില നൽകിയിരുന്നു. ഞാൻ അവരെ സപ്പോർട്ട് ചെയ്തേ നിന്നിട്ടുള്ളു. ഞാൻ അവർക്കെതിരെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ എനിക്ക് മനസിലായി ഞാൻ മാത്രേ അത് ചെയ്തിട്ടുള്ളു ഞാൻ മാത്രമേ ആ സൗഹൃദത്തിന് വില നൽകിയിട്ടുള്ളൂ” ദിൽഷ പറഞ്ഞു.
“ഇവരുടെ കുടുംബം ഓരോ കാര്യങ്ങൾക്ക് വീഡിയോ ചെയ്യുമ്പോൾ എന്റെ ചേച്ചിയോ അനിയത്തിയോ ഒന്നും ചെയ്തിട്ടില്ല. അവർക്ക് അറിയാം അത് ഗെയിം ആണെന്ന്. ബിഗ് ബോസ് വീട്ടിൽ ഉള്ളത് ഒക്കെ അവിടെ കഴിഞ്ഞു. അവർ എന്നെ തട്ടി കളിക്കുകയാണ് ഞാൻ അതിന്റെ ഇടയിലാണ്. എന്റെ കുടുംബം ഇതെല്ലാം കണ്ട് വിഷമിക്കുകയാണ്.” ദിൽഷ കൂട്ടിച്ചേർത്തു.
വിവാഹക്കാര്യം റോബിനുമായി സംസാരിച്ചിരുന്നുവെന്നും ദിൽഷ പറയുന്നു. തനിക്ക് ചെറിയ ഇഷ്ടം ഉണ്ടെന്നും അത് മനസിലാക്കാനും വിവാഹത്തിലേക്ക് കടക്കാനും സമയം വേണമെന്നും പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെ സമ്മർദ്ദം കൊണ്ട് ഉടനെ വിവാഹത്തിലേക്ക് കടക്കണം എന്നായിരുന്നു റോബിന്. എനിക്ക് എന്റെ വീട്ടുകാരെ എല്ലാം നോക്കണം. അതുകൊണ്ട് തന്നെ ഞാൻ ഒരു യെസ് പറയാനോ നോ പറയാനോ നിന്നില്ല. അത് റോബിനു ഒരു പ്രശ്‌നം വരരുതെന്ന് ഓർത്തിട്ടാണ്. ഞാൻ അതെല്ലാം ചിന്തിച്ചിട്ടാണ് അവർ എന്നാൽ എന്നെ കുറിച്ചോ ഒന്നും ചിന്തിച്ചിട്ടില്ല. അവരെ ഒന്നും അല്ലാതാക്കി ആ ട്രോഫി ആയി നിൽക്കണം എന്ന് ഞാൻ കരുതിയിട്ടില്ല ” ദിൽഷ പറഞ്ഞു.
ബിഗ് ബോസ് വീടിനുള്ളിൽ താൻ തന്റെ നൂറ് ശതമാനം നൽകിയാണ് നിന്നത് ഫിസിക്കൽ ടാസ്കിൽ ഉൾപ്പെടെ മികവ് കാണിച്ചു. താൻ ഡിസർവിങ് അല്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ട്രോഫി ആർക്കും താൻ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ദിൽഷ പറഞ്ഞു. തന്നെ ജയിപ്പിച്ചത് തങ്ങളാണെന്ന് വാദിക്കുന്ന റോബിൻ ഫാൻസിനുള്ള മറുപടി ആയിട്ടായിരുന്നു അത്. താൻ ലവ് ട്രാക്ക് കളിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നുവെങ്കിൽ വോട്ട് ചെയ്യണ്ട എന്ന് അന്ന് തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിൽഷ കൂട്ടിച്ചേർത്തു. തന്നെ ചേർത്ത് നിർത്തിയ ആരാധകർക്ക് ദിൽഷ നന്ദി പറയുകയും ചെയ്തു.