Bigg Boss Malayalam Season 4: ബിഗ് ബോസ് ഷോയുടെ നിയമാവലികളിൽ എടുത്തുപറയുന്ന ഒന്നാണ്, വീടിനകത്ത് പരമാവധി മലയാളം സംസാരിക്കണം എന്നത്. എന്നാൽ, ഇതുവരെയുള്ള എല്ലാ സീസണുകളിലും മത്സരാർത്ഥികൾ പലകുറി വഴക്ക് കേട്ടിട്ടുള്ളതും വീടിനകത്ത് കൂടുതലായി ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതിനാണ്. നാലാം സീസണിലും സ്ഥിതിഗതികൾക്ക് വലിയ മാറ്റമില്ല. നിമിഷ, ഡെയ്സി, ജാസ്മിൻ, റോബിൻ തുടങ്ങിയ മത്സരാർത്ഥികളെല്ലാം വീടിനകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. അമേരിക്കക്കാരിയായ അപർണ മൾബറി പറയുന്നത്ര പോലും മലയാളം നാലാം സീസണിലെ ഈ മത്സരാർത്ഥികൾ പറയുന്നില്ലെന്നതാണ് സത്യം. മുൻ എപ്പിസോഡുകളിൽ മോഹൻലാൽ ഇക്കാര്യം ചൂണ്ടികാണിക്കുകയും കൂടുതൽ മലയാളം സംസാരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മോഹൻലാൽ ഭാഷാപ്രശ്നത്തിൽ ഇടപെട്ടിട്ടും വലിയ മാറ്റമൊന്നുമില്ല എന്നതാണ് സത്യം. പഴയപോലെ തന്നെയാണ് ബിഗ് ബോസ് വീട്ടിലെ കാര്യങ്ങൾ. മലയാളത്തിൽ ‘അരിപെറുക്കുന്ന’ ജാസ്മിൻ- ഡെയ്സി- നിമിഷ ടീമിനെ മലയാളം പഠിപ്പിക്കാനും തെറ്റുകൾ ചൂണ്ടികാട്ടാനുമായി ബിഗ് ബോസ് വീട്ടിലേക്ക് ഒരാൾ എത്തിയിരിക്കുകയാണ് ഇപ്പോൾ, മണികണ്ഠൻ തോന്നയ്ക്കൽ. ബിഗ് ബോസ് മലയാളം നാലാം സീസണിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയാണ് മണികണ്ഠൻ.
തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ സ്വദേശിയായ മണികണ്ഠന്‍ പിള്ള, മണിയന്‍ തോന്നയ്ക്കല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അധ്യാപനത്തിലും കൃഷിയിലും മിമിക്രിയിലുമെല്ലാം താൽപ്പര്യമുള്ളയാളാണ് മണിയൻ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട് വിദഗ്ധൻ, കർഷകൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ മേൽവിലാസങ്ങൾ ഇണങ്ങുന്ന ഒരാൾ കൂടിയാണ് മണിയൻ.
അദ്ദേഹത്തിന്റെ മണിയൻ സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലും ഏറെ പ്രശസ്തമാണ്. ഭാഷ, സാഹിത്യം, പുരാണ കഥകൾ എന്നിവയെ കുറിച്ചുള്ള വിഷയങ്ങളും ഹാസ്യാവതരണവുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമായ മണിയൻ സ്പീക്കിംഗിന് അത്യാവശ്യം ഫാൻ ബെയ്സുമുണ്ട്.
എന്തായാലും, ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലുമെല്ലാം നല്ല അറിവുള്ള മണിയൻ ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോൾ അതെങ്ങനെയാണ് മറ്റു മത്സരാർത്ഥികളെ ബാധിക്കുകയെന്ന് കണ്ടറിയണം. പുറത്തിരുന്ന് വീടിനകത്തെ ഗെയിം എല്ലാം കൃത്യമാക്കി മനസ്സിലാക്കിയാണ് മണിയൻ എത്തുന്നത് എന്നും ശ്രദ്ധേയമാണ്.