Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 50 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. കടന്നുവന്നതിലും വലിയ അഗ്നിപരീക്ഷണങ്ങളാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി കാത്തുവച്ചിരിക്കുന്നതെന്ന സൂചന നൽകുകയാണ് പുതിയ വീക്ക്ലി ടാസ്കും. വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ, ഇരിക്കാൻ കസേരയോ അവശ്യ സൗകര്യങ്ങളോ ഇല്ലാതെ വേണം ഈ വീക്ക്ലി ടാസ്ക് പൂർത്തിയാക്കാൻ.
നിലവിൽ തന്ന റേഷനാണ് ബിഗ് ബോസ് മത്സരാർത്ഥികളുടെ ഭക്ഷണം. എന്നാൽ അതുപോലും ഇപ്പോൾ നഷ്ടമാവുകയാണ്. വരുന്ന മൂന്ന് ദിവസത്തേക്ക് ഭക്ഷണമോ വെള്ളമോ കിടക്കാനുള്ള സൗകര്യങ്ങളോ ബിഗ് ബോസ് ഹൗസിലുണ്ടാവില്ല. വീട്ടിലെ സോഫ സെറ്റുകളും ഡൈനിങ് ടേബിളിലെ കസേരകളുമെല്ലാം ബിഗ് ബോസ് എടുത്ത് മാറ്റിയിരിക്കുകയാണ്. ടോയ്ലെറ്റുകൾ എല്ലാം പൂട്ടിയതോടെ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ പോലും മത്സരാർത്ഥികൾക്ക് വഴിയില്ല. ഇതിനെ അതിജീവിക്കുക എന്നതാണ് മത്സരാർത്ഥികൾക്ക് മുന്നിലെ ടാസ്ക്ക്.
ഓരോ മത്സരാർത്ഥികൾക്കും ഒരു കാൻ വെള്ളവും ബക്കറ്റും പായും നൽകിയിട്ടുണ്ട് ബിഗ് ബോസ്. വീടിനകത്ത് അൽപ്പം പച്ചക്കറികളും പഴങ്ങളുമാണ് ബാക്കിയുള്ളത്. പരിമിതമായ വെള്ളവും പഴങ്ങളും പച്ചക്കറികളും വച്ച് മത്സരാർത്ഥികൾക്ക് അതിജീവിക്കാനാവുമോ എന്നു കണ്ടറിയണം.
നൽകുന്ന ടാസ്കുകളിൽ വിജയിയായി കൊണ്ട് അവശ്യ സാധനങ്ങൾ മത്സരാർത്ഥികൾക്ക് തിരികെ പിടിക്കാൻ അവസരവും ബിഗ് ബോസ് നൽകുന്നുണ്ട്.