scorecardresearch
Latest News

എന്തുകൊണ്ടാണ് റിയാസ് ജനപ്രിയനാവുന്നത്?; വൈറൽ കുറിപ്പ്

“ഷോയ്ക്ക് ചേരാത്ത നയതന്ത്രവും ഇരട്ടത്താപ്പും കള്ളത്തരവും കൊണ്ടു നടക്കുന്ന സകലരെയും പുകച്ച് പുറത്തു ചാടിച്ചു. പ്രകോപനം, സർഗാസം, അനുകരണം, വാഗ്വാദം അങ്ങനെ ഷോയിൽ അനുവദനീയമായതെല്ലാം ഏറ്റവും പൊളിറ്റിക്കലി കറക്ടായി കൃത്യമായി ഉപയോഗിച്ചു”

എന്തുകൊണ്ടാണ് റിയാസ് ജനപ്രിയനാവുന്നത്?; വൈറൽ കുറിപ്പ്

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും മികച്ച മത്സരാർത്ഥിയാണ് റിയാസ് സലിം. നാൽപ്പതാം ദിവസം വൈൽഡ് കാർഡ് എൻട്രിയായാണ് ബിഗ് ബോസ് വീടിനകത്ത് റിയാസ് എത്തുന്നത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ബിഗ് ബോസ് വീടിനകത്തെ ഏറ്റവും സജീവമായ സാന്നിധ്യമായി മാറാൻ റിയാസിനു സാധിച്ചു. ആദ്യനാളുകളിൽ കടുത്ത സൈബർ ആക്രമണങ്ങളാണ് റിയാസിന് നേരിടേണ്ടി വന്നതെങ്കിൽ, അധികം വൈകാതെ വ്യക്തവും കൃത്യവുമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിലുള്ള കഴിവും പുരോഗമന ആശയങ്ങളും ടാസ്കിലെ മികവുമൊക്കെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ റിയാസിനെ പ്രിയങ്കരനാക്കി മാറ്റി.

റിയാസിനെ കുറിച്ച് ദേവിക എം.എ എന്ന ബിഗ് ബോസ് പ്രേക്ഷക പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. വഴക്കിടുകയും പ്രകോപിപ്പിക്കുകയും അല്ലാതെ എന്താണ് റിയാസ് സലിം ബിഗ് ബോസിൽ ചെയ്യുന്നതെന്ന യാതൊരു ലോജിക്കും ഇല്ലാത്ത ചോദ്യം ചോദിക്കുന്നവർക്ക് കൃത്യമായ പോയിന്റുകൾ നിരത്തി വിശദീകരിക്കുകയാണ് ദേവിക.

” സീസൺ ഓഫ് കളേഴ്സ് എന്ന് പറഞ്ഞ് തുടങ്ങിയ സീസണിൽ പങ്കെടുക്കാൻ വന്ന മറ്റ് 19 മത്സരാർത്ഥികൾക്കും അറിയാത്ത / കേട്ടിട്ട് പോലും ഇല്ലാത്ത ആ ടൈറ്റിലിന്റെ വ്യാഖ്യാനം കുത്തിയിരുത്തി പഠിപ്പിച്ചു എന്നത് മാത്രം മതിയല്ലോ ‘എന്താണ് റിയാസ്’ എന്ന് ഒറ്റ വാചകത്തിൽ നിർവ്വചിക്കാൻ. തങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ അർത്ഥം പോലും അറിയാതെ വന്ന മനുഷ്യരെ അടിത്തറ പഠിപ്പിച്ചു കൊണ്ടുള്ള എൻട്രി.

മോഡേണായ ചിന്താഗതികൾ കൊണ്ടു നടക്കുന്നതിന്റെ പേരിൽ പുറത്ത് ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നടക്കുന്ന ജാസ്മിനും നിമിഷക്കും ആദ്യ ദിവസം തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തന്റെ സ്ത്രീപക്ഷ നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞു. ഏറ്റവും സേഫായ ഗെയിം സുഖമായി മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമായിരുന്നിട്ടും ടോക്സിക്കായ, പിന്തിരിപ്പൻ ചിന്താഗതിയുള്ള, പുറത്ത് ഏറ്റവും ജനപിന്തുണയുള്ള മത്സരാർത്ഥികൾക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതി. നിലപാട് എന്താണെന്ന്, ധൈര്യം / ചങ്കൂറ്റമെന്താണെന്ന് കണ്ടു പഠിക്കാനുള്ള അവസരമാണത്.

ഷോയ്ക്ക് ചേരാത്ത നയതന്ത്രവും ഇരട്ടത്താപ്പും കള്ളത്തരവും കൊണ്ടു നടക്കുന്ന സകലരെയും പുകച്ച് പുറത്തു ചാടിച്ചു.. അവരെ കൂടി കളിയിലേക്ക് ഇറക്കി. റോബിനെയും ബ്ലെസ്ലിയേയും മാത്രം ചുറ്റി നടന്നിരുന്ന ദിൽഷയേയും പ്രോഗ്രസീവായ പെണ്ണുങ്ങളെ മാത്രം ടാർഗറ്റ് ചെയ്ത് കുലപുരുഷത്തരം കാണിച്ചു നടന്ന ബ്ലസ്ലിയേയും വീട്ടമ്മ – തറവാടി ഇമേജിൽ ഭാരതീയ സ്ത്രീയായി ആറാടിയ ലക്ഷ്മിപ്രിയയെയും കുത്തിത്തിരിപ്പ് നടത്തി പുറമേ മാന്യയായി നടന്ന ധന്യയേയും അങ്ങനെ അഭിനയിച്ച് ഫേക്കായി ജീവിച്ച എല്ലാത്തിനേയും ഏത് വിധേനയാണെങ്കിലും പ്രേക്ഷകർക്ക് മുമ്പിലേക്ക് തനി നിറത്തിൽ വലിച്ചിട്ടു. പ്രകോപനം, സർഗാസം, അനുകരണം, വാഗ്വാദം അങ്ങനെ ഷോയിൽ അനുവദനീയമായതെല്ലാം ഏറ്റവും പൊളിറ്റിക്കലി കറക്ടായി കൃത്യമായി ഉപയോഗിച്ചു. മൈൻഡ് ഗെയിം!

സമൂഹത്തിലേക്ക് തെറ്റായ സന്ദേശം കൊടുക്കുന്ന ഏത് വികലമായ പരമാർശങ്ങളയും കൃത്യ സമയത്ത് ഇടപ്പെട്ട് തിരുത്തി. ‘നട്ടെല്ലില്ലാത്തവൻ’ എന്ന ബ്ലസ്സിയുടെ പ്രയോഗത്തെ സ്വകാര്യമായി വിളിച്ച് കാര്യം പറഞ്ഞ് തിരുത്തിയതും ബ്ലസ്സിയതിന് മാപ്പു പറഞ്ഞതുമൊക്കെ ചെറിയ ഉദാഹരണം മാതമാണ്. തിരുത്താൻ തയ്യാറായവരെ ഒക്കെ അവൻ കൂടെ കൂട്ടി. പരദൂഷണവും പൊളിറ്റിക്കലി ശരിയല്ലാത്ത പരമാർശങ്ങളും മാത്രം കൊണ്ട് നിറഞ്ഞു നിന്നിരുന്ന ബിഗ് ബോസ് എന്ന ഷോയിൽ ആദ്യമായി ആർത്തവത്തിന്റെ ശാസ്ത്രീയതും ലിംഗസമത്വവും ലൈംഗികതയും അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനമില്ലായ്മകളും ഫെമിനിസവും, LGBTQIA+ ഉം വാക്കുകളുടെ പൊളിറ്റിക്സും ബോഡി ഷെയിമിങ്ങും ടോക്സിക് പാരന്റിങ്ങും പ്രിവിലേജിന്റെ നിർവചനങ്ങളും കൺസെന്റും സെക്സ് എജ്യൂക്കേഷനും എല്ലാമെല്ലാം ചർച്ചാ വിഷയമായി.

ബോറായി കൊണ്ടിരിക്കുന്ന പല ടാസ്കുകളിലും അസാധ്യ ഹ്യൂമർ സെൻസും സർഗാസവും കുസ്യതിയും ഒക്കെ കാണിച്ച് അവാർഡ് പടം പോലെ ഇരിക്കുന്ന മറ്റ് മത്സരാർത്ഥികളെ പോലും കൂടുതൽ എൻഗേജിങ്ങ് ആക്കുന്നു. വാശി കയറ്റിയും ചൊറിഞ്ഞും മൂലക്ക് കുത്തിയിരിക്കുന്നവരെ പോലും ഗെയിമിലേക്ക് ഓൺ ആക്കി നൂറുശതമാനം എന്റർടെയിന്റ്മെന്റ് തരുന്നു. ബക്കറ്റ് ടാസ്കും ആൾമാറാട്ടവും രാത്രിയിലെ കട്ടു തിന്നൽ പോലും ഉദാഹരണങ്ങളാണ്. റോൺസണുമായുള്ള കെമിസ്ട്രി റിയാസിന്റെ മറ്റൊരു മനോഹരമായ മുഖം കൂടി കാണിക്കുന്നുണ്ട്.

ടാസ്കിന് ടാസ്ക്, കളിക്ക് കളി, ചിരിക്ക് ചിരി, കാര്യത്തിന് കാര്യം, പകക്ക് പക, സ്നേഹത്തിന് സ്നേഹം, അറിവ്- ഇതിൽ കൂടുതൽ എന്താണ് ബിഗ് ബോസ് ഷോയിലെ ഒരു മത്സരാർത്ഥി വിജയിയാവാൻ അർഹനാക്കുന്നത്. റിയാസിനേക്കാൾ മികച്ച ഏതു മത്സരാർത്ഥിയാണ് ഈ 4 സീസണുകളിൽ വന്ന് പോയിരിക്കുന്നത്?,” എന്നാണ് സുദീർഘമായ കുറിപ്പിൽ ദേവിക ചോദിക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 viral post about riyas salim