Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും മികച്ച കണ്ടന്റ് മേക്കർ ആരെന്ന ചോദ്യത്തിന് ഇപ്പോൾ റിയാസ് സലിം എന്നാവും ഉത്തരം. വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയ റിയാസ് ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെയും ചർച്ചാവിഷയമായിട്ടുണ്ട്. പോയവാരം ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയ വീക്ക്ലി ടാസ്കിൽ സ്കോർ ചെയ്തതും റിയാസ് ആയിരുന്നു.
മികച്ചൊരു ഗെയിമർ മാത്രമല്ല റിയാസ്. അയാൾ മുന്നോട്ട് വയ്ക്കുന്ന ഓരോ ആശയങ്ങളും ഇന്നത്തെ സമൂഹം കേട്ടിരിക്കേണ്ടതാണ്. താൻ നിലകൊള്ളുന്ന ഫെമിനിസം- LGBTQ പോലുള്ള ആശയങ്ങളെ കുറിച്ച് റിയാസിനുള്ള അറിവും അവബോധവും വാക്ചാതുര്യവുമൊക്കെ ഒരു വിഭാഗം പ്രേക്ഷകരെ ഈ ഇരുപത്തിനാലുകാരന്റെ ആരാധകരായി മാറ്റിയിരിക്കുകയാണ്. അതേസമയം, പുരോഗമനാശയങ്ങളെ ഉൾകൊള്ളുന്നതിൽ വിമുഖത കാണിക്കുന്ന പാട്രിയാർക്കിയൽ മൂല്യങ്ങളെ ഇപ്പോഴും കൊണ്ടുനടക്കുന്ന ഒരുവിഭാഗം സമൂഹമാധ്യമങ്ങളിൽ റിയാസിനെതിരെ പടയൊരുക്കം നടത്തുന്നുമുണ്ട്.
വീക്ക്ലി ടാസ്കിനിടെ ബ്ലെസ്ലി ചോദിച്ച ചോദ്യത്തിന് റിയാസ് നൽകിയ ക്ലാരിറ്റിയുള്ള ഉത്തരം ഏറെ വൈറലായിരുന്നു. LGBTQ എന്താണ് എന്നായിരുന്നു ബ്ലെസ്ലിയുടെ ചോദ്യം.
“എല്‍.ജി.ബി.റ്റി.ക്യൂ.ഐ.എ+ കമ്മ്യൂണിറ്റി എന്നാല്‍ പല തരം ലൈംഗികതയുള്ള ആളുകൾ ഉള്‍പെടുന്ന കമ്മ്യൂണിറ്റിയാണ്, ഇതില്‍ ‘എല്‍’ എന്നാല്‍ ലെസ്ബിയന്‍, സ്ത്രീകള്‍ക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം തോന്നുന്നത്. ‘ജി’ എന്നാല്‍ ഗേ എന്നാണ് പുരുഷന് പുരുഷനോട് ശാരിരകമായും മാനസികമായും പ്രണയം തോന്നുന്നത്. ‘ബി’ എന്നാല്‍ സ്ത്രീക്ക് സ്ത്രീയോടും, പുരുഷനോടും, പുരുഷന് സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നുന്നത്. ‘ക്യൂ’ എന്നാല്‍ ക്യൂയിര് മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹം ഇല്ലാത്തവരോ, അല്ലെങ്കില്‍ ഇതില്‍ വരുന്ന എല്ലാവരെയും ചേര്‍ത്ത് പറയാന്‍ ഉപയോഗിക്കുന്ന പദമാണ്. ‘ഐ’ എന്നാല്‍ ഇന്റര്‍ സെക്സ് രണ്ട് ലൈംഗികത ഒരുമിച്ച് വരുന്ന ആളുകളെ പറയുന്നതാണ്. ജനിക്കുമ്പോള്‍ ഒരു ജെൻഡറിന്റെ ഫിസിക്കാലിറ്റി മാത്രമല്ലാതെ ചില എക്സ്ട്രാ അവയവങ്ങളോ ചില അവയവങ്ങളില്‍ കുറവോ, കുറവ് എന്നാല്‍ അതിന്റെ വലിപ്പത്തിലുള്ള കുറവോ, അല്ലെങ്കിൽ രണ്ട് ഫിസിക്കാലിറ്റി ഒരുമിച്ച് വരുന്നതിനെയാണ് ഇന്റര്‍ സെക്സ് എന്ന് പറയുന്നത്. ‘എ’ എന്നാൽ അസെക്ഷ്വൽ ആയവർ, അതായത് ഒരു ജെൻഡറിലുള്ള മനുഷ്യരോടും ഒരു തരത്തിലുള്ള ലൈംഗികതയും തോന്നാത്തവർ. പിന്നെ ‘പ്ലസ്’ ഉണ്ട്, ഇതൊന്നും അല്ലാതെ വേറെയും കുറെ സെക്ഷ്വലിറ്റികളുണ്ട്. ജെൻഡർ നോക്കാതെ ബുദ്ധിയുള്ളവരോട് മാത്രം പ്രണയം തോന്നുന്നവരെ ഡെമി സെക്ഷ്വൽ എന്ന് പറയും. ജെൻഡർ നോക്കാതെ എല്ലാവരോടും പ്രണയം തോന്നുവരെ പാൻസെക്ഷ്വൽ എന്ന് പറയും. ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര ജെൻഡറും സെക്ഷ്വലിറ്റികളുമുണ്ട്,” എന്നായിരുന്നു റിയാസ് മറുപടി പറഞ്ഞത്. റിയാസിന്റെ ഈ മറുപടി ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകർ അല്ലാത്തവർ പോലും ഏറ്റെടുക്കുകയും വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, റിയാസിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്. “മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ ‘ന്യൂ നോർമൽ’ എന്ന ടൈറ്റിൽ അന്വർഥമാക്കുന്ന മത്സരാർത്ഥി,” എന്നാണ് ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിൽ വൈറലാവുന്ന കുറിപ്പിൽ റിയാസിനെ വിശേഷിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
കാത്തിരിക്കുകയായിരുന്നു, ‘ന്യൂ നോർമൽ’ എന്ന് മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ ആ യഥാർത്ഥ മത്സരാർത്ഥി ആരാണെന്ന്. അതെ, റിയാസാണ് താരം! എപ്പിസോഡുകളിലും പിആർ വർക്ക് ചെയ്യുന്ന പെയ്ഡ് ഏജൻസികളുടെ ഓൺലൈൻ പ്രൊപ്പഗാണ്ടകളിലും നിറഞ്ഞാടുന്ന റോബിന്മാരുടെ ആക്രമോത്സുകതയും പുരുഷാധികാരവും ലക്ഷിമാരുടെ ‘കുലസ്ത്രീ’ മാനസികാവസ്ഥയുമെല്ലാം എങ്ങനെയാണ് ‘ന്യൂ നോർമൽ’ ആവുക എന്ന് സംശയിച്ചിരുന്ന പ്രേക്ഷകർക്ക് റിയാസിന്റെ ശബ്ദശകലങ്ങൾ ആവേശം പകരുന്നു.
‘ടോക്സിക്ക് മസ്കുലിനിറ്റിയുടെ’ ആരാധകർ കേരളത്തിൽ ഏറെയുണ്ട്. അവർ അവരുടെ പുരുഷത്വത്തെയാണ് ലോകത്തേറ്റവും വലിയ സംഭവമായി കാണുന്നത്. അവരാണ്, അവരെ പ്രണയിക്കാത്ത പെൺകുട്ടിയുടെ മുഖത്തു ആസിഡൊഴിക്കുന്നത്. അവർ ജയിക്കാൻ വന്നവരാണ്. എന്തും ചെയ്തും, കളിച്ചും, പറഞ്ഞും വിജയിക്കുമെന്ന് അവർ അട്ടഹസിച്ചുകൊണ്ടേയിരിക്കും. അവർക്ക് ജയിക്കാനായി തോറ്റുകൊടുക്കേണ്ടവരാണ് ബാക്കിയുള്ളവർ എന്നാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്.
ബ്ലസ്സ്ലിയുടെ LGBTQ എന്താണെന്ന ചോദ്യത്തിന് റിയാസ് നൽകുന്ന ഉത്തരം ഒന്ന് മതി, മോഹൻലാൽ വിശേഷിപ്പിക്കുന്ന നാലാം സീസണിലെ ‘ന്യൂ നോർമൽ’ എന്ന ടൈറ്റിൽ അന്വർഥമാവാൻ! മലയാളി സമൂഹത്തിന് പുതിയ ജെൻഡർ പാഠങ്ങൾ നൽകാനായതിൽ റിയാസിനും ഏഷ്യാനെറ്റിനും ബിഗ്ബോസിനും അഭിമാനിക്കാം. റിയാസ് ഇനിയും സംസാരിക്കട്ടെ. ബിഗ്ബോസിന് കൂടുതൽ ഉയരത്തിലെത്താൻ കഴിയട്ടെ!