Bigg Boss Malayalam Season 4: ബിഗ്ഗ് ബോസിന്റെ നാലാം സീസൺ മാർച്ച് 27 മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കുകയാണ്. പുതിയ സീസണിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന മുതൽ സീസണിൽ ആരൊക്കെയാകും മത്സരാർത്ഥികളാവുക എന്തൊക്കെ മാറ്റങ്ങളാകും കാണാനാവുക എന്നുള്ള ചർച്ചകൾ എല്ലാം സജീവമാണ്. അതിനിടയിലാണ് ഇത്തവണ ബിഗ് ബോസ് 24 മണിക്കൂറും ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യും എന്ന അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പുറത്തുവരുന്നത്.
ബിഗ് ബോസ് മല്ലു ടോൾക്സ് എന്ന യൂട്യൂബ് ചാനലിലൂടെ രേവതിയാണ് ഇക്കാര്യം പറഞ്ഞത്. ബിഗ് ബോസ് വീട്ടിലെ സംഭവങ്ങൾ 24*7 പ്രേക്ഷകർക്ക് ഹോട്ട്സ്റ്ററിലൂടെ കാണാൻ കഴിയുമെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഇല്ലെങ്കിലും ഈ വിവരമടങ്ങിയ ഫ്ലെക്സുകൾ കേരളത്തിൽ പലയിടത്തും കണ്ടതായി വിഡിയോയിൽ പറയുന്നു.
സാധാരണ പ്രധാന സംഭവങ്ങൾ എല്ലാമായി ഒരു മണിക്കൂർ ആണ് ദിവസേന ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. അര മണിക്കൂറിന്റെ ബിഗ് ബോസ് പ്ലസ് എന്ന ഒരു എപിസോഡും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ഇതോടൊപ്പം ഹോട്ട്സ്റ്റാറിൽ മുഴുവൻ സമയ ലൈവും നൽകുമെന്നാണ് പറയപ്പെടുന്നത്. ഹിന്ദിയിൽ നിലവിൽ ഈ സംവിധാനം ഉണ്ട്. ഇത് മലയാളത്തിലും വരുമെന്നാണ് പറയപ്പെടുന്നത്. എന്തായാലും സംഭവം സത്യമാണോയെന്നറിയാൻ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണം.
മാർച്ച് 27 മുതൽ തിങ്കൾ – വെള്ളിവരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക.