Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ആഘോഷ ആരവങ്ങളുടെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി നാലു ദിനങ്ങളുടെ കാത്തിരിപ്പ്. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ബിഗ് ബോസ് സീസൺ നാലിന്റെ ഗ്രാൻഡ് ഫിനാലെ സംപ്രേഷണം ചെയ്യുക. ആരാവും ഈ സീസണിലെ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
ആരാവും ഫൈനലിലെത്തുന്ന അഞ്ചുപേർ?
റിയാസ് സലിം, ദിൽഷ പ്രസന്നൻ, ലക്ഷ്മി പ്രിയ, ധന്യ മേരി വർഗീസ്, സൂരജ് തേലക്കാട്, ബ്ലെസ്ലി എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് വീടിനകത്ത് ഉള്ളത്. 20 മത്സരാർത്ഥികൾ ഉണ്ടായിരുന്ന ഷോയിൽ നിന്നും പലഘട്ടങ്ങളിലായി 14 പേർ പടിയിറങ്ങി. ഫിനാലെയ്ക്ക് മുൻപെ ഒരാൾ കൂടി വരുംദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങും. വോട്ടിംഗിൽ ഇപ്പോൾ ഏറ്റവും പിറകിലുള്ള വ്യക്തിയാവും മിക്കവാറും ഷോയിൽ നിന്നു പുറത്തുപോവുക, അതോ വോളന്റർലി എക്സിറ്റ് വഴിയാണോ ആറാമത്തെ മത്സരാർത്ഥിയെ എവിക്റ്റ് ചെയ്യുക എന്നൊന്നും ഇപ്പോഴും വ്യക്തമല്ല. ബിഗ് ബോസ് ഓഫർ ചെയ്യുന്ന വലിയൊരു തുക സ്വീകരിച്ച് സ്വന്തം ഇഷ്ടപ്രകാരം ഷോ വിട്ട് പോവാനുള്ള അവസരമാണ് വോളന്റർലി എക്സിറ്റ് മത്സരാർത്ഥികൾക്ക് നൽകുക.
റിയാസ് സലിം, ദിൽഷ പ്രസന്നൻ, ലക്ഷ്മി പ്രിയ, ധന്യ മേരി വർഗീസ്, ബ്ലെസ്ലി എന്നിവർ ഫൈനൽ ഫൈവിലുണ്ടാവുമെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. സൂരജ് മിഡ് വീക്ക് എവിക്ഷനിൽ പുറത്തുപോവുമെന്നും ബിഗ് ബോസ് പ്രേക്ഷകർ വിലയിരുത്തുന്നു.
മുൻമത്സരാർത്ഥികൾ ഒരിക്കൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക്
ഷോയിൽ നിന്നും പുറത്തുപോയ 14 മത്സരാർത്ഥികളും ഫിനാലെയിൽ പങ്കെടുക്കാനായി മുംബൈയിൽ എത്തിയിട്ടുണ്ട്. ഫിനാലെ പരിപാടികൾക്കു വേണ്ടിയുള്ള റിഹേഴ്സലിലാണ് മത്സരാർത്ഥികളെല്ലാം. ഈ മത്സരാർത്ഥികൾക്ക് ഒരിക്കൽ കൂടി ബിഗ് ബോസ് ഹൗസ് സന്ദർശിക്കാനുള്ള അവസരം ബിഗ് ബോസ് നൽകാനുള്ള സാധ്യതകളുമേറെയാണ്. അങ്ങനെയെങ്കിൽ, ഹൗസിൽ നിന്നും പടിയിറങ്ങിയവരെല്ലാം വീടിനകത്ത് തിരിച്ചെത്തുമ്പോൾ വീടിനകത്ത് ശേഷിക്കുന്നവർക്ക് അതൊരു സർപ്രൈസ് വിസിറ്റ് തന്നെയാവും.
വോട്ടിംഗ് പുരോഗമിക്കുമ്പോൾ
നിലവിൽ വോട്ടിംഗ് പുരോഗമിക്കുമ്പോൾ ബ്ലെസ്ലി, റിയാസ്, ദിൽഷ പ്രസന്നൻ എന്നിവരാണ് വോട്ടിംഗ് നിലയിൽ മുൻപന്തിയിൽ ഉള്ളത്. കടുത്ത മത്സരമാണ് ഈ മൂന്നു മത്സരാർത്ഥികളും തമ്മിൽ നടക്കുന്നത്. സമൂഹമാധ്യമങ്ങളിലും മൂവർക്കും നല്ല ഫാൻ ബെയ്സ് ഉണ്ട്. ആരാവും വിജയി എന്നു പ്രവചിക്കാനാവാത്ത രീതിയിൽ വോട്ടിംഗ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
വിജയിയെ തീരുമാനിക്കുന്നത് എങ്ങനെ?
പ്രേക്ഷകരുടെ വോട്ടുകളാണ് ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. പ്രേക്ഷകരുടെ വോട്ടുകൾ ഒരു വിദഗ്ധസമിതി വിലയിരുത്തിയതിനു ശേഷമാവും വിജയി ആരെന്ന് പ്രഖ്യാപിക്കുക. ഹോട്ട്സ്റ്റാർ വോട്ടിംഗിൽ ഒരാൾക്ക് ഒരുദിവസം 50 വോട്ടുകൾ വരെ ഇഷ്ടമത്സരാർത്ഥിയ്ക്കായി നൽകാം. ജൂലൈ മൂന്നു വരെയാണ് പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താനാവുക.
ഗ്രാൻഡ് ഫിനാലെ
ജൂലൈ 3 ഞായറാഴ്ച രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിലും ഹോട്ട്സ്റ്റാറിലുമായി ഫിനാലെ നൈറ്റ് കാണാം. ഏഷ്യാനെറ്റ് നൽകുന്ന 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുക.