Bigg Boss Malayalam Season 4: ബിഗ് ബോസ് ഹൗസിലെ മൂന്നാമത്തെ നോമിനേഷൻ പ്രക്രിയ പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചകളിൽ നോമിനേഷനിൽ വന്ന പലരും ഇത്തവണത്തെ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാന രക്ഷപ്പെടൽ ഡോ. റോബിന്റേതാണ്.
കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്ത റോബിനെ ഇത്തവണ ആകെ അഖിൽ മാത്രമാണ് നോമിനേറ്റ് ചെയ്തത്. സ്വയം ഒറ്റപ്പെടുന്നു എന്ന് കാണിക്കാൻ ശ്രമിക്കുന്നു എന്ന കാരണം കൊണ്ടാണ് അഖിൽ റോബിനെ നോമിനേറ്റ് ചെയ്തത്. എന്നാൽ മറ്റാരും തന്നെ റോബിനെ നോമിനേറ്റ് ചെയ്‌തില്ല.
കളിയിൽ റോബിൻ വരുത്തിയ മാറ്റങ്ങൾ തന്നെയാണ് റോബിനെ രക്ഷിച്ചത് എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ ആഴ്ചയിൽ അവസാന ദിവസങ്ങളിൽ റോബിൻ തന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറ്റം കൊണ്ടുവന്നിരുന്നു. സഹമത്സരാർത്ഥികളെ ഈ മാറ്റം സ്വാധീനിച്ചു എന്ന് വേണം കരുതാൻ.
അതേസമയം, ലക്ഷ്‌മി പ്രിയയെ ആണ് ഇത്തവണ ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ ശാലിനിയുമായുണ്ടായ പ്രശ്‌നവും അതിനെ തുടർന്നുണ്ടായ ചർച്ചകളുമാണ് ലക്ഷ്‌മി പ്രിയയെ കൂടുതൽ പേർ നോമിനേറ്റ് ചെയ്യാൻ കാരണമായത്. മറ്റാരെയും കൊണ്ടും ഒന്നും ചെയ്യിക്കാതെ ബോസ് കളിക്കുന്ന ലക്ഷ്‌മി അവിടെ ചോദ്യങ്ങൾ നേരിട്ടിരുന്നു. ഡേയ്‌സിയും ജാസ്മിനുമാണ് വീണ്ടും നോമിനേഷനിൽ എത്തിയ മറ്റു രണ്ടുപേർ. ടാസ്കിലും മറ്റു ജോലികളിലും കാണിക്കുന്ന അലസതയാണ് ഇവരെ നോമിനേഷനിൽ എത്തിച്ചത്.
ശാലിനിയാണ് പിന്നീട് നോമിനേഷനിൽ വന്ന മത്സരാർത്ഥി. ലക്ഷ്മി പ്രിയയും സുചിത്രയും ഉൾപ്പെടെ അഞ്ച് പേരാണ് ശാലിനിയെ നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച നോമിനേഷനിൽ വന്ന അശ്വിൻ ഇത്തവണയും ഉണ്ട്.
ക്യാപ്റ്റനായതിനാൽ കഴിഞ്ഞ തവണ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ട നവീനും പിന്നെ അഖിലുമാണ് പുതുതായി നോമിനേഷനിൽ എത്തിയവർ. ‘ഫേക്ക് പേഴ്സണാലിറ്റി’ എന്ന ആരോപണമാണ് സുചിത്ര നവീന് നേരെ ഉയർത്തിയത്. ഒരു വോട്ട് മാത്രം ലഭിച്ചിരുന്ന അഖിലിനെ ക്യാപ്റ്റന്റെ വിശിഷ്ഠ അധികാരം ഉപയോഗിച്ച് ദിൽഷയാണ് നോമിനേറ്റ് ചെയ്തത്. അഖിൽ സേഫ് പ്ലേ കളിക്കുന്നു എന്നതായിരുന്നു ക്യാപ്റ്റന്റെ വിമർശനം.
റോബിനൊപ്പം, സുചിത്ര, ബ്ലെസ്ലി,അപർണ, റൊൺസൺ, ധന്യ, സൂരജ് എന്നിവരും ഇത്തവണ സുരക്ഷിതരാണ്. അതേസമയം, നോമിനേഷൻ പ്രക്രിയയും എല്ലാ സംഭവങ്ങളും കണ്ട് സീക്രട്ട് റൂമിൽ നിമിഷ സീക്രട്ട് റൂമിൽ തന്നെയുണ്ട്. കൺഫെഷൻ റൂമിൽ ഓരോരുത്തരും പറഞ്ഞ കാര്യങ്ങൾ കേട്ട നിമിഷ വീട്ടിലേക്ക് മടങ്ങി എത്തുമ്പോൾ സ്വീകരിക്കുന്ന സ്ട്രാറ്റജി എന്താകുമെന്ന് കണ്ടറിയണം.
അതേസമയം, വിഷുവും ഈസ്റ്ററും ആയതിനാൽ ഈ ആഴ്ച എവിക്ഷൻ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പകരം ഈ നോമിനേഷൻ അതിന്റെ അടുത്ത ആഴ്ചയാകും പരിഗണിക്കുക എന്നാണ് വിവരം.