Bigg Boss Malayalam 4: ബിഗ് ബോസ് മലയാളം സീസണിലെ വീക്ക്‌ലി എപ്പിസോഡിൽ കഴിഞ്ഞ ആഴ്ച മോഹൻലാൽ എത്തിയപ്പോൾ റോൺസൺ ഡിസൈൻ ചെയ്ത ടീഷർട്ടുകളെ കുറിച്ചും സംസാരമുണ്ടായിരുന്നു. ഒരാഴ്ചയോളം വൈകിയിട്ടും റോൺസണിന്റെ ടീഷർട്ടുകൾ ബിഗ് ബോസ് ടീം റോൺസണ് നൽകിയിരുന്നില്ല. ഇതിനെ കുറിച്ച് മോഹൻലാലിനോട് സൂചിപ്പിച്ച റോൺസണിനോട് പ്രത്യേക ഡിസൈനുകളും അടിക്കുറിപ്പുകളുമുള്ള ആ ടീഷർട്ടുകൾ വീടിനകത്ത് അനുവദിക്കാനാകുമോ എന്ന് കാര്യം ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് മോഹൻലാൽ മറുപടി നൽകിയത്. രണ്ട് ടീ ഷർട്ടുകൾ മോഹൻലാൽ റോൺസന് നൽകുകയും ബാക്കിയുള്ളവ ഉടനെയെത്തിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
രസകരമായ അടിക്കുറിപ്പുകളാണ് പല ടീഷർട്ടുകളിലുമുള്ളത്. എന്റെ കഞ്ഞിയിൽ പാറ്റ ഇടരുത്, നോ പണി, നോ മണി, ഓൺലി എട്ടിന്റെ പണി, ഞാനൊരു ഭക്ഷണപ്രിയനാണ്, ദൂരം പാലിക്കൂ എന്നിങ്ങനെ പോവുന്നു ടീഷർട്ടിലെ വാക്യങ്ങൾ.
മിനിസ്ക്രീനിലെ ശ്രദ്ധേയ മുഖമാണ് റോൺസൺ വിൻസെന്റ്. സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. റോബി വിൻസെന്റ്, സാബു സിറിൽ എന്നു തുടങ്ങി നിരവധി സെലിബ്രിറ്റികളുള്ള വീട്ടിൽ നിന്നാണ് റോൺസന്റെ വരവെങ്കിലും വളരെ അപ്രതീക്ഷിതമായി അഭിനയരംഗത്ത് എത്തിയ നടനാണ് റോൺസൺ.
തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് മിനിസ്‌ക്രീനിലേക്കുള്ള റോൺസന്റെ അരങ്ങേറ്റം. ഭാര്യ, സീത, അനുരാഗം, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നു തുടങ്ങിയ സീരിയലുകളാണ് റോൺസനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. നായക കഥാപാത്രത്തിനൊപ്പം ധാരാളം സീരിയലുകളിൽ വില്ലനായും റോൺസൺ അഭിനയിച്ചിട്ടുണ്ട്.
അഭിനയം, മോഡലിംഗ് എന്നീ മേഖലകൾക്കു പുറമെ ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട്ട്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിലും തൽപ്പരനാണ് റോൺസൺ. ‘മുമ്പേ പറക്കുന്ന പക്ഷികള്‍’, ‘മഞ്ഞുകാലവും കഴിഞ്ഞ്’ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയെയാണ് റോണ്‍സണ്‍ വിവാഹം ചെയ്‍തത്. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് നീരജ ഇപ്പോൾ. 2020 ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം.