Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിലെ മത്സരങ്ങൾക്ക് കടുപ്പമേറുന്നതിനൊപ്പം തന്നെ മത്സരാർത്ഥികളുടെ അതിജീവനവും ബുദ്ധിമുട്ടേറിയതായി മാറുകയാണ്. നോമിനേഷൻ മുതൽ അങ്ങോട്ട് കടുത്ത പരീക്ഷണത്തിലൂടെയാണ് ഓരോ മത്സരാർത്ഥിയും കടന്നു പോവുന്നത്. രണ്ടു മത്സരാർത്ഥികളെ വീതം തിരഞ്ഞെടുത്ത്, അവർ തമ്മിൽ സംസാരിച്ച് തീരുമാനത്തിലേക്ക് എത്തി നോമിനേഷനിൽ വരുന്നത് ആരെന്നു തീരുമാനിക്കുക എന്നതായിരുന്നു ബിഗ് ബോസിന്റെ ടാസ്ക്. ലക്ഷ്മിപ്രിയ- ദിൽഷ, റിയാസ്- സൂരജ്, അഖിൽ- ബ്ലെസ്ലി, റോൺസൺ- വിനയ് എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി മത്സരാർത്ഥികളെ തിരിച്ചതിനു ശേഷമായിരുന്നു നോമിനേഷൻ. ഇതിൽ ലക്ഷ്മിപ്രിയയും ദിൽഷയും മാത്രമാണ് സൗഹാർദ്ദപരമായ രീതിയിൽ ചർച്ച മുന്നോട്ട് കൊണ്ടുപോയത്. ദിൽഷയ്ക്കായി ലക്ഷ്മിപ്രിയ തന്റെ അവസരം ഒഴിഞ്ഞു നൽകാൻ തയ്യാറായി, അതോടെ ദിൽഷ സേഫ് ആവുകയും ലക്ഷ്മിപ്രിയ നോമിനേഷനിൽ വരികയും ചെയ്തു.
എന്നാൽ മറ്റു മൂന്നു ടീമുകളും പരസ്പരം വിട്ടുകൊടുക്കാൻ തയ്യാറാവാതെ വാശിയോടെ തർക്കിക്കുന്നതാണ് പ്രേക്ഷകർ കണ്ടത്. നിശ്ചിത സമയത്തിനകത്ത് തീരുമാനത്തിലെത്താനും ഒരാളെ തിരഞ്ഞെടുക്കാനും കഴിയാത്തതിനാൽ ആറുപേരും നേരെ നോമിനേഷൻ ലിസ്റ്റിൽ വരികയും ചെയ്തു.
കൺഫെഷൻ റൂമിൽ നടന്ന വിനയുമായുള്ള സംവാദത്തിനിടയിൽ റോൺസൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പല പ്രശ്നങ്ങളിലും ഇടപെടാതെ റോൺസൺ കൂളായി നിൽക്കുന്നതിനെ സഹമത്സരാർത്ഥികളിൽ പലരും വിമർശിച്ചിരുന്നു. റോൺസൻ സേഫ് ഗെയിം കളിക്കുകയാണെന്നാണ് സഹമത്സരാർത്ഥികളുടെ പ്രധാന വിമർശനം. ടാസ്കുകളിലും വീട്ടിലെ മറ്റു ജോലികളിലുമെല്ലാം സജീവമായി ഇടപെടുകയും നല്ല എന്റർടെയിനറായി നിൽക്കുകയും ചെയ്യുന്ന ഒരാളാണ് റോൺസൻ. എന്നാൽ ഒരിക്കൽ പോലും ആരോടെങ്കിലും ശബ്ദമുയർത്തി സംസാരിക്കാൻ റോൺസൻ തയ്യാറാവാത്തതിനെ ഭീരുത്വമെന്ന രീതിയിലാണ് മത്സരാർത്ഥികളിൽ പലരും വിമർശിക്കുന്നത്.
നോമിനേഷനിടെ, വിനയും ഇക്കാര്യം എടുത്തു പറഞ്ഞപ്പോൾ “എന്റെ രൂപം കണ്ടു ഞാൻ എല്ലാത്തിനും പൊട്ടിത്തെറിക്കുന്ന ആളാണെന്നു നിങ്ങൾക്ക് തോന്നിയാൽ ഞാനെന്തു ചെയ്യാനാ? കടലിലെ എറ്റവും വലിയ ജീവിയാണ് തിമിംഗലം, പക്ഷേ അത് സസ്യഭുക്കാണ്,” എന്നായിരുന്നു റോൺസന്റെ പ്രതികരണം.