scorecardresearch
Latest News

Bigg Boss Malayalam Season 4: എനിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; മനസ്സു തുറന്ന് റോൺസൺ

മത്സരാർത്ഥികൾ തങ്ങളുടെ ജീവിതകഥ പറയുന്ന ‘സെൽഫി’ എന്ന ടാസ്കിനിടെയാണ് റോൺസൺ ഈ അനുഭവം തുറന്നു പറഞ്ഞത്

Bigg Boss Malayalam Season 4: എനിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; മനസ്സു തുറന്ന് റോൺസൺ

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാർഥികളിൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിരിതമായ മുഖമാണ് റോൺസൺ. സിനിമാപരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അപ്രതീക്ഷിതമായി അഭിനയരംഗത്ത് എത്തിയ റോൺസൺ, തന്റെ മോഡലിങ് കാലഘട്ടത്തിൽ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ബിഗ് ബോസ് ഷോയിൽ.

ബാംഗ്ലൂരിൽ മോഡലിംഗ് ചെയ്യുന്ന സമയത്ത് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് റോൺസൺ പറയുന്നത്. പലരും അത്തരം സമീപനങ്ങൾ നടത്താൻ തുടങ്ങിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാൻ തോന്നിയെന്നും അങ്ങനെയാണ് സിനിമയിലേക്കും സീരിയലുകളിലേക്കും എത്തിയതെന്നും റോൺസൺ. ബിഗ് ബോസ് ഷോയ്ക്കിടയിൽ മത്സരാർത്ഥികൾ തങ്ങളുടെ ജീവിതകഥ പറയുന്ന ‘സെൽഫി’ എന്ന ടാസ്കിനിടെയാണ് റോൺസൺ ഈ അനുഭവം തുറന്നു പറഞ്ഞത്.

മോഡലിങ്, സിനിമ മേഖലകളിൽ പലപ്പോഴും കേട്ട് വരുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല നടിമാരും മോഡലുകളും തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞ് രംഗത്തെത്തിയത് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വരുന്നുണ്ടെന്ന സത്യം വെളിപ്പെടുത്തുകയാണ് റോൺസൺ. തന്നെക്കുറിച്ചും താൻ കടന്നു വന്ന വഴികളെ കുറിച്ചും സംസാരിക്കുന്നതിനിടയിൽ പറഞ്ഞു പോവുകയായിരുന്നു ഇതും.

തന്റെ സിനിമാപാരമ്പര്യമുള്ള കുടുംബത്തെ കുറിച്ചും അപ്രതീക്ഷിതമായി അഭിനയരംഗത്ത് എത്തിയതിനെ കുറിച്ചും റോൺസൺ പറഞ്ഞിരുന്നു. സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. റോബി വിൻസെന്റ്, സാബു സിറിൽ എന്നു തുടങ്ങി നിരവധി സെലിബ്രിറ്റികളുള്ള വീട്ടിൽ നിന്നാണ് റോൺസന്റെ വരവ്.

നിരവധി സീരിയലുകളിലും തെലുങ്ക് സിനിമയിലും ഏതാനും മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കരിയറിൽ വേണ്ടത്ര വിജയിക്കാൻ തനിക്കായില്ലെന്നും ഇന്നുവരെ വീട്ടിൽ നിന്ന് ഒരുവിധത്തിലുമുള്ള അഭിനന്ദനവും ലഭിച്ചില്ലെന്നും റോൺസൺ പറയുന്നു. കുടുംബത്തിന്റെ സിനിമാപാരമ്പര്യം തന്റെ തലയ്ക്ക് മുകളിൽ ബാധ്യതയായി നിൽക്കുന്നുവെന്നും കരിയറിൽ ബ്രേക്ക് ആവുന്ന ഒരു കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും റോൺസൺ പറയുന്നു.

ആദ്യം ഐടി മേഖലയിൽ ആയിരുന്ന താൻ ഒരുപാട് ഭക്ഷണം കഴിച്ച് കൊളസ്‌ട്രോൾ പോലുള്ള അസുഖങ്ങൾ വന്നപ്പോൾ ജോലി നിർത്തിക്കോളൂ, നീ അധ്വാനിച്ച് ഇവിടെ ഒന്നും കൊണ്ടുവരേണ്ട എന്ന് അച്ഛൻ പറഞ്ഞത് കൊണ്ട് ജോലി വേണ്ടന്ന് വച്ച് ശരീരം നന്നാക്കാൻ ഇറങ്ങിയതാണ് താനെന്ന് റോൺസൺ പറഞ്ഞു. പലപ്പോഴും തന്നെ കൊണ്ട് പറ്റുന്ന പണിയല്ലെന്ന് വീട്ടിൽ പറഞ്ഞിരുന്നുവെന്നും അതിൽ നിന്നുണ്ടായ വാശിയാണ് ഇവിടെ വരെ എത്തിച്ചതെന്നും റോൺസൺ പറയുന്നുണ്ട്.

സിനിമയിൽ തന്റെ ആഗ്രഹവും റോൺസൺ പങ്കുവച്ചു. “അച്ഛനും അമ്മയ്ക്കും അഭിമാനമാവുന്ന രീതിയിലുള്ള ഒരു നടനാവണമെന്നാണ് എന്റെ ആഗ്രഹം. ഒരു സിനിമയിൽ എങ്കിലും മമ്മൂക്കയുടെ വില്ലനായി അഭിനയിക്കണമെന്നാണ് ആഗ്രഹം. മമ്മൂക്കയുടെ കാലിൽ വീണിട്ടാണേലും എന്റെ അച്ഛനമ്മമാരുടെ ആഗ്രഹം ഞാൻ നടത്തും,” റോൺസൺ പറഞ്ഞു.

തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് മിനിസ്‌ക്രീനിലേക്കുള്ള റോൺസന്റെ വരവ്. ഭാര്യ, സീത, അനുരാഗം, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നു തുടങ്ങിയ സീരിയലുകളാണ് റോൺസനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. നായക കഥാപാത്രങ്ങൾക്കൊപ്പം നിരവധി വില്ലൻ വേഷങ്ങളിലും റോൺസൺ അഭിനയിച്ചിട്ടുണ്ട്.

അഭിനയം, മോഡലിംഗ് എന്നീ മേഖലകൾക്കു പുറമെ ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട്ട്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിലും തൽപ്പരനാണ് റോൺസൺ. ‘മുമ്പേ പറക്കുന്ന പക്ഷികള്‍’, ‘മഞ്ഞുകാലവും കഴിഞ്ഞ്’ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയെയാണ് റോണ്‍സണ്‍ വിവാഹം ചെയ്‍തത്. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് നീരജ ഇപ്പോൾ. 2020 ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം.

Also Read: Bigg Boss Malayalam Season 4: ബ്രഹ്മാവ് എന്നാൽ ബ്രെയിൻ, ഗണപതി എന്ന് പറയുന്നത് മെഡുല ഒബ്ലാങ്കേറ്റ; വിചിത്ര വാദങ്ങളുമായി ബ്ലെസ്‌ലി

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 ronson vincent about casting couch