Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 30 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികൾ ഇതിനകം തന്നെ പരസ്പരം നന്നായി മനസ്സിലാക്കി കഴിഞ്ഞുവെന്ന് ഏവരുടെയും സംസാരത്തിൽ പ്രകടമാണ്. സഹമത്സരാർത്ഥികളെ കുറിച്ചുള്ള അഭിപ്രായം പറയാൻ മോഹൻലാൽ ആവശ്യപ്പെടുമ്പോഴും കൃത്യമായ നിരീക്ഷണമാണ് പലപ്പോഴും മത്സരാർത്ഥികൾ മുന്നോട്ട് വയ്ക്കുന്നത്.
ലക്ഷ്മി പ്രിയയെ കുറിച്ച് റോൺസൺ നിമിഷയോട് പറഞ്ഞ രസകരമായൊരു തഗ്ഗ് ഡയലോഗാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ജാസ്മിൻ എവിടെയെന്ന നിമിഷയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു റോൺസന്റെ രസകരമായ മറുപടി.
“കാർഗിലിൽ വെടികൊണ്ടോണ്ട് ഇരിക്കുന്നുണ്ട്,” എന്നായിരുന്നു റോൺസൺ പറഞ്ഞത്. തൊട്ടുപിന്നാലെ, ബാത്ത് റൂം ഏരിയയിൽ മാറിയിരുന്ന് ലക്ഷ്മിപ്രിയയും ജാസ്മിനും സംസാരിക്കുന്ന സീൻ കാണിക്കുകയും ചെയ്തു. ഇതാണല്ലേ റോൺസൺ പറഞ്ഞ കാർഗിൽ സീൻ എന്ന ടൈറ്റിലോടെ ട്രോളുകളിലും നിറയുകയാണ് റോൺസന്റെ ഡയലോഗ്.

ബിഗ് ബോസ് മലയാളം നാലാം സീസൺ, അഞ്ചാമത്തെ ആഴ്ചയിലേക്കു കടക്കുമ്പോൾ ജാനകി സുധീർ, ശാലിനി, അശ്വിൻ, വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ എന്നിവർ ഇതിനകം തന്നെ വീടിനോട് വിട പറഞ്ഞു കഴിഞ്ഞു. റോൺസൺ, ജാസ്മിൻ, നിമിഷ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദിൽഷ, നവീൻ, അഖിൽ, ഡെയ്സി, സൂരജ്, റോബിൻ, സുചിത്ര, ധന്യ എന്നിങ്ങനെ 13 പേരാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ളത്.
ഓരോ എവിക്ഷൻ കഴിയുന്തോറും വീടിനകത്ത് മത്സരാർത്ഥികൾ തമ്മിലുള്ള ബന്ധങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. സീരിയൽ ടീം, ഇൻഫ്ളുവൻസേഴ്സ് ടീം എന്നിങ്ങനെ ആദ്യം മുതൽ പ്രത്യക്ഷത്തിൽ കാണാമായിരുന്ന ഗ്രൂപ്പിസമൊക്കെ പിളർന്നു തുടങ്ങിയിട്ടുണ്ട്. വീടിനകത്ത് പുതിയ സൗഹൃദ്ദങ്ങൾ ഉടലെടുക്കുകയും ശക്തമാവുകയും ചെയ്യുന്നുണ്ട്.