Bigg Boss Malayalam Season 4: സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിക്കുകയും ബിഗ് ബോസ് നിയമം തെറ്റിക്കുകയും ചെയ്തതിനെ തുടർന്ന് ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വീക്ക്ലി ടാസ്കിനിടെ ഉണ്ടായ വഴക്കിനിടയിലാണ് റോബിൻ റിയാസിനെ മുഖത്തു തല്ലിയത്. ഇതിനെ തുടർന്ന് ബാഗ് പാക്ക് ചെയ്ത് വീട്ടിൽ നിന്നും പുറത്തുപോവാൻ ബിഗ് ബോസ് റോബിനോട് ആവശ്യപ്പെടുകയായിരുന്നു. ബാഗ് പാക്ക് ചെയ്ത് വച്ച് സഹമത്സരാർത്ഥികളോട് യാത്ര പറഞ്ഞ് നേരെ കൺഫെഷൻ റൂമിലേക്കാണ് റോബിൻ പോയത്. ബിഗ് ബോസ് വീടിനോടു തന്നെ ചേർന്നുള്ള കസ്റ്റഡി റൂമിലാണ് റോബിൻ ഇപ്പോഴുള്ളത്.
ബിഗ് ബോസിനോട് ഒരു സെക്കന്റ് ചാൻസ് ചോദിക്കുന്ന റോബിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഒരു ഡോക്ടർ എന്ന രീതിയിൽ ഇടുങ്ങിയ മുറിയിൽ ശ്വാസതടസം നേരിടും എന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് പുറത്തിറങ്ങിയില്ല?” എന്നായിരുന്നു ബിഗ് ബോസ് റോബിനോട് ചോദിച്ചത്.
“ഒരു ഡോക്ടർ എന്ന രീതിയിൽ എനിക്ക് അതറിയാം. പക്ഷേ നോമിനേഷനിൽ നിന്ന് ഒഴിവാക്കുന്ന ആ ലോക്കറ്റ് എനിക്ക് അത്രയും വിലപ്പെട്ടതായിരുന്നു. അതുകൊണ്ട് എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ മാക്സിമം ഞാനതിനെ ഹോൾഡ് ചെയ്തു നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ആ ടാസ്കിനെ ഞാൻ അത്രയും പ്രാധാന്യം കൊടുത്തു. ലോക്കറ്റ് മാക്സിമം എന്റെ കയ്യിൽ തന്നെ വയ്ക്കണം എന്നുണ്ടായിരുന്നു. ഒരുപക്ഷേ അവർ സ്പ്രേ ചെയ്തില്ലായിരുന്നുവെങ്കിൽ വീക്ക്ലി ടാസ്ക് തീരുന്നതിനു തൊട്ടു മുൻപ് വരെ ഞാനവിടെ ഇരുന്നേനെ, ടാപ്പ് വെള്ളം കുടിച്ചിട്ടാണെങ്കിലും അതിനകത്ത് തന്നെ ഇരിക്കാം എന്നു ഞാൻ തീരുമാനിച്ചിരുന്നു. എനിക്ക് പുറത്തേക്ക് ഇറങ്ങാൻ യാതൊരു പ്ലാനുമില്ലായിരുന്നു. ഞാനെന്റെ 100 ശതമാനം കൊടുത്താണ് എല്ലാം ചെയ്യുന്നത്. അതുകൊണ്ട് വിട്ടുകൊടുക്കാൻ പറ്റില്ല എന്നായിരുന്നു. ശ്വാസതടസം കൂടിയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്,” റോബിൻ ബിഗ് ബോസിനോട് പറഞ്ഞു.
“മാനസികമായും ശാരീരികമായും ഞാനിപ്പോൾ നല്ല ഓകെയാണ്. ആ സാഹചര്യത്തിൽ എനിക്ക് ഇമോഷണലി വിഷമം വന്നിരിക്കുമ്പോൾ അറിയാതെ റിഫ്ളക്റ്റ് ആക്ഷൻ പോലെ തല്ലിപോയതാണ്. വേണമെന്ന് വച്ച് ചെയ്തതല്ല.ആ സാഹചര്യത്തിൽ പറ്റിപോയതാണ്. പിന്നീട് റിയാസ് എന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോഴും ഞാനൊരു തരത്തിലും ദേഷ്യം കാണിക്കാതെ കൺട്രോൾ ചെയ്തു നിൽക്കുകയായിരുന്നു. എനിക്ക് ഒരു അവസരം കൂടി തരികയാണെങ്കിൽ ഞാൻ മാക്സിമം നന്നായി തന്നെ ഗെയിം കളിക്കും. ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നു,” റോബിൻ കൂട്ടിച്ചേർത്തു.