Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ മൂന്നാമത്തെ ആഴ്ച പൂർത്തിയാക്കുമ്പോൾ ഭക്ഷണകാര്യത്തെ ചൊല്ലിയാണ് വീടിനകത്ത് പ്രധാന വഴക്കുകളെല്ലാം. ബിഗ് ബോസിന്റെ റേഷൻ സംവിധാനം മത്സരാർത്ഥികളെ നല്ല രീതിയിൽ വലക്കുന്നുണ്ട്. ഒപ്പം അച്ചടക്ക നടപടിയുടെ ഭാഗമായി ലക്ഷ്വറി പോയിന്റിൽ നിന്നും നല്ലൊരു പങ്ക് ബിഗ് ബോസ് വെട്ടിക്കുറയ്ക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ബിഗ് ബോസ് വീടിന്റെ പുതിയ ക്യാപ്റ്റനായി ദിൽഷ ചുമതലയേറ്റത്. അടുക്കളപ്രശ്നങ്ങൾ പരിഹരിച്ചിട്ട് ദിൽഷയ്ക്ക് മറ്റൊന്നിനും സമയമില്ലെന്ന മട്ടാണ് ഇപ്പോൾ. ആദ്യദിവസം ശാലിനിയുടെ കരച്ചിലോടെയാണ് വഴക്ക് ആരംഭിച്ചത്. ജോലി തീരാത്തതിൽ സങ്കടപ്പെട്ട് ശാലിനി കരയുന്നു എന്ന രീതിയിൽ ലക്ഷ്മിപ്രിയയാണ് ദിൽഷയെ വിവരം അറിയിച്ചത്. തുടർന്ന് നടന്ന ചർച്ചകൾ വഴക്കിലാണ് അവസാനിച്ചത്.
രണ്ടാം ദിവസവും വഴക്കിന് തിരികൊളുത്തിയത് ലക്ഷ്മിപ്രിയ തന്നെയാണ്. വൈകിട്ട് ടാസ്കുകള് കഴിഞ്ഞ ശേഷം ലക്ഷ്മി പ്രിയ അടുക്കളയില്‍ കയറി ഭക്ഷണമുണ്ടാക്കി തനിക്കിഷ്ടമുള്ളവർക്ക് മാത്രം നൽകിയതാണ് പ്രശ്നമായത്. പ്രശ്നം വഷളായപ്പോൾ എല്ലാവര്‍ക്കുമായി പങ്കുവെക്കാത്തതില്‍ ലക്ഷ്മി പ്രിയ വീട്ടിലെ അംഗങ്ങളോട് മാപ്പ് ചോദിച്ചു. കുക്കിംഗ് ടീമംഗമായ ഡെയ്സി ലക്ഷ്മിപ്രിയയെ ചോദ്യം ചെയ്യുന്ന രംഗമാണ് പിന്നെ കണ്ടത്. ഭക്ഷണമുണ്ടാക്കുക എന്നത് കിച്ചൻ ടീമിന്റെ ഉത്തരവാദിത്വമാണെന്നും പിന്നെ എന്തിനാണ് ലക്ഷ്മി അതിൽ ഇടപ്പെട്ടതെന്നുമായിരുന്നു ഡെയ്സിയുടെ ചോദ്യം. ലക്ഷ്മിയ്ക്ക് വക്കാലത്തു പറഞ്ഞ് റോബിൻ എത്തിയതോടെ വഴക്ക് ഡെയ്സിയും റോബിനും തമ്മിലായി.
ആരുമില്ലാത്തത് കൊണ്ടാണ് ലക്ഷ്മി പ്രിയയെ അടുക്കളയിലേക്ക് വിളിച്ചത്, നീ കുക്കിംഗ് ടീമിലുള്ളതല്ലേ നിനക്ക് കണ്ടറിഞ്ഞ് ചെയ്യാമായിരുന്നില്ലേ എന്നൊക്കെയുള്ള റോബിന്റെ ചോദ്യം ഡെയ്സിയെ ചൊടിപ്പിച്ചു. രാവിലെ എല്ലാദിവസവും ഭക്ഷണമുണ്ടാക്കിയത് താനാണെന്ന് ഡെയ്സിയും വാദിച്ചു. വാദങ്ങളും പ്രതിവാദങ്ങളും മുറുകിയപ്പോൾ ഡെയ്സിയുടെ ഭാഷ അൽപ്പം മോശമാവുകയും, നീ അണ്ണാക്കിലാക്കിയ ചായ ഉണ്ടാക്കിയത് ഞാനാണെന്ന് ഡെയ്സി ദേഷ്യത്തോടെ റോബിനോട് പറയുകയും ചെയ്തു. വഴക്കിനിടെ റോബിനെ ഡെയ്സി സൈക്കോ എന്ന് വിളിച്ചതും വലിയ രീതിയിൽ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നുണ്ട്.